തിരുവനന്തപുരം: കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നു, ടിക്കറ്റ്-ടിക്കറ്റേതര വരുമാനങ്ങളിലെല്ലാം റെയിൽവേക്ക് കാലിടറുന്നതായി ആഭ്യന്തര റിപ്പോർട്ട്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ടിക്കറ്റിനത്തിൽ 32,681.10 കോടിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കിട്ടിയതാകെട്ട 30,715.10 കോടി. അതായത് ടിക്കറ്റിനത്തിൽ 1966.33 കോടിയുടെ കുറവ്.
ചരക്ക് നീക്കം വഴിയുള്ള വരുമാനത്തിലും കുറവ് പ്രകടമാണ്. ഇക്കാലയളവിൽ പ്രതീക്ഷിച്ചത് 77,615.89 കോടിയാണെങ്കിലും കിട്ടിയത് 62,733.17 കോടി. ഫലത്തിൽ നഷ്ടം 14,882.72 കോടി. ടിക്കറ്റ് ഇനത്തിലെ വരുമാനക്കുറവ് സാധാരണ നികത്തുന്നത് ചരക്ക് നീക്കത്തിലൂടെയാണ്. എന്നാൽ രണ്ടിനം വരുമാനങ്ങളും കുറഞ്ഞു. ഇതടക്കം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 19,000 കോടിയാണ് മൊത്തം വരുമാനത്തിൽ കുറവുണ്ടായത്. കഴിഞ്ഞ ഒക്ടോബറിൽ റെയിൽവേയുടെ ആകെ വരുമാനം 4126.21 കോടിയായിരുന്നെങ്കിൽ ഇൗ ഒക്ടോബറിലിത് 4072.37 കോടിയായി താഴ്ന്നു. 4548.28 കോടി വരുമാനം പ്രതീക്ഷിച്ചപ്പോഴാണ് ഇടിവ്. ഇൗ സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കുന്നതിന് ഇടപെടലുകൾ ഉൗർജിതമാക്കണമെന്ന് സോണുകളോട് റെയിൽവേ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിശേഷാവസരങ്ങളിൽ തിരക്ക് കുറക്കുന്നതിന് സാധാരണ നിരക്കിലെ സ്പെഷൽ ട്രെയിനുകൾ ഒഴിവാക്കുകയും പകരം കഴുത്തറുപ്പൻ നിരക്കുള്ള സുവിധ, സ്പെഷൽ ഫെയർ ട്രെയിനുകൾ ഒാടിക്കുകയുമാണ് ഇപ്പോൾ. മൊത്തം ടിക്കറ്റുകളെ 20 ശതമാനം വീതമുള്ള അഞ്ച് ബ്ലോക്കുകളായി തിരിച്ച്, ബുക്കിങ് ഒാരോ 20 ശതമാനം സീറ്റ് പിന്നിടുന്തോറും ചാർജ് കുതിച്ചുയരുമെന്നതാണ് സുവിധയുടെ പ്രത്യേകത. തൽക്കാൽ നിരക്കിലാണ് ഇൗ ട്രെയിനുകളുടെ ചാർജ് തുടങ്ങുന്നത് തന്നെ. യാത്രക്കാരെ ഇത്തരത്തിൽ പിഴിഞ്ഞിട്ടും വരുമാനത്തിൽ വർധനവുണ്ടായിട്ടില്ല. ടിക്കറ്റ് റദ്ദാക്കലിനുള്ള വ്യവസ്ഥകൾ കർശനമാക്കിയതോടെ കോടികളാണ് റെയിൽവേയുടെ അക്കൗണ്ടിൽ എത്തുന്നത്.
പ്രായവ്യത്യാസ പരിഗണനകളില്ലാതെ എല്ലാ യാത്രക്കാരിൽനിന്നും പൂർണ നിരക്കിലാണ് ഇേപ്പാൾ ഇൗടാക്കുന്നത്. കടുത്ത നിയന്ത്രണങ്ങളും ഒപ്പം സ്വകാര്യവത്കരണ നീക്കവും തകൃതിയിലായിട്ടും സാമ്പത്തികനില ഭദ്രമാക്കാനായിട്ടില്ലെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.