വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം; കുടുംബാംഗത്തിന് ജോലി നൽകണം -മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

കൽപറ്റ: കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം മരിച്ച നിലയിൽ കണ്ട വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യർഥിക്കുന്നു. വിശ്വനാഥന്റെ കുടുംബം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നവജാത ശിശു നീതി അർഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും നൽകണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

വയനാട് മണ്ഡലത്തിലെ ആദിവാസി യുവാവായ വിശ്വനാഥൻ തന്റെ ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നത്. ഫെബ്രുവരി 9 നാണ് വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദിച്ചതായി കുടുംബം ആരോപിക്കുന്നത്.

അന്നുതന്നെ കാണാതായ വിശ്വനാഥനെ പിന്നീട് ഫെബ്രുവരി 10ന് മെഡിക്കൽ കോളേജിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തൂങ്ങിമരണമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മോഷണക്കുറ്റം ചുമത്തിയതിന്റെ അവഹേളനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വാദം.

വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയതിൽ ഉൾപ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥൻ ആത്മഹത്യ ചെയ്താണ് എന്ന പോലീസ് റിപ്പോർട്ടിനെ അവർ തള്ളിക്കളയുന്നു. സംസ്ഥാന എസ്‌.സി/എസ്.ടി കമ്മീഷനും പോലീസ് വകുപ്പിന്റെ റിപ്പോർട്ട് തള്ളിയതായി മാധ്യമ വാർത്തകൾ കണ്ടുവെന്നും രാഹുൽ ഗാന്ധി കത്തിൽ സൂചിപ്പിച്ചു.

Tags:    
News Summary - Rahul Gandhi wrote letter to CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.