പാലക്കാട്: കെ. കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എന്ത് കൊണ്ട് സന്ദർശനം നടത്തുന്നില്ലെന്ന എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിന്‍റെ ചോദ്യത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ലീഡറെ അപമാനിച്ചത് മകൾ പത്മജയാണെന്നും കരുണാകരൻ എല്ലാ കോൺഗ്രസുകാരുടെയും നേതാവാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
പത്രിക നൽകുന്നതിന് മുമ്പ് കാണാൻ പറ്റിയ നേതാക്കന്മാരൊന്നും സരിന്‍റെ പാർട്ടിയിലില്ലേ?. അതിനും കോൺഗ്രസ് നേതാക്കന്മാരെ ഉപയോഗിക്കേണ്ടി വന്നതിൽ സന്തോഷമുണ്ട്. ആളുകളുടെ മുമ്പിൽ അവതരിപ്പിക്കാൻ സാധിക്കുന്നത് കോൺഗ്രസ് നേതാക്കന്മാരെയാണ്. കെ. മുരളീധരന്‍റെ പിന്തുണ തനിക്കുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുക വഴി കോൺഗ്രസ് പ്രവർത്തകരുടെ വികാരം രാഹുലിനെതിരെ തിരിച്ചുവിടുകയാണ് പി. സരിൻ. കോൺഗ്രസിനെയും കരുണാകരനെയും സ്നേഹിക്കുന്ന കോൺഗ്രസുകാർക്ക് എൽ.ഡി.എഫ് സ്ഥാനാർഥി എത്തുന്നുവെന്ന ബോധ്യം ഉണ്ടാകുമെന്നാണ് സരിൻ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, സരിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കെ. കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദർശിക്കാൻ ആർക്കും വിലക്കില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപത്തിൽ വരുന്ന ആരെയും രാഷ്ട്രീയത്തിന്‍റെ പേരിൽ തടയാൻ പാടില്ല. ആ നിർദേശം മുരളീ മന്ദിരത്തിൽ ഉള്ളവർക്ക് കൊടുത്തിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
സ്മൃതിമണ്ഡപത്തിൽ സരിൻ പോകുന്നത് എന്തിനാണെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഓരോ രൂപത്തിലും ഓരോ സന്ദർഭത്തിലും മാർക്സിസ്റ്റ് പാർട്ടിയുടെ സ്ക്രിപ്റ്റും ഡയലോഗും അനുസരിച്ച് നീങ്ങുകയാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
കാപട്യം കാണിക്കുന്നവരോട് എന്നും ലീഡർ എതിരായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ആത്മാവ് അത് പൊറുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു.
സരിന്‍ ഇപ്പോൾ കാണിക്കുന്ന ഒാരോ കാര്യങ്ങളും ജനങ്ങളുടെ മുമ്പിൽ വരാനുള്ള ചില കുറക്കുവഴികളാണെന്നും അടൂർ പ്രകാശ് എം.പി ചൂണ്ടിക്കാട്ടി.
മകൻ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ അംഗമായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പത്മജ പൊളിറ്റിക്കലി തന്തക്ക് പിറക്കാത്ത മകളെന്നാണ് രാഹുൽ അന്ന് പ്രതികരിച്ചത്.
'കരുണാകരന്‍റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും.'-എന്നാണ് രാഹുൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.