ആലത്തൂർ: കുനിശ്ശേരി പനയംപാറയിലേക്ക് പോകുന്ന റോഡ് മഴയിൽ തകർന്നു. ഓട്ടോറിക്ഷകൾ പോലും പോകാതായതോടെ ജനങ്ങൾ ദുരിതത്തിൽ. റോഡ് വശത്തെ തോട് കവിഞ്ഞൊഴുകിയതാണ് തകരാൻ കാരണം.
ടാറിളകി കുഴികളുണ്ടായതാണ് ഗതാഗതത്തിന് തടസമായത്. എരിമയൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിൽപ്പെട്ടതാണ് റോഡ്. പനയംപാറ, തച്ചമ്പൊറ്റ, തീത്തൻവീട്, ആലയൻകുളമ്പ് എന്നിവിടങ്ങളിലെ ജനങ്ങൾക്കാണ് സഞ്ചാരം ദുരിതമായത്.
ഈ ഭാഗത്തെ ജനങ്ങൾക്ക് ആശുപത്രിയുൾപ്പെടെ എല്ലാ കാര്യങ്ങൾക്കും പോകേണ്ടത് കുനിശ്ശേരിയിലേക്കാണ്. അതിനുള്ള പ്രധാന മാർഗ്ഗമാണ് പനയംപാറ റോഡ്.
ആലത്തൂർ: മഴയിൽ വെള്ളം കയറി ഒലിപ്പാറ-പൈതല റോഡ് തകർന്നു. നാല് പതിറ്റാണ്ട് മുമ്പ് നിർമിച്ചതാണ് റോഡ്. വണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ 150 മീറ്റർ മാത്രമാണുള്ളത്. മഴ വെളളം കുത്തിയൊലിച്ചാണ് റോഡ് തകർന്നത്. റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കി കിട്ടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
മംഗലംഡാം: മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പാലം വനംവകുപ്പ് പുനർനിർമിച്ചു നൽകി. പതിനഞ്ചോളം കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന മണ്ണെണ്ണക്കയം തോട്ടുപാലം കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ മൂലമുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയിരുന്നു.
പാലം പോയതോടെ തോട് മുറിച്ചു കടക്കാൻ കഴിയാതെ പ്രദേശത്തെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ കെ.എം. മുഹമ്മദ് ഹാഷിമിന്റെ നേതൃത്വത്തിലുള്ള മംഗലംഡാം വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ സഹകരണത്തോടെ പുതിയൊരു മരപ്പാലം നിർമിച്ചത്.
പറമ്പിക്കുളം: സേത്തുമട-തേക്കടി റോഡിൽ മണ്ണിടിച്ചിലില് ഗതാഗതം തടസപ്പെട്ടു. കീറപ്പാടി ചെക്ക് പോസ്റ്റിനടുത്ത് ആൺപെൺ മരം വളവിലാണ് കഴിഞ്ഞ ദിവസം രാവിലെ മണ്ണിടിച്ചിലുണ്ടായത്.
മഴയിൽ മണ്ണിടിച്ചിലുണ്ടായത് ഊരുവാസികളും വനം ഉദ്യോഗസ്ഥരും ചേർന്ന് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീതി നിലനിൽക്കുന്നതായും ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പട്ടാമ്പി: പട്ടാമ്പി പാലത്തിന്റെ തൂണിന് തകർച്ച. കരിങ്കല്ല് കൊണ്ട് നിർമിച്ച പാലത്തിന്റെ മധ്യഭാഗത്തെ തൂണുകളിലൊന്നിലെ മുകൾവശത്തുള്ള കല്ലുകളാണ് ഇളകി വീണത്. പുഴയുടെ ഒഴുക്കിന് എതിർവശത്താണ് തൂണിന്റെ കേടുപാടെന്നത് വിഷയം സങ്കീർണമാക്കുന്നു. വെള്ളത്തിലൂടെ വലിയ മരങ്ങളും ഇരുമ്പു ഭാഗങ്ങളുമൊക്കെ ഒഴുകിയെത്തി പാലത്തിന്റെ തൂണുകളിലിടിച്ചാണ് സാധാരണ തകർച്ച നേരിടുന്നത്. എന്നാൽ, മറുവശത്താണ് കല്ലുകൾ ഇളകി വീണതെന്നതിനാൽ സൂക്ഷ്മ പരിശോധന വേണ്ടിവരും.
പുഴയിലെ കുത്തൊഴുക്ക് നിലക്കാത്തതിനാൽ പൂർണ പരിശോധനക്ക് ഇനിയും ദിവസങ്ങളെടുക്കും. പാലത്തിൽനിന്ന് വെള്ളമിറങ്ങിയപ്പോഴാണ് തൂണിന്റെ മുകൾഭാഗത്തെ കല്ലിളകിപ്പോയത് ശ്രദ്ധയിൽപെട്ടത്. കൈവരികൾക്ക് മാത്രമേ മുൻകാലങ്ങളിൽ നാശമുണ്ടായിരുന്നുള്ളൂ. ഇത്തവണ തൂണിനെക്കൂടി ബാധിച്ചത് വലിയ സുരക്ഷാഭീഷണിയായി മാറി.
പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിൽ നൂറു കണക്കിന് വാഹനങ്ങളാണ് പാലം വഴി കടന്നുപോവുന്നത്. താൽക്കാലിക കൈവരിയൊരുക്കി കാൽനടയാത്രക്കാർക്ക് മാത്രമായി തുറന്നുകൊടുത്ത പാലം പൂർണമായും തുറക്കാനുള്ള കാത്തിരിപ്പ് അനിശ്ചിതത്വത്തിലാക്കുന്നതാണ് തൂണിന്റെ തകർച്ച.
മങ്കര: മങ്കരയിൽ ആൾമറയുള്ള വലിയ കിണർ ഇടിഞ്ഞു താണു. മങ്കര മഞ്ഞക്കര ഇരുപ്പപറമ്പിൽ എം.എ. മോഹൻദാസിന്റെ വീട്ടിലെ കിണറാണ് വൈകീട്ട് നാലരയോടെ ഇടിഞ്ഞു താണത്.
മഴക്കാലത്തും വേനലിലും വറ്റാത്ത കിണറാണിത്. ഒരു എച്ച്.പി മോട്ടോറും കിണറിനകത്ത് മുങ്ങി. ഏകദേശം 19 കോൽ താഴ്ചയുള്ള കിണറാണ് വൻ ശബ്ദത്തോടെ ഇടിഞ്ഞു താണത്. ഇതോടെ സമീപത്തെ നിരവധി പേരുടെ കുടിവെള്ളവും മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.