പേരാവൂർ (കണ്ണൂർ): രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫിസിലേക്കാണ്. ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടത്.
വിമാനത്തില്‍ 'പ്രതിഷേധം, പ്രതിഷേധം' എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ എന്ത് നടപടിയെടുത്തു. ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.