തൃക്കാക്കരയിൽ ഉമാതോമസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ സിനിമാതാരം രമേഷ് പിഷാരടി 

'മുഖ്യമന്ത്രിയെ മാൻഡ്രേക്ക് എന്ന് വിളിക്കാമോ?' -പിഷാരടിയെ പരിഹസിക്കുന്നവരോട് രാഹുൽ മാങ്കൂട്ടത്തിന്റെ ചോദ്യം

കൊച്ചി: തൃക്കാക്കരയിൽ ഉമാതോമസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ സിനിമാതാരം രമേഷ് പിഷാരടിയെ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുന്നതിനെതിരെ ​യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പിഷാരടി കാലുകുത്തിയ ഇടങ്ങളിലെല്ലാം കോൺഗ്രസ് പരാജയപ്പെട്ടുവെന്ന നരേറ്റീവ് സൃഷ്ടിച്ച് നിശബ്ദനാക്കാൻ സി.പി.എം ഗുണ്ടാപ്പട നടത്തിയ ശ്രമം വലുതായിരുന്നുവെന്നും അങ്ങനെയാണെങ്കിൽ, തൃക്കാക്കരയിൽ രണ്ടാഴ്ച കാവലിരുന്ന മുഖ്യമന്ത്രിയെ ഈ പരാജയത്തിന്റെ പേരിൽ മാൻഡ്രേക്ക് എന്ന് വിളിക്കാമോ എന്നും രാഹുൽ ചോദിച്ചു.

തൃക്കാക്കരയിലെ വിജയം പ്രതിസന്ധിയിൽ കൂടെ നിന്ന് ഈ തിരഞ്ഞെടുപ്പിലെ താരപ്രചാരകരിലൊരാളായ പിഷാരടിയുടെ കൂടി വിജയമാണ്. പിഷാരടിയോട് എതിർപ്പു​ണ്ടെങ്കിൽ, പിഷാരടിയുടെ തമാശയ്ക്ക് ചിരിക്കില്ലായെന്ന 'ചിരിവിലക്ക്' ഏർപ്പെടുത്തി വേണേൽ ഒന്നു തോല്പിക്കാൻ നോക്കൂ എന്നും രാഹുൽ പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പ്:

കലാകാരന്മാർക്ക് സി.പി.എം രാഷ്ട്രീയമൊഴികെ മറ്റെല്ലാം അയിത്തമെന്നോതുന്ന സാംസ്കാരിക മൗനിബാബമാർ ഭരിക്കുന്ന കേരളത്തിൽ ഉശിരോടെ പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും, കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കും.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പിഷാരടി പ്രചാരണത്തിനിറങ്ങി വിജയിച്ച മണ്ഡലങ്ങളെ സൗകര്യപൂർവ്വം മറന്ന്, അയാൾ കാലെടുത്ത ഇടങ്ങളിലെല്ലാം കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ഒരു നരേറ്റീവ് സൃഷ്ടിച്ച് അയാളെ നിശബ്ദനാക്കുവാൻ സി.പി.എം ഗുണ്ടാപ്പട നടത്തിയ ശ്രമം വലുതായിരുന്നു.

ആ സി.പി.എം സൈബർ ഹാൻഡിലുകളോട് ചോദിക്കാനുള്ളത്, പുതു വർഷത്തിൽ ഒന്നാം ക്ലാസിൽ ചേർത്ത കുട്ടിയുടെ കരച്ചിലടക്കാനായി സ്കൂൾ വരാന്തയിൽ കാത്തിരിക്കുന്ന രക്ഷിതാവിനെപ്പോലെ ജോ ജോസഫിന് വേണ്ടി തൃക്കാക്കരയിൽ രണ്ടാഴ്ച കാവലിരുന്ന മുഖ്യമന്ത്രിയെ ഈ പരാജയത്തിന്റെ പേരിൽ മാൻഡ്രേക്ക് എന്ന് വിളിക്കാമോ?

ഭരണം മാറിയിട്ടും അക്കാദമിയിലെ കസേര മോഹിച്ച് നിലപാട് മാറ്റാത്ത പിഷാരടിയുടെ രാഷ്ട്രീയത്തെ നിങ്ങൾ നിരന്തരം പരിഹസിച്ചേക്കാം, എന്നാൽ പിഷാരടിയും അദ്ദേഹം ഉയർത്തുന്ന രാഷ്ട്രീയവും ഒരു നാൾ വിജയം വരിക്കുമെന്നതിന്റെ തെളിവാണ് തൃക്കാക്കരയിലെ വിജയം. പ്രതിസന്ധിയിൽ കൂടെ നിന്ന് ഈ തിരഞ്ഞെടുപ്പിലെ താരപ്രചാരകരിലൊരാളായ പിഷാരടിയുടെ കൂടി വിജയമാണ്.

പിഷാരടിയുടെ തമാശയ്ക്ക് ചിരിക്കില്ലായെന്ന 'ചിരിവിലക്ക്' ഏർപ്പെടുത്തി വേണേൽ ഒന്നു തോല്പിക്കാൻ നോക്ക്...!

അഭിവാദ്യങ്ങൾ പിഷു...

Tags:    
News Summary - Rahul Mamkootathil against cpm cyber handles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.