ചാണ്ടി ഉമ്മനുമായി ഭിന്നതയില്ല, സഹോദര തുല്യനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ‘പരാതിക്ക് പാർട്ടി നേതൃത്വമാണ് മറുപടി നൽകേണ്ടത്’

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ എം.എൽ.എയുടെ പരാതിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്ന് രാഹുൽ പറഞ്ഞു.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദര തുല്യനായ ആളാണ് ചാണ്ടി ഉമ്മൻ. അദ്ദേഹത്തിന്‍റെ പരാതി പാർട്ടി നേതൃത്വത്തോടാണ് പറഞ്ഞത്. നേതൃത്വത്തോട് പരാതി പറയാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ട്. ചുമതല നൽകിയില്ലെന്ന പരാതിക്ക് പാർട്ടി നേതൃത്വമാണ് മറുപടി നൽകേണ്ടത്. താൻ സ്ഥാനാർഥി മാത്രമായിരുന്നുവെന്നും നേതൃത്വത്തിലുള്ള ആളല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ചാണ്ടി ഉമ്മന്‍റെ പാലക്കാട്ടെ സാന്നിധ്യം ഗുണകരമായിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനിലും ഭവന സന്ദർശനത്തിലും അദ്ദേഹം ഉണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ച വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മന്‍റെ സംഭാവനയുണ്ടെന്നും രാഹുൽ പറഞ്ഞു.

ജനങ്ങളെ ശാസ്ത്രീയമായ ദ്രോഹിക്കുന്ന വൈദ്യുതി നിരക്ക് വർധന അടക്കമുള്ള വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് സമര രംഗത്താണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നല്‍കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നും അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയാണ് ഒന്നും പറയാതിരുന്നതെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനകളിൽ യുവാക്കൾക്ക് പ്രാതിനിധ്യം ലഭിക്കണം. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്ത് പിടിച്ചു പോകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Tags:    
News Summary - Rahul Mamkootathil react to Chandy Oommen Criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.