മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്ക് പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതിയാൽ പാസാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസാക്കിയതെന്നും പരീക്ഷ എഴുതി പാസാകാനാണേൽ എസ്.എഫ്.ഐയിൽ ചേരണ്ട കാര്യമില്ലല്ലോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജിൽ പാസാക്കിയെന്ന് വാർത്ത...
ശ്ശെടാ ഇതൊക്കെ ഒരു വാർത്തയാണോ? പരീക്ഷ എഴുതിയാൽ പാസാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്? മാത്രമല്ല പരീക്ഷ എഴുതി പാസാകാനാണേൽ എസ്.എഫ്.ഐയിൽ ചേരണ്ട കാര്യമില്ലല്ലോ... എന്തായാലും കെ -പാസ് കരസ്ഥമാക്കിയ ആർഷോക്ക് അഭിവാദ്യങ്ങൾ.
മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്താതിരുന്നിട്ടും ആർഷോ ജയിച്ചതായി കാണിച്ചതാണ് വിവാദമായത്. എന്നാൽ, സംഭവിച്ചത് സാങ്കേതിക തകരാറെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് പറഞ്ഞ അദ്ദേഹം വിശദമായ പരിശോധന നടത്തുമെന്നും അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിന്റെ ഓഫിസ് കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചിരുന്നു. മാർക്ക്‍ലിസ്റ്റ് വിവാദമായതോടെ ആർഷോ ജയിച്ചെന്ന പട്ടിക തിരുത്തി.
അതേസമയം, താൻ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്നും എഴുതാത്ത പരീക്ഷ വിജയിപ്പിക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആർഷോ പ്രതികരിച്ചു. വിജയിച്ചു എന്ന് രേഖപ്പെടുത്തിയത് എവിടെയെന്ന് അന്വേഷിക്കണം. പരീക്ഷ കൺട്രോളറുടെ ഭാഗത്തായിരിക്കും വീഴ്ച വന്നിട്ടുണ്ടാവുക. പരീക്ഷ ഫലം വന്ന വിവരം പോലും താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.