പാലക്കാട്: പാലക്കാട്ടെ വിജയത്തിൽ വലിയ സന്തോഷമുണ്ടെന്നും യു.ഡി.എഫിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വിജയമെന്നും യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട് ആഗ്രഹിച്ച മതേതരത്വത്തിന്റെ വിജയം കൂടിയാണിതെന്നും ഫലം പറത്തുവന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥി ആയതിന്റെ പേരിൽ വളരെയധികം വ്യക്തി അധിക്ഷേപം നേരിട്ടൊരാളാണ് താനെന്നും രാഷ്ട്രീയം പറയാതെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിച്ചതാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും ജനങ്ങൾ തള്ളികളഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
'തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ നിൽക്കുമ്പോൾ നിങ്ങളെന്നെ കള്ളപ്പണക്കാരനാക്കിയില്ലേ. സ്ഥാനാർഥികളെന്നെ കുട്ടിക്കുരങ്ങാ എന്ന് വിളിച്ചില്ലേ, സ്ഥിരബുദ്ധിയില്ലാത്തവനെന്ന് വിളിച്ചില്ലേ. അതിനൊന്നും ഞാൻ പ്രതികരിച്ചിരുന്നില്ലല്ലോ. എനിക്കറിയാം പാലക്കാട്ടെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. ഇപ്പോഴും അത് തന്നെയാണ് എനിക്ക് പറയാനുള്ളത്. തെരഞ്ഞെടുപ്പ് വ്യക്തികൾ തമ്മിലുള്ളതല്ല. എനിക്ക് കിട്ടിയ ഭൂരിപക്ഷം ഒരു വ്യക്തിപ്രഭാവത്തിന്റെതല്ല. ഈ വോട്ടിനകത്ത് ഒരു പാട് രാഷ്ട്രീയമുണ്ട്. ഞാനൊരു തുടക്കകാരനാണ്. ഉപദേശിക്കാൻ ആളല്ല. മേലിലെങ്കിലും സി.പി.എമ്മും ബി.ജെ.പിയും തെരഞ്ഞെടുപ്പിനെ നേരിടമ്പുൾ രാഷ്ട്രീയം പറയാൻ ശ്രമിക്കണം. വിവാദങ്ങളുണ്ടാക്കിയാൽ പാലക്കാട്ട് രാഷ്ട്രീമുണ്ടാവില്ല എന്ന് അവർ കരുതി. ജനങ്ങൾ രാഷ്ട്രീയം തന്നെയാണ് ചർച്ച ചെയ്യുക എന്നവർക്ക് ഒരു പാഠമാമകണമിത്".-രാഹുൽ പ്രതികരിച്ചു.
ഇത് പാലക്കാടിന്റെ മതേതര മൂല്യങ്ങളുടെയും രാഷ്ട്രീയ ബോധത്തിന്റെയും വിജയമാണെന്ന് ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു. ടി.വിയിലെ കൊടുങ്കാറ്റല്ല, 23 ലെ ഫലമെന്ന് നേരത്തെ താൻ പറഞ്ഞതാണ്. ബി.ജെ.പിയെ പാലക്കാട് നിന്ന് മാറ്റാൻ പാലക്കാട് ജനങ്ങൾ തയാറെടുത്തുവെന്ന സൂചനയാണ് കണ്ടത്.
ഇവിടെ സി.പി.എമ്മിന്റെയോ ബി.ജെ.പിയുടേയോ പരാജയമല്ല സി.ജെ.പിയുടെ കൂടി പരാജയമാണ്. വടകരയിലെ കാഫിറും പാലക്കാട്ടെ പത്രപരസ്യം പോലുള്ള വഴിയൊക്കെ ഉപേക്ഷിക്കാൻ സി.പി.എം ഇനിയെങ്കിലും തയാറാവണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.