കൽപറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ശനിയാഴ്ച കൽപറ്റയിൽ ആയിരങ്ങളെ അണിനിരത്തി യു.ഡി.എഫ് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോൺഗ്രസിന്‍റെ ദേശീയ-സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും അണിനിരന്ന റാലിയിൽ പ്രതിഷേധം ഇരമ്പി.
വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാർട്ടി നീക്കം. കൽപറ്റ കൈനാട്ടിയിലെ എം.പി ഓഫിസിലേക്ക് ശനിയാഴ്ച രാവിലെ മുതൽ യു.ഡി.എഫ് നേതാക്കളെത്തി. രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം യു.ഡി.എഫ് നേതാക്കൾ ഓഫിസ് സന്ദർശിച്ചു. പ്രവർത്തകരും രാവിലെ മുതൽ ഓഫിസ് പരിസരത്ത് തമ്പടിച്ചു. പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
വൈകീട്ട് മൂന്നിനാണ് എം.പി ഓഫിസിൽനിന്ന് കൽപറ്റ നഗരത്തിലേക്ക് പ്രതിഷേധ റാലി ആരംഭിച്ചത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 3000ത്തിലധികം പേർ അണിനിരന്നു. ഇതിനിടെ പലതവണ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളും പൊലീസും പാടുപെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ യു.ഡി.എഫ് പ്രവർത്തകർ റാലിയിൽ അണിനിരന്നു.
മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പൊലീസിനുമെതിരെ രൂക്ഷമായ മുദ്രാവാക്യം മുഴങ്ങിയ റാലി 4.30ഓടെയാണ് ചുങ്കത്തെ പൊതുയോഗ വേദിയിലെത്തിയത്. ക്രമസമാധാന പാലനത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സേനയെയാണ് വിന്യസിച്ചത്. റാലിക്കിടെ ഒരു വിഭാഗം പ്രവർത്തകർ ദേശാഭിമാനി ജില്ല ബ്യൂറോക്ക് നേരെ കല്ലെറിഞ്ഞു.
പൊതുയോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് വയനാട് ജില്ല കൺവീനർ പി.പി.എ. കരീം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, യു.ഡി.എഫ് നേതാക്കളായ പി.എം.എ. സലാം, എം.പിമാരായ കെ. മുരളീധരൻ, രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, എം.കെ. രാഘവൻ, എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, മാത്യു കുഴൽനാടൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കെ.എം. ഷാജി, കെ.എൽ. പൗലോസ് തുടങ്ങിയവർ സംബന്ധിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ എൻ.ഡി. അപ്പച്ചൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.