തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷവും വരൾച്ച സാധ്യത രൂപപ്പെട്ടതോടെ രൂക്ഷമായ പ്രതിസന്ധി ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കരുതൽനടപടികളുടെ ഭാഗമായി മഴവെള്ള സംഭരണം ലക്ഷ്യമാക്കി മൂന്ന് കർമസേനകൾ (ടാസ്ക്ഫോഴ്സ്) രൂപവത്കരിക്കും.
തൃശൂരിൽ വിജയകരമായി നടപ്പാക്കിയ ‘മഴപ്പൊലിമ’യുടെ മാതൃകയിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ളസംഭരണം സംസ്ഥാന വ്യാപകമായി നടത്താനുള്ളതാണ് ഒരു ടാസ്ക്ഫോഴ്സ്. തദ്ദേശ സ്വയംഭരണ സെക്രട്ടറി ഡോ. വി.കെ. ബേബിക്കായിരിക്കും ഇതിെൻറ ചുമതല. തടയണകൾ, െറഗുലേറ്ററുകൾ എന്നിവ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യുന്നതിനും താൽക്കാലിക തടയണകൾ നിർമിക്കുന്നതിനുമാണ് രണ്ടാമത്തെ ടാസ്ക്ഫോഴ്സ്.
കനാലുകൾ, കുളങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനും പരമാവധി മഴവെള്ളം സംഭരിക്കുന്നതിനുമാണ് മൂന്നാമത്തെ ടാസ്ക്ഫോഴ്സ്. അവസാനത്തെ രണ്ട് ടാസ്ക്ഫോഴ്സുകളുടെയും ചുമതല ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ്. ഈ ടാസ്ക്ഫോഴ്സുകൾ അവയുടെ പ്രവർത്തനപദ്ധതി അടിയന്തരമായി തയാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആഗസ്റ്റ് 21ന് ചേരുന്ന യോഗത്തിൽ പ്രവർത്തനപദ്ധതികൾ സമർപ്പിക്കണം.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ ആഗസ്റ്റ് ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 27 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. പ്രധാന ജലവൈദ്യുത പദ്ധതികളുള്ള ഇടുക്കിയിൽ 36 ശതമാനം മഴ കുറവാണ്. വയനാട്ടിൽ 58 ശതമാനം കുറവ്. ഇടുക്കിയിലെ ജലസംഭരണികളിൽ 32 ശതമാനം വെള്ളമേയുള്ളൂ. ശരാശരി 20 ശതമാനം കുറവ്.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നല്ല മഴ കിട്ടുകയാണെങ്കിൽ പ്രതിസന്ധി ഒഴിവാകും. വെള്ളം കരുതലോടെ ഉപയോഗിക്കുന്നതിനും മഴവെള്ളം ശേഖരിക്കാനുമുള്ള പ്രവർത്തനം അടിയന്തരമായി നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബോധവത്കരണ പ്രവർത്തനങ്ങൾ പൊതുജന സമ്പർക്ക വകുപ്പുമായി സഹകരിച്ച് ദുരന്തനിവാരണ അതോറിറ്റി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.