ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പാർലമെന്റിന് അകത്തുംപുറത്തും കറുത്ത വസ്ത്രങ്ങളണിഞ്ഞ് നടത്തിയ പ്രതിഷേധത്തിലൂടെ സംയുക്ത പ്രതിപക്ഷം തിങ്കളാഴ്ച ‘കരിദിന’മാക്കി. പതിവായി നടക്കുന്ന സംയുക്ത പ്രതിപക്ഷ സമരത്തിൽ പങ്കെടുക്കാത്ത തൃണമൂൽ അടക്കമുള്ള പാർട്ടികളും രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുപ്പണിഞ്ഞ് വന്നതോടെ ജനാധിപത്യം സംരക്ഷിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ ഒറ്റക്കെട്ടായ നീക്കമായി മാറി.
ഇരുസഭകളിലും കറുത്ത വസ്ത്രമണിഞ്ഞ് എത്തിയ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സമാജ്വാദി പാർട്ടി, ജനതാദൾ -യു, ബി.ആര്.എസ്, സി.പി.എം, സി.പി.ഐ, ആര്.ജെ.ഡി, എൻ.സി.പി, മുസ്ലിം ലീഗ്, എം.ഡി.എം.കെ, കേരള കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ്, ശിവസേന (ഉദ്ധവ് താക്കറെ) തുടങ്ങിയ പാര്‍ട്ടികളുടെ എം.പിമാർ പാര്‍ലമെന്റ് സമുച്ചയത്തില്‍നിന്ന് വിജയ് ചൗക്കിലേക്ക് പ്ലക്കാർഡുകളും ബാനറുകളുമേന്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തി.
രാവിലെ 11 മണിക്ക് ബി.ജെ.പി എം.പിമാരുടെ ‘ജയ് ശ്രീറാം’ വിളികളുടെ അകമ്പടിയോടെ സ്പീക്കർ ഓം ബിർള ലോക്സഭയിലെത്തി ചെയറിലിരുന്നതും കറുപ്പ് വസ്ത്രധാരികളായ പ്രതിപക്ഷ എം.പിമാർ നടുത്തളത്തിലേക്ക് കുതിച്ചു. ‘ജനാധിപത്യത്തെ കൊലചെയ്യുകയാണ് താങ്കൾ’ എന്ന് വിളിച്ച് പറഞ്ഞ് ടി.എൻ. പ്രതാപൻ അടക്കമുള്ള കോൺഗ്രസ് എം.പിമാർ സ്പീക്കറുടെ പോഡിയത്തിനുനേരെ നീങ്ങി. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്ന എം.പിമാരിൽ ചിലർ സ്പീക്കർക്കുനേരെ കടലാസുകൾ കീറിയെറിഞ്ഞും പ്രതിഷേധിച്ചു. ഉടൻ തന്നെ സഭ നിർത്തിവെച്ച സ്പീക്കർ വൈകീട്ട് നാലു മണിക്ക് വീണ്ടും ചേരുമെന്നും അറിയിച്ചു.
എന്നാൽ, നാലു മണിക്ക് ലോക്സഭ വീണ്ടും ചേർന്നപ്പോൾ ചെയറിലെത്തിയ ബി.ജെ.പി അംഗം രമാ ദേവി, രാഹുൽ വിഷയത്തിലടക്കം നൽകിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസുകൾ തള്ളിയെന്നു പറഞ്ഞു. തുടർന്ന് സഭാരേഖകൾ മേശപ്പുറത്തുവെക്കാൻ എം.പിമാരെ വിളിച്ചപ്പോൾ പ്രതിപക്ഷ എം.പിമാർ അവരുടെ മൈക്കിന് മുന്നിൽനിന്ന് മോദിക്കും അദാനിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. ‘ജനാധിപത്യം അപകടത്തിൽ’ ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്നീ പ്ലക്കാർഡുകൾ ഉയർത്തി ചെയറിന്റെയും അംഗങ്ങളുടെയും മുഖങ്ങൾ മറച്ചുപിടിക്കുകയും ചെയ്തു. രാജ്യസഭയിൽ ഉച്ചക്ക് ശബ്ദവോട്ടിനിട്ട് പാസാക്കിയ ധനകാര്യ ബില്ലിലെ ഭേദഗതി പ്രതിപക്ഷ ബഹളത്തിനും മുദ്രാവാക്യം വിളിക്കുമിടയിൽ ലോക്സഭയിലും ശബ്ദവോട്ടിനിട്ട് പാസാക്കിയ രാമാദേവി ലോക്സഭ ചൊവ്വാഴ്ചത്തേക്ക് പിരിയുകയാണെന്ന് അറിയിച്ചു.
രാജ്യസഭയിൽ ചെയർമാൻ ജഗ്ദീപ് ധൻഖർ എത്തിയപ്പോൾ കറുപ്പണിഞ്ഞ പ്രതിപക്ഷ എം.പിമാരുടെ ‘മോദി - അദാനി ഭായ് ഭായ്’, ‘അദാനി ഗുലാമി ബന്ധ് കരോ’, ‘ഗലി ഗലി മേം ഷോർ ഹെ, മോദി സർക്കാർ ചോർ ഹെ’ എന്ന് അത്യുച്ചത്തിലുള്ള മുദ്രാവാക്യങ്ങളാണ് വരവേറ്റത്.
താൻ പറയുന്നതൊന്നും കേൾക്കാത്തവിധം ഉച്ചത്തിലാണ് പ്രതിപക്ഷ മുദ്രാവാക്യം എന്നു കണ്ടതോടെ രാജ്യസഭ രണ്ടു മണി വരെ നിർത്തിവെച്ച് ധൻഖർ തിരിച്ചുപോയി. പിന്നീട് രണ്ടു മണിക്ക് വന്ന് ബഹളം കണക്കിലെടുക്കാതെ ധനകാര്യ ബില്ലും ഭേദഗതിയും കശ്മീർ ബജറ്റും ചർച്ചയില്ലാതെ പാസാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.