രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: അഡ്വ. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനാകും. വീറും വാശിയും ഗ്രൂപ്​ പോരും കണ്ട തെരഞ്ഞെടുപ്പിൽ 53,398 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. എ ഗ്രൂപ്​​ പ്രതിനിധി കൂടിയായ രാഹുൽ 2,21,986 വോട്ട് നേടിയപ്പോൾ 1,68,588 വോട്ടുമായി ഐ ഗ്രൂപ്പിലെ അഡ്വ. അബിൻ വർക്കി രണ്ടാമതെത്തി.

കായംകുളം നിയമസഭ മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർഥി കൂടിയായ അരിത ബാബു 31,930 വോട്ടുമായി മൂന്നാം സ്ഥാനം നേടി. രണ്ടു മാസം മുമ്പ് നടന്ന വോട്ടെടുപ്പിന്‍റെ ഫലം ഇപ്പോഴാണ് പുറത്തുവന്നത്. വോട്ടുകളുടെ എണ്ണത്തിൽ മുന്നിൽ വന്നവരുമായി അഭിമുഖം നടത്തിയ ശേഷമാകും സംസ്ഥാന പ്രസിഡന്‍റിനെ പ്രഖ്യാപിക്കുക. അബിൻ വർക്കി, അരിത ബാബു അടക്കമുള്ളവർ വൈസ് പ്രസിഡന്‍റുമാരാകും. വിവിധ വിഭാഗങ്ങൾക്ക് സംവരണം കൂടി ഉറപ്പാക്കിയാകും വൈസ് പ്രസിഡന്‍റുമാരെ നിശ്ചയിക്കുക.

യൂത്ത് കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.സി.സി അംഗവുമായ രാഹുൽ നിലവിലെ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി ചുമതലയേൽക്കും. കോൺഗ്രസിന്‍റെ യുവനിരയിൽ ശ്രദ്ധേയനായ രാഹുൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.എസ്.യു ദേശീയ സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. പത്തനംതിട്ട അടൂർ സ്വദേശിയാണ്​. എം.ജി സർവകലാശാലയിൽ പിഎച്ച്.ഡി ചെയ്യുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ പക്ഷവും മത്സരിച്ചെങ്കിലും അവസാന നിമിഷം പിൻവലിച്ച് ഐ ഗ്രൂപ്പിന് പന്തുണ നൽകി. ആകെ 7,29,626 വോട്ടുണ്ടായിരുന്നതിൽ 2,16,462 എണ്ണം അസാധുവായി. 6622 പേർ വോട്ട്​ ചെയ്തില്ല.

തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പേരിൽ ആവേശമില്ലെന്നും പിണറായി-മോദി സർക്കാറിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെയായിരിക്കും യൂത്ത് കോൺഗ്രസിന്‍റെ ആവേശമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. ജില്ല പ്രസിഡന്‍റ് സ്ഥാനങ്ങളിൽ എ ഗ്രൂപ്പിന് ​അഞ്ചും കെ.സി. വേണുഗോപാൽ പക്ഷത്തിന്​ നാലും രമേശ്​ ചെന്നിത്തലയെ അനുകൂലിക്കുന്നവർക്ക്​ മൂന്നും കെ. സുധാകര പക്ഷത്തിന്​ ഒന്നും വിജയമുണ്ടായി. എറണാകുളത്ത്​ പ്രസിഡന്‍റ്​ സ്ഥാനത്തേക്കുള്ള ഫലം പ്രഖ്യാപിച്ചിട്ടില്ല.

ജില്ല പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ടവർ: തിരുവനന്തപുരം ​-നേമം ഷജീർ, കൊല്ലം -എ.ആർ. റിയാസ്​, പത്തനംതിട്ട -വിജയ്​ ഇന്ദുചൂഡൻ, ആലപ്പുഴ -പ്രവീൺ പി.എം, ഇടുക്കി -ഫ്രാൻസിസ്​ ദേവസ്യ, തൃശൂർ -ഹരീഷ്​ മോഹനൻ എം.എസ്​, പാലക്കാട്​ -ജയഘോഷ്​, മലപ്പുറം -ഹാരിസ്​ മുണ്ടൂർ, കോഴിക്കോട്​ -ഷഹീൻ ആർ, വയനാട്​ -അമൽ ജോയ്​, കണ്ണൂർ -വിജിൽ മോഹനൻ, കാസർകോട്​ -കെ.ആർ. കാർത്തികേയൻ.

Tags:    
News Summary - Rahul Mamkootathil elected as the State President of Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.