എറണാകുളം: രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യുടെ എറണാകുളം ജില്ലയിലെ പര്യടനം തുടങ്ങി. രാവിലെ കുമ്പളം ടോൽ പ്ലാസ ജങ്ഷനിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. പദയാത്ര ഉച്ചക്ക് 11ന് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളിയിൽ പ്രഭാത വിശ്രമത്തിനായി യാത്ര നിർത്തും.
തുടർന്ന് വൈകീട്ട് നാലിന് ഇടപ്പള്ളി ജങ്ഷനിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് ആലുവ തൊട്ടക്കാട്ടുകര ജങ്ഷനിൽ സമാപിക്കും. ആലുവ മണപ്പുറത്താണ് രാത്രി വിശ്രമം. യാത്രക്കിടെ ഐ.ടി മേഖലയിലെ വിദഗ്ധർ, ട്രാൻസ്ജെഡറുകൾ അടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്ന് പതിനാലാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെ 18 ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാനപാത വഴിയുമായിരിക്കും പദയാത്ര. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. വിവിധ ജില്ലകളിലൂടെ യാത്ര കടന്നു പോകുന്ന ദിവസങ്ങൾ: എറണാകുളം -21, 22. തൃശൂർ -23, 24, 25. പാലക്കാട് -26, 27. മലപ്പുറം -28, 29.
കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. മൂന്നൂറ് സ്ഥിരാംഗങ്ങൾ 150 ദിവസങ്ങളായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3571 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും.
ആലുവ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 21, 22 തീയതികളിൽ മുട്ടം മുതൽ കറുകുറ്റി വരെ കര്‍ശന ഗതാഗത നിയന്ത്രണം. കണ്ടയ്നർ ലോറി ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ നിരോധിച്ചു. പാർക്കിങും അനുവദനീയമല്ല. 21ന് ഉച്ചക്ക് 12 മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി വഴി തിരിഞ്ഞ് പോകണം.
തൃശ്ശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അങ്കമാലി കാലടി പെരുമ്പാവൂർ വഴി ഉപയോഗിക്കണം. 22ന് രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ മുട്ടം മുതൽ കറുകുറ്റി വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ ദിവസം ആലുവയിലൂടെ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ മഹിളാലയം തുരുത്ത് പാലം വഴി പോകേണ്ടതാണ്.
അങ്കമാലി ഭാഗത്ത് നിന്നും വരുന്നവർ നായത്തോടു കൂടി പോകണം. രണ്ട് ദിവസങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഉള്ളതിനാൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തിച്ചേരണം. ജോഡോ യാത്രക്ക് വരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയതിനുശേഷം ആലുവ മണപ്പുറത്ത് പാർക്ക് ചെയ്യേണ്ടതാണ്.
നെടുമ്പാശേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിനാൽ നാളെയും മറ്റന്നാളും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുന്നവർ നേരത്തെ പുറപ്പെടണമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.