കൊച്ചി: നഗരത്തിലെ ലസി മൊത്ത വിതരണകേന്ദ്രത്തിൽ വിൽപന നികുതി^ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യങ്ങൾ. ഇേതതുടർന്ന് കെട്ടിടം പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് സീൽ ചെയ്തു.
കൊച്ചി നഗരത്തിൽ ലസി ഷോപ്പുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്ന സാഹചര്യത്തിലാണ് വിൽപന നികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഏതാനും ആഴ്ചകളായി ഔട്ട്ലറ്റുകൾ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. നേരിട്ടെത്തി വിവരങ്ങൾ തിരക്കിയപ്പോൾ ഒരിടത്തും ഷോപ്പുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ചില സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ രേഖകളും ഉണ്ടായിരുന്നില്ല.
മൊത്ത വിതരണകേന്ദ്രത്തെക്കുറിച്ച വിവരം ലഭിച്ചതിനെത്തുടർന്നാണ് കലൂർ പൊറ്റക്കുഴി റോഡിലെ ഇരുനില കെട്ടിടത്തിൽ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. കയറിച്ചെന്ന ഉടൻ ഉദ്യോഗസ്ഥർ കണ്ടത് കെട്ടിടത്തിനുള്ളിൽ രണ്ട് നായ്ക്കളെ. മുറിക്കുള്ളിൽ ഇവയുടെ വിസർജ്യം. അവിടെതന്നെയാണ് ലസിയുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ കലക്കിവെച്ച ലസി ഇതിനടുത്ത് നിരവധി പ്ലാസ്റ്റിക് ബക്കറ്റുകളിൽ സൂക്ഷിച്ചിരുന്നു.
ലസിയുണ്ടാക്കാൻ വെള്ളമെടുക്കുന്നത് മുറിക്കുള്ളിലെ കക്കൂസിൽനിന്ന്. കൃത്രിമ ലസിയുണ്ടാക്കാനുള്ള പൊടിയും ഇവിടെനിന്ന് കണ്ടെടുത്തു. മധുരത്തിന് പഞ്ചസാരക്കുപകരം രാസവസ്തുക്കൾ ഉപയോഗിച്ചതായും കണ്ടെത്തി. കൃത്രിമ തൈരാണ് ഉപയോഗിച്ചുവന്നത്. ഇത് ശ്രദ്ധയിൽപെട്ട ഉടൻ നികുതി ഇൻറലിജൻസ് ഉദ്യോഗസ്ഥർ പൊലീസിനെയും കോർപറേഷൻ അധികൃതരെയും വിവരം അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ വൃത്തിഹീന അന്തരീക്ഷത്തിൽ സൂക്ഷിച്ചിരുന്ന തൈര്, ക്രീം, ഫ്രൂട്സ് മിക്സ്ചർ, നട്സ്, ഡ്രൈ ഫ്രൂട്സ്, രാസപദാർഥങ്ങൾ തുടങ്ങിയവ പിടിച്ചെടുത്ത് കെട്ടിടം സീൽ ചെയ്തു.
നികുതി വകുപ്പ് ഉദ്യോഗസ്ഥർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾ രണ്ടുദിവസത്തിനകം ഹാജരാക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകിയെന്ന് വിൽപന നികുതി ഇൻറലിജൻസ് ഓഫിസർ പി.ബി. വേണുഗോപാൽ പറഞ്ഞു. എന്നാൽ, ഇതിെൻറ ഉടമ ആരാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരം തൊഴിലാളികളിൽനിന്ന് ലഭിച്ചിട്ടില്ല. സ്ഥലത്തുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജി.എസ്.ടി ഇൻറലിജൻസ് അസിസ്റ്റൻറ് കമീഷണർ ജോൺസൺ ചാക്കോയുടെ നേതൃത്വത്തിെല സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.