തൃശൂർ: സംസ്ഥാനത്ത് ചരിത്രം തിരുത്തിയ മഴ നിലമ്പൂരിൽ. ബുധനാഴ്ച രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാവിലെ 8.30 വരെ 24മണിക്കൂറിൽ 398 മില്ലിമീറ്റർ മഴയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പെയ്തിറങ്ങിയത്. 1941ൽ മാനന്തവാടിയിൽ ലഭിച്ച 321.6 മി.മീ മഴയാണ് സംസ്ഥാനത്ത് 24 മണിക്കൂറിൽ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ്.
വയനാട്ടിലെ മാനന്തവാടിയിൽ 305 മി.മീ മഴ പെയ്തു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്തമഴ ലഭിച്ചത്. ഇടുക്കി ജില്ലയിൽ മൂന്നു സ്ഥലങ്ങളിലാണ് ബുധനാഴ്ച രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാവിലെ 8.30 വരെ പേമാരി ലഭിച്ചത്. പീരുമേട് (255), മൂന്നാർ (254), മൈലാടുംപാടം (211) എന്നിങ്ങനെയാണ് മഴയുടെ അളവ്. 200 മില്ലിമീറ്ററിന് മുകളിൽ ലഭിക്കുന്ന മഴ കാലാവസ്ഥ വകുപ്പ് പേമാരിയായാണ് കണക്കാക്കുന്നത്. പാലക്കാട് ജില്ലയിൽ പാലക്കാട്ടും പേമാരി ലഭിച്ചു; 214 മില്ലിമീറ്റർ. മണ്ണാർക്കാട് (172), ചിറ്റൂർ (153) എന്നിവിടങ്ങളിൽ അതിശക്ത മഴയും പെയ്തു.
അതിനിടെ ഇൗ വർഷം ശരാശരിയിൽ നിന്നും അധികമഴയിലേക്കാണ് കേരളം നീങ്ങുന്നത്. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് ഒമ്പതുവരെ 1522 മി.മീ മഴയാണ് കേരളത്തിന് ലഭിക്കേണ്ടത്. എന്നാൽ 283 മി.മീ അധികമാണ് മഴ ലഭിച്ചിട്ടുള്ളത്; 19 ശതമാനം അധികം. ശതമാനം 20 കടന്നാൽ കേരളത്തിൽ അധികമഴ ലഭിച്ചതായി കണക്കാക്കും. വർഷങ്ങൾക്കിപ്പുറമാണ് ഇത് സംഭവിക്കുന്നത്.
ഇടുക്കിയിലാണ് കൂടുതൽ മഴ ലഭിച്ചത്. 50.2 ശതമാനം അധികമാണ് മഴ ഇവിടെ ലഭിച്ചത്. തൊട്ടു പിന്നാലെ പാലക്കാടുമുണ്ട്. 44.5 ശതമാനമാണ് പാലക്കാട് അധികം ലഭിച്ചത്. കൂടുതൽ മഴയിൽ കുറവ് .5 ശതമാനവുമായി കണ്ണൂരാണ്. കഴിഞ്ഞ ദിവസങ്ങളിൽ വല്ലാതെ മഴ പെയ്ത വയനാട് ജില്ലയിൽ 9.8 ശതമാനത്തിെൻറ അധികമഴയാണുള്ളത്. അതേസമയം രണ്ടുജില്ലകളിൽ ഇപ്പോഴും മഴ കുറവാണ്. കാസർകോട് 20ഉം തൃശൂരിൽ 7.8 ശതമാനത്തിെൻറയും കുറവാണുള്ളത്.
1878, 1924, 1933, 1946, 1961, 1975, 2003, 2013 വർഷങ്ങളിലാണ് ഇതുവരെ വെള്ളപ്പൊക്കം അടക്കം ഉണ്ടായ കനത്ത മഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.