ജനകീയ പ്രശ്നങ്ങൾ ഉയർത്തി രാഹുലിന്റെ റോഡ് ഷോ; ഇൻഡ്യ സഖ്യം വന്നാൽ കർഷകരുടെ കടം എഴുതിത്തള്ളും

സുൽത്താൻ ബത്തേരി/ മാനന്തവാടി/ പുൽപള്ളി: വയനാടിന്റെ ജീവൽപ്രശ്നങ്ങൾ ഉന്നയിച്ചും കേന്ദ്ര-കേരള സർക്കാറുകളെ കടന്നാക്രമിച്ചും രണ്ടാംഘട്ട പര്യടനവുമായി രാഹുൽ ഗാന്ധി. വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായ അദ്ദേഹം തിങ്കളാഴ്ച ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, പുൽപള്ളി എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തി. രാവിലെ 9.30ഓടെയാണ് രാഹുൽ മൈസൂരുവിൽനിന്ന് ഹെലികോപ്ടറിൽ തമിഴ്നാട്ടിലെ നീലഗിരിയിലെത്തിയത്.

അവിടെനിന്ന് റോഡുമാർഗം ബത്തേരിയിൽ എത്തി. സ്ത്രീകളടക്കം ആയിരങ്ങളാണ് കനത്ത ചൂടിലും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്. ഒരു പാർട്ടിയുടെയും കൊടികളില്ലാതെ രാഹുലിന്റെ ചിത്രമേന്തിയ പ്ലക്കാർഡുകളും ബലൂണുകളുമാണ് പ്രവർത്തകർ ഉയർത്തിയത്. രാവിലെ 11ന് ബത്തേരി നഗരസഭ ഓഫിസ് പരിസരത്തുനിന്നാണ് റോഡ് ഷോ തുടങ്ങിയത്. 12.30 ഓടെ കോട്ടക്കുന്നിൽ സമാപിച്ചു.

‘ഒരു രാജ്യം, ഒരു നേതാവ്, ഒരു രാഷ്ട്രം’ എന്നാണ് ബി.ജെ.പി പറയുന്നത്. ഇത് ഇന്ത്യയിലെ ഓരോ പൗരനോടും കാണിക്കുന്ന ബഹുമാനമില്ലായ്മയാണ്. രാജ്യത്ത് ഒരു നേതാവ് മതിയെന്ന ചിന്താഗതി യുവാക്കളോടുള്ള വെല്ലുവിളിയാണ്. നേതാക്കൾ ഒരുപാടുണ്ടാകണം. സാധാരണക്കാരിൽനിന്ന് കൂടുതൽ പേർ ഉയർന്നുവരണം. ഏതെങ്കിലും ഒരു ഭാഷ ഹിന്ദിയേക്കാൾ താഴ്ന്നതാണെന്ന് സ്ഥാപിക്കുന്നത് ആ നാടിനെ അപമാനിക്കുന്നതിന് തുല്യമാണ്.

വയനാട്ടിൽ പുതിയ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കുകയെന്നത് സർക്കാർ വിചാരിച്ചാൽ രണ്ടു മിനിറ്റിൽ നടക്കുന്ന കാര്യമാണ്. എന്നാൽ, സംസ്ഥാന സർക്കാർ താൽപര്യം കാണിക്കുന്നില്ല. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ രാത്രിയാത്ര നിരോധനവും വന്യജീവി പ്രശ്നങ്ങളും പരിഹരിക്കും. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും. വയനാടിന്റെ പ്രാദേശിക പ്രശ്നങ്ങൾ നിരവധി തവണ അവതരിപ്പിച്ചുവെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗൗനിച്ചില്ല.

വയനാട് മനോഹരമായ സ്ഥലമാണ്. അമ്മ സോണിയയോട് ഇവിടെ വന്ന് കുറച്ചു ദിവസം താമസിക്കാൻ പറഞ്ഞിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വിവിധയിടങ്ങളിൽ പറഞ്ഞു. മാനന്തവാടിയിൽ റോഡ് ഷോ ഇടക്കുവെച്ച് അവസാനിപ്പിച്ച് രാഹുൽ ഗാന്ധി മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ചു.

നാമനിർദേശപത്രിക നൽകിയതിനുശേഷം ഇത് രണ്ടാം തവണയാണ് രാഹുൽ വയനാട്ടിൽ പര്യടനത്തിനെത്തുന്നത്. ഏപ്രിൽ 23നാണ് ഇനി അവസാനവട്ട പര്യടനത്തിന് വയനാട്ടിൽ എത്തുക.

മൈസൂരുവിൽനിന്ന് ഹെലികോപ്റ്റർ വഴി നീലഗിരിയിലെത്തി റോഡ് മാർഗമാണ് രാഹുൽ ബത്തേരിയിലേക്ക് എത്തിയത്. രാഹുഗാന്ധി ഇറങ്ങിയതിന് പിന്നാലെ കാത്തുനിന്ന തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് ഹെലികോപ്റ്ററിൽ പരിശോധന നടത്തി.

Tags:    
News Summary - Rahul's road show in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.