കോട്ടയം: തൃക്കാക്കര വെണ്ണല മഹാദേവ ക്ഷേത്രത്തിലെ മുസ്‌ലിം വിരുദ്ധ-വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെ പി.സി. ജോർജിനെ തേടി വൻ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വസതിയിലെത്തി. പി.സി. ജോര്‍ജ് വീട്ടിൽ ഇല്ലെന്ന് മകൻ ഷോൺ ജോർജ് ഉദ്യോഗസ്ഥരെ അറിയിച്ചു. മണിക്കൂറുകൾക്ക് മുമ്പ് ജോർജ് വീട്ടിലുണ്ടായിരുന്നതായി അയൽവാസികളും പറയുന്നു.
മട്ടാഞ്ചേരി അസി. കമീഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പി.സി. ജോർജിനെ തിരയുന്നത്. ഫോണിലും ലഭിക്കാതായതോടെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ബന്ധുവീടുകളിലും തിരച്ചിൽ നടത്തി. അദ്ദേഹം എവിടെയുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സ്ഥിരം ഉപയോഗിക്കുന്ന വാഹനത്തിനു പകരം മറ്റൊരു വാഹനത്തിലാണ് അദ്ദേഹം വീട്ടിൽനിന്ന് പോയതെന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. രാത്രി ഏഴരയോടെ പൊലീസ് സംഘം മടങ്ങി.
പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ട ശേഷം പ്രകോപനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം ജില്ല കോടതി ജാമ്യാപേക്ഷ തള്ളിയത്. നേരത്തേ തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലെ ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ച്ചയായി വിദ്വേഷപ്രസംഗം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇക്കുറി എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്. പി.സി. ജോര്‍ജിനെതിരെ ശക്തമായ തെളിവുണ്ടെങ്കിലും അറസ്റ്റിന് തിടുക്കമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കീഷണര്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ പൊലീസ് ഈരാറ്റുപേട്ടയിലെത്തിയത്.
രാഷ്ട്രീയലക്ഷ്യത്തോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസാണെന്നുമായിരുന്നു ജോർജിന്‍റെ വാദം. എന്നാല്‍, തിരുവനന്തപുരത്തേതിന് സമാനമായ വിദ്വേഷപ്രസംഗം കൊച്ചിയിലും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു. കുറ്റം ആവര്‍ത്തിച്ചതാണ് ജോർജിന് വിനയായത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കുമെന്ന് ജോർജിന്റെ മകൻ ഷോൺ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.