അൻവറിന്റെ വിധിയാണ് നാളെ തങ്ങൾക്കെന്ന് ജലീലിനും റസാക്കിനും ബോധ്യമുണ്ട് -രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: അൻവർ വിമർശനത്തിന്റെ മറവിൽ സി.പി.എം ഇസ്‍ലാം വിരുദ്ധത ഒളിച്ചുകടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹു​ൽ മാങ്കൂട്ടത്തിൽ. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് രാഹു​ലിന്റെ ആരോപണം. മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണെന്നും പക്കാ ആർ.എസ്.എസുകാരനാണെന്നും അൻവർ പറഞ്ഞിരുന്നു. സി.പി.എമ്മിനുള്ളിലെ ശക്തമായ ആർ.എസ്.എസ് നേതാക്കളുടെ പട്ടികയിൽ ഇ.എൻ. മോഹൻദാസ് കൂടി ഉൾപ്പെട്ടതായി രാഹുൽ പേര് പറയാതെ സൂചിപ്പിച്ചു.

‘അൻവറിന്റെ ഇന്നത്തെ വാക്കുകൾ കേൾക്കുമ്പോൾ സി.പി.എമ്മിന്റെ മുഖം കുറേ കൂടി വ്യക്തമായി വികൃതമാകുന്നുണ്ട്. അയാളോട് അയാളുടെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു കൊണ്ട് പറയുന്നത്, മലപ്പുറം ജില്ലാ സെക്രട്ടറി പക്ക ആർ.എസ്.എസ് ആണത്രെ. ക്രിസ്തു മത സ്ഥാപനങ്ങൾക്ക് ഫണ്ട് കൊടുത്തതിനെ വരെ വിമർശിച്ചു കൊണ്ട് വിലക്കിയത്രെ. സി.പി.എമ്മിനുള്ളിലെ ശക്തമായ ആർ.എസ്.എസ് നേതാക്കളുടെ പട്ടികയിൽ ഒരാൾ കൂടി…

അൻവർ എന്ന ‘റിട്ടയർഡ് കടന്നൽ രാജയെ’ വിമർശിക്കുന്ന ‘അടിമ കടന്നലുകളുടെ’ ഭാഷ ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര കൃത്യമായാണ് അയാളെ മതവാദിയായി ദുസ്സൂചനകളോടെ ചിത്രീകരിക്കുന്നത്. മുൻപും പറഞ്ഞിട്ടുണ്ട് കേരളത്തിലെ ഏറ്റവും വലിയ മുസ്‍ലിം വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനം സി.പി.എം ആണ്. ടി.പി ചന്ദ്രശേഖരനെ വെട്ടി കൊന്നിട്ട് മാഷാഅല്ലാഹ് സ്റ്റിക്കർ പതിച്ചു ആ മതത്തെ പൊതുവിചാരണക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചത് തൊട്ട് എത്ര ഉദാഹരണങ്ങൾ വേണം. ഇന്നത്തെ അൻവറിന്റെ വിധിയാണ് നാളെ തങ്ങൾക്കും എന്നുള്ള ഉത്തമമായ ബോധ്യം കെടി ജലീലിനും കാരാട്ട് റസാക്കിനും ഒക്കെ ഉള്ളത് കൊണ്ട് തന്നെയാണ് അവർ അൻവറിനെ തള്ളി പറയാത്തത്’ -രാഹുൽ പറഞ്ഞു.

അൻവറിനെ പോരിന് കളത്തിൽ ഇറക്കിയ എം.വി. ഗോവിന്ദൻ വരെ കൈ വിട്ടിട്ടും കെടി ജലീലും കാരാട്ട് റസാക്കും അടക്കമുള്ളവർ ചേർത്ത് പിടിക്കുന്നത് ഈ ഇസ്‍ലാമോഫിബിയ അവർക്ക് അറിയുന്നത് കൊണ്ടാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. 'കാഫിർ സ്ക്രീൻഷോട്ട്' ഒരു മണ്ഡലം ജയിക്കാൻ ഒരു ശൈലജയുടെ തലയിൽ മാത്രം ഉദിച്ച ബുദ്ധി അല്ല. അത് ആ പാർട്ടി, അവർ പ്രത്യയ ശാസ്ത്രം കണക്കെ തലയിൽ പേറുന്ന ഇസ്‍ലാം വിരുദ്ധതയാണ്.

ആർ.എസ്.എസിന് കേരളത്തിൽ ബി.ജെ.പിയേക്കാൾ പ്രയോജനകരമാകുന്നത് സി.പി.എം തന്നെയാണ്. വെള്ളം കോരുന്നവരും വിറക് വെട്ടുന്നവരും വാളെടുക്കുന്നവരുമായ അടിമകൾ ക്ഷമിക്കണം, അണികൾ അത് തിരിച്ചറിയാൻ കാലമൊരുപാട് എടുക്കും.

നിങ്ങളെ പറ്റി സി.പി.എമ്മിലെ ആർ.എസ്.എസ് നേതാക്കൾ മനസ്സിൽ വിചാരിക്കുന്നത് 'ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം പിന്നേം ചാടാൻ നോക്കിയാൽ ചാലിയാർ പുഴയിൽ ' -രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Rahul Mamkootathil against cpm islamophobia pv anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.