മഴ മൂന്നാർ ഗവൺമെൻറ് കോളജിനോട് ചെയ്തത് 

ഫ്ലാഷ് ബാക്ക്: 2008 ൽ ഒരു പെരുമഴക്കാലത്താണ് ഒരധ്യാപകനായി ജോലിയിൽ പ്രവേശിക്കാനായിട്ടും ആദ്യമായും ഞാൻ മൂന്നാറിലെത്തുന്നത്. വഴികാട്ടിയായുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ അവസാനം കൊണ്ടു ചെന്നെത്തിച്ചത് ഒരു ചെറിയ കോൺക്രീറ്റു കെട്ടിടത്തോടടുത്ത് തകരഷീറ്റുകൾ മേഞ്ഞ ഷെഡുകൾക്ക് മുൻപിലാണ്. അതെന്തായാലും ഒരു കോളേജാവില്ല എന്ന് മനസ്സിലായതിനാൽ വീണ്ടും മൂന്നാർ ടൗണിലെത്തി മുൻപ് കോളേജിൽ നിന്നും ട്രാൻസ്ഫറായ പരിചയമുള്ള അദ്ധ്യാപകനെ വിളിച്ചു വഴി തിരക്കി. അദ്ദേഹം പറഞ്ഞു തന്ന വഴിയിലൂടെ സഞ്ചരിച്ച് വീണ്ടും എത്തിച്ചേർന്നത് അതേ കെട്ടിടത്തിന് മുൻപിലാണ്. ചുറ്റും പരതിയപ്പോൾ ശരിയാണ് ഒരു ബോർഡ് വച്ചിരിക്കുന്നു "ഗവൺമ​​​​െൻറ്​ കോളേജ്, മൂന്നാർ".

കയറിച്ചെന്നപ്പോൾ ആദ്യം കണ്ടത് മലയാളം അധ്യാപകനായ ഷാൻറി എം. ജേക്കബിനെയായിരുന്നു. കൊമേഴ്സ് ഡിപ്പാർട്ട്മ​​​​െൻറ്​ എവിടെയെന്ന ചോദ്യത്തിന് മറുപടിയായി ഒരു ചിരിയോടെ എ​​​​​െൻറ തോളത്ത് കൈയിട്ട് അദ്ദേഹമെന്നെ ഒരു ചെറിയ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി "ഇവിടെ എല്ലാം ചേർത്ത് ഒരു ഡിപ്പാർട്ട്മ​​​​െൻറാണ് മാഷേ. 1995 ൽ തുടങ്ങിയതായിരുന്നു ഈ കോളേജ്. 2005ൽ കോളേജിനുള്ളിലുണ്ടായ ഒരു മണ്ണിടിച്ചിലിൽ നമ്മുടെ അക്കാഡമിക് ബ്ലോക്കി​​​​​െൻറ നല്ലൊരുഭാഗം തകർന്നപ്പോ നമ്മൾ താൽക്കാലികമായി കുടിയേറിയതാണിവിടെ"

എന്തായാലും ജോലിയിൽ പ്രവേശിച്ചു. സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന കോളേജ്. പ്രതികൂലമായ കാലാവസ്ഥ, മഞ്ഞി​​​​​െൻറ മഴയുടേയും അസഹനീയമായ തണുപ്പ്, തണുപ്പിനെ പ്രതിരോധിക്കാനുള്ള കുപ്പായമിട്ട കുട്ടികൾ, ശക്തമായ മഴയിൽ പരസ്പരം കൈയടിക്കുന്ന തകരഷീറ്റുകൾ, കുട്ടികളുടെ മത്സരങ്ങളിൽ തുളകൾ വീണ തകരം, സെമിനാറുകൾക്കോ പൊതുപരിപാടികൾക്കോ പറ്റുന്ന ഒരു മുറി പോലുമില്ല. അത്തരത്തിൽ എന്തെങ്കിലും ആവശ്യം വന്നാൽ മുറ്റത്തൊരു പടുത വലിച്ചു കെട്ടും അതി​​​​​െൻറ നിഴലിൽപ്പെടാൻ ഭാഗ്യമില്ലാത്തവർ നിൽക്കും, ഒരു കോളേജിനാകെ മൂന്നോ നാലോ ടോയ്ലറ്റുകൾ മാത്രം, അധ്യാപകർക്കം അനധ്യാപകർക്കും ചേർന്ന് ഒരു ടോയിലറ്റ്. ഷട്ടിൽ കളിക്കാൻ പോലും ഇടമില്ലാത്ത, ഏകദേശം 30 സ​​​​െൻറിനുള്ളിലെ ഇത്തിരിയുള്ള ക്യാമ്പസ്. ഒരു കലാലയത്തി​​​​​െൻറതായ ഒന്നുമാസ്വദിക്കാതെ നിരവധി പേർ ഇവിടെ നിന്നും കാലം കഴിച്ചു പോയി.ഒരു കൊച്ചു കലാലയമായിരുന്നെങ്കിലും ഒരു കൊച്ചു കുടുംബത്തിന്റെ ഒത്തൊരുമ കുട്ടികളിലും അധ്യാപകരിലുമുണ്ടായിരുന്നു.

ഇല്ലായ്മയുടെ കുറവുകൾ നികത്താൻ അധ്യാപകർ ആവും വിധം ശ്രമിച്ചിരുന്നു. കാലമൊരുപാട് കഴിഞ്ഞു ഒടുവിൽ ഒരു പുതിയ ഭൂമിയോ ആകാശമോ ഞങ്ങൾക്ക് കിട്ടില്ലെന്ന് ബോധ്യപ്പെട്ട് പഴയ മണ്ണിടിഞ്ഞ ഭൂമിയിലേക്ക് തന്നെ തിരിച്ചെത്താൻ ഞങ്ങൾ നിർബന്ധിതരായി. സർക്കസ് കമ്പനി പായ്ക് ചെയ്യും പോലെ ഞങ്ങളും പായ്ക് ചെയ്തു.

അഞ്ച് വർഷത്തെ വനവാസത്തിനു ശേഷം. തരിശ് ഭൂമിയിൽ കൃഷിയിറക്കും പോലെ എല്ലാം ഒന്നു മുതൽ തുടങ്ങേണ്ടി വന്നു. കുട്ടികളും എൻ.എസ്.എസ് യൂണിറ്റും ചേർന്ന് കാടുകൾ തെളിച്ചു പതിയെ പതിയെ പഴയ ക്യാമ്പസിനെ മെരുക്കാൻ ശ്രമിച്ചു. പരിമിതമായ ക്ലാസ് മുറികൾ കൊണ്ട് ക്ലാസുകൾ പുനരാരംഭിച്ചു. എല്ലാ ഡിപ്പാർട്മെന്റിലുമുള്ള അധ്യാപകരും ഒരുമിച്ച് ഒരു സ്റ്റാഫ് റൂമിലൊതുങ്ങിയിരുന്നു. 2005 ലെ മണ്ണിടിച്ചിലുണ്ടാക്കിയ നഷ്ടം ചെറുതല്ലായിരുന്നു. അക്കാദമിക- അക്കാദമികേതര പരിപാടികളിൽ പങ്കെടുക്കാൻ വരുന്നവർക്ക് മുന്നിൽ അൽപ്പം അപകർഷതാ ബോധത്തോടെ ഞങ്ങൾ പഴയകഥകളുടെയും, പരിമിതികളുടേയും കെട്ടുകളഴിച്ചു മടുത്തു. ഒരു ഫുൾ ഫ്ലെഡ്ജ്ഡ് കാമ്പസ് അല്ലാത്തത് കൊണ്ട് തന്നെ പാവപ്പെട്ട കുട്ടികൾക്ക് പല പരാധീനതകളുമുണ്ടായിരുന്നു. മറ്റുള്ള കോളേജുകളെ തട്ടിച്ചു നോക്കുമ്പോൾ ഞങ്ങളുടെ കുട്ടികൾക്ക് അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്നും ഞങ്ങൾക്കറിയാമായിരുന്നു. ഏറെ താമസിയാതെ പുതിയ നിർമ്മാണങ്ങൾക്ക് പതിയെ പതിയെ ഫണ്ടുകൾ വന്നു തുടങ്ങി. പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി, ഓഫീസ് കെട്ടിടം നവീകരിച്ചു, സെമിനാർ ഹാളി​​​​​െൻറ പണി തീർന്നു, ഓരോരോ പ്രോഗ്രാമുകൾക്കും വെവ്വേറെ മുറികളനുവദിച്ചു.

കോളേജിന്റെ ഭൗതികമായ പുരോഗതിക്കൊപ്പം ഞങ്ങളുടെ ആത്മവിശ്വാസവും വളർന്നു. കളിച്ചു പരിശീലിക്കാൻ ഒരു ഗ്രൗണ്ടു പോലുമില്ലെങ്കിലും, ചങ്കുറപ്പി​​​​​െൻറ പിൻബലത്തിൽ സർവകലാശാല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഗ്രൗണ്ടുള്ള കോളേജുകളുടെ ടീമുകളോട് നിരവധി മത്സരങ്ങൾ കളിച്ചു ജയിച്ചു. ഓരോ വിജയങ്ങളും കോളേജിന്റെ മുഴുവൻ വിജയങ്ങളായി പബ്ലിക് അഡ്രസിങ് സിസ്റ്റത്തിലൂടെ കോളേജ് മുഴുവൻ മുഴങ്ങി. ഞങ്ങൾ അധ്യാപകരും അനധ്യാപകരും വിട്ടു കൊടുത്തില്ല സിവിൽ സർവീസ് മീറ്റുകളിൽ പങ്കെടുത്ത് നിരവധി സ്ഥാനങ്ങൾ കരസ്ഥമാക്കി ഞങ്ങളും കുട്ടികളോട് ചേർന്നു നിന്നു.

കോളേജ് പതിയെ പതിയെ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. എൻ.എസ്.എസ് പോലെയുള്ള സംഘടനകൾ കൊണ്ട് സമൂഹത്തിൽ വേണ്ടത്ര ഇടപെടലുകൾ നടത്തി, കേരള സർക്കാരിന്റെ WWS, ASAP, SSP തുടങ്ങി നിരവധി പ്രോഗ്രാമുകൾ കോളേജിൽ ആരംഭിച്ചു, വിവിധ വിഷയങ്ങളിൽ ഇൻറർനാഷണൽ/ നാഷണൽ സെമിനാറുകൾ, വർക്ക്​ ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചു തുടങ്ങി. ഏകജാലക സംവിധാനത്തിലൂടെ വിദൂര സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾ അഡ്മിഷൻ എടുത്തു തുടങ്ങി. ഈ സമയം തന്നെ പുതിയ ലേഡീസ് ഹോസ്റ്റൽ, പ്രിൻസിപ്പാൾ ക്വാർട്ടേഴ്സ് തുടങ്ങിയവയുടെ പണി തീർന്നു. പുതിയ അക്കാദമിക് ബ്ലോക്കിന്റെ പെയിൻറിംഗ് വരെ പൂർത്തിയായി, ലൈബ്രറി കെട്ടിടത്തിന്റേം സ്റ്റാഫ് ക്വാർട്ടേഴ്സിന്റേം പണി പുരോഗമിക്കുന്നു, ഇതിനിടെ കേന്ദ്ര സർക്കാർ കോളേജിനെ മോഡൽ കോളേജായി പ്രഖ്യാപിച്ചു അതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രപ്പോസലുകൾ ക്ഷണിച്ചു. പുതിയ അധ്യയന വർഷം തുടങ്ങും മുൻപ് സെമിനാർ ഹാളും ഓഫീസ് സമുച്ചയവും ഈ അവധിക്കു തന്നെ നവീകരിച്ചു ടൈൽ വിരിച്ചു.

ഹോസ്റ്റൽ ഒന്നു മാത്രം പ്രതീക്ഷിച്ച് അഡ്മിഷൻ എടുത്ത എകദേശം അറുപതോളം പെൺകുട്ടികളുണ്ടായിരുന്നു. അതിൽ കുറേപ്പേർ ഇത്ര നാളും പ്രൈവറ്റ് ഹോസ്റ്റലിൽ അവരുടെ മാതാപിതാക്കളുടെ കൂലിയേക്കാൾ കൂടുതൽ പണം കൊടുത്ത് താമസിക്കുന്നവരായിരുന്നു. ആയതിനാൽ പണി തീർന്ന ലേഡീസ് ഹോസ്റ്റൽ എത്രയും വേഗം തുറക്കുന്നതിനായി ആവശ്യത്തിനുള്ള ഫർണീച്ചറുകൾ ജൂലൈ മാസത്തിൽ തന്നെ വാങ്ങിയിട്ടു.

ഒടുവിൽ ലേഡീസ് ഹോസ്റ്റലിന്റേയും പ്രിൻസിപ്പാൾ ക്വാർട്ടേഴ്സിന്റെയും ഔദ്യോഗികമായ ഉദ്ഘാടനം ആഗസ്റ്റ് 19 ന് തീരുമാനിച്ച് സ്വാഗത സംഘം രൂപീകരിച്ച്, പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികൾക്ക് രൂപം കൊടുത്തു. ഈ സമയം ഇടുക്കി ജില്ലയിൽ മഴ കനത്തു. പല ദിവസങ്ങളിലും അവധി പ്രഖ്യാപിക്കപ്പെട്ടു. ഹോസ്റ്റൽ പ്രതീക്ഷിച്ച് അഡ്മിഷൻ എടുത്തവർ ഓണാവധി കഴിഞ്ഞ് ഹോസ്റ്റൽ അഡ്മിഷൻ വരെ ക്ലാസിൽ വരാനാവില്ലെന്നറിയിച്ച് തണുപ്പിൽ നിന്നും മഴയിൽ നിന്നുമോടി രക്ഷപെട്ടു.

മഴ പിന്നെയും ശമനമില്ലാതെ തുടർന്നു. അവധികളും. ഹോസ്റ്റൽ - ക്വാർട്ടേഴ്സ് ഉദ്ഘാടനത്തിന്റെ സമയമടുത്തു. പി.ടി.എ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്ഷണക്കത്ത് തയ്യാറായി പ്രചരണത്തിനു തയ്യാറെടുത്തു.
ഓണാവധി കഴിയുമ്പോൾ മഞ്ഞും, മഴയും, മലയും താണ്ടിയുള്ള യാത്രയിൽ നിന്നും മോചനമുണ്ടാകുമെന്നു പെൺകുട്ടികൾ സ്വപ്നം കണ്ടു നല്ല നാളേക്കായി പ്രതീക്ഷയോടെ കാത്തിരുന്നു.

മഴക്കെടുതികൾ കൂടി വന്നപ്പോൾ അധികാരികൾ ആപത്തുകൾ ഒഴിവാക്കാൻ അവധികളും നീട്ടിക്കൊടുത്തുകൊണ്ടേയിരുന്നു.

മഴ കനത്തപ്പോൾ മൂന്നാറിൽ ജനിച്ചു വളർന്നവർ പറഞ്ഞു "ഈ മഴ വെറുതെ പെയ്യുന്ന മഴയല്ല"...
പലയിടത്തു നിന്നും ഞങ്ങളതു കേട്ടു - ഇത് വെറുതെ പെയ്യുന്ന മഴയല്ല......

ഇനിയാണ് കഥ: പ്രകൃതി പണ്ടേ അൽപം കരുണയുള്ളവളാണ്. ഞങ്ങൾ അധ്യാപകരുടേയും കട്ടികളുടേയും ജീവനിൽ അവൾക്ക് മുൻപേ താൽപര്യമില്ലായിരുന്നു. അവൾ അവളുടെ താണ്ഡവം തുടങ്ങുന്നതിന്റെ ആദ്യപടിയായി കോളേജിന്റെ എൻട്രസ് കൂറ്റൻ പാറയും മണ്ണുമിടിച്ച് അടച്ച് "നോ എൻട്രി " ബോർഡ് തൂക്കി ഇനിയൊരാൾക്കും പ്രവേശനമില്ലെന്ന് വാർണിംഗ് തന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഈ ഫോട്ടോ കണ്ട് നിരവധിപ്പേർ വിളിച്ചുകൊണ്ടേയിരുന്നു.

മഴ വീണ്ടും തുടർന്നു....ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാത്രി മണ്ണും മഴയും കോളേജിന്റെ ഭാവി മാറ്റിയെഴുതാനുള്ള ഗൂഢാലോചനയിലായിരു ന്നിരിക്കണം. ആ രാത്രി പുലർന്നു വന്നപ്പോൾ കോളേജിനു മുകളിലെ ടവ്വർ നിൽക്കുന്ന മലയിൽ നിന്നും ഉരുൾപൊട്ടി മല രണ്ടായി മലർന്ന് കോളേജിന്റെ പത്തേക്കർ ഭൂമിയെ രണ്ടായി പിളർത്തി, ആഗസ്റ്റ് 19 ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന, ആഗസ്റ്റ് 29 മുതൽ അൻപതോളം പെൺകുട്ടികൾ താമസം തുടങ്ങാനിരുന്ന ലേഡീസ് ഹോസ്റ്റലും, പ്രിൻസിപ്പാൾ ക്വാർട്ടേഴ്സും, കിണറും പമ്പ് ഹൗസും, ഇക്കണോമിക്സ് - മാത്തമാറ്റിക്സ് ക്ലാസുകൾ നടന്നിരുന്ന അക്കാദമിക് ബ്ലോക്കും, കംപ്യൂട്ടർ ലാബും, അസാപ് റൂമും കോൺക്രീറ്റ് റോഡുകളും, മതിലും തകർത്ത് ഒരു മല തന്നെ പാതിയിടിഞ്ഞ് കൊച്ചി -മധുര ദേശീയപാതയിലും മാട്ടുപ്പട്ടി ആറ്റിലുമായി പതിച്ചു. ആയിരക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറിയിൽ രണ്ടടി പൊക്കത്തിൽ വെള്ളം നിറഞ്ഞു, ഒാഫീസി​​​െൻറ പിന്നാമ്പുറം ചളി വന്നു നിറഞ്ഞു. മുറ്റം ചെളിക്കളമായി, പുതിയ അക്കാഡമിക് ബ്ലോക്കിന് സമീപവും ചെറിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായി, വൈദ്യുതബന്ധവും ഇൻറർനെറ്റ് കണക്ടിവിറ്റിയും തകർന്നു തരിപ്പണമായി. ഒരു ജനതയുടെ, തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവന്റെ, സാധാരണക്കാര​​​െൻറ മക്കളുടെ സ്വപ്നങ്ങൾ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായി. 

എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഒരു മരണ വീട്ടിലേക്ക് എത്തും പോലെ കുട്ടികളും അധ്യാപകരും പ്രതീക്ഷകൾ മുറിഞ്ഞ് തകർന്നു പോയ സ്വപ്ന ഭൂമിയിലേക്കെത്തി. കലി തീരാത്ത വിധം തലയുയർത്തി നിൽക്കുന്ന പാതി മുറിഞ്ഞ മല അവിടെത്തന്നെയുണ്ട്. കുഴഞ്ഞ് - തകർന്ന് - മലച്ചു കിടക്കുന്ന കോളേജ് മരണം മണത്ത് കിടന്നു. വേണ്ടപ്പെട്ടവരാരോ ക്രൂരമായി കൊലചെയ്യപ്പെട്ട് കിടക്കുന്ന പോലെ ആ കാഴ്ച ഭയാനകവും ക്രൂരവുമായിരുന്നു...

ഉടമസ്ഥർ വന്നത് മണത്തറിഞ്ഞ്, ചത്തുകിടന്ന സ്വപ്നങ്ങൾക്ക് ഈ പെരുമഴയത്ത് മുഴുവൻ കാവൽ നിന്ന ജൂലിയെന്ന ഞങ്ങളുടെ നായ ഓടി വന്ന് ദയനീയമായി എല്ലാവരേയും നോക്കി ദൈന്യതയോടെ വാലാട്ടി ഞങ്ങളോടൊപ്പം ആ മൺകൂനയെ നോക്കി നിന്നു.

രക്തമൊഴുകി തീരാത്ത ജഡം പോലെ ഉരുൾപൊട്ടിയൊഴുകിയ വഴി നീളെ ഉറവജലം ഒഴുകിക്കൊണ്ടിരുന്നു. ഒന്നും മിണ്ടാനാവാതെ ഞങ്ങളും അന്ത്യ യാത്രയുടെ അവസാന ചിത്രങ്ങളെടുത്ത് ജൂലിയെത്തനിച്ചാക്കി ചളിക്കൂന വിട്ടിറങ്ങി... മനസ്സ് വല്ലാതെ മരവിച്ചു... വർഷങ്ങളോളം കണ്ട സ്വപ്നങ്ങൾ 'മണ്ണ് ' വന്ന് നിറഞ്ഞു. കുട്ടികളുടെ നിലക്കാത്ത വിളികൾക്ക് മറുപടികളില്ലാതെ അധ്യാപകർ കുഴങ്ങി.. നൂറ് കണക്കിന് കുട്ടികളുടെ ഭാവി പുഴയിൽത്തള്ളി മഴ നിന്നു.

ഞങ്ങൾ ഇക്കാലമത്രയും ഈ മണ്ണിൽ ഒരു പാമ്പും കോണിയും കളിയിലേർപ്പെട്ടിരിക്കയായിരുന്നു. 2005 ൽ വിഴുങ്ങിയ പാമ്പ് ഒരുപാട് ദൂരം പിന്നോട്ടടിച്ചു... ദാ 2018 ൽ 99 വരെ ഇഴഞ്ഞെത്തിയ ഞങ്ങളെ വീണ്ടും പാമ്പു വിഴുങ്ങി പൂജ്യത്തിലെത്തി.. ഇനി കളിക്കാൻ കരുക്കളില്ല ഞങ്ങളും ഞങ്ങളുടെ കുട്ടികളും ഈ കളിയിൽ നിന്നും..മണ്ണിൽ നിന്നും പുറത്തായി.

Tags:    
News Summary - Rain issue munnar government college-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.