തൃശൂർ: ജില്ലയിൽ നിലവിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടില്ല. ചാലക്കുടി താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അവിടെ 139 പേർ നിലവിൽ താമസിക്കുന്നുണ്ട്.
തൃശൂർ താലൂക്കിൽ ചാലക്കൽ വില്ലേജിൽ മണ്ണിടിച്ചിൽ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തെയും കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് വില്ലേജിൽ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തെയും മുകുന്ദപുരം താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണി കാരണം ഒരു കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കോവിഡ് പോസിറ്റീവ്, ക്വാറന്‍റൈനിലുള്ളവർ എന്നിവർക്കായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ചാലക്കുടി താലൂക്കിലെ കുഴൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ക്വാറന്‍റൈനിൽ ഉള്ളവരെ പാർപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ രണ്ടു പേർ താമസിക്കുന്നു.
ജില്ലയിൽ നിലവിൽ വെള്ളപ്പൊക്കത്തിന്‍റെ നാശനഷ്ടമില്ല. കാറ്റും മഴയും മൂലം 1,10,64,298 രൂപയുടെ നാശനഷ്ടം കണക്കാക്കി. ചാഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകൾ രണ്ട് കിലോ മീറ്റർ ദൂരത്തിൽ തകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി, പെരിങ്ങൽക്കുത്ത് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ചെറുകിട ജലസേചന വകുപ്പിന് കീഴിലെ പൂമല ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്.
പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് ശനിയാഴ്ച രാവിലെ 11ന് 419.90 മീറ്റർ (റെഡ് അലേർട്ട്: 419 മീറ്റർ, ഫുൾ റിസർവോയർ ലെവൽ 424 മീറ്റർ). തമിഴ്‌നാട് ഷോളയാർ ഡാം പൂർണ സംഭരണ ശേഷിയിലായതോടെ വെള്ളിയാഴ്ച രാത്രി എട്ടിന് സ്പിൽവേ ഷട്ടറുകൾ തുറന്ന് 3000 ക്യുസെക്‌സ് വെള്ളം കെ.എസ്.ഇ.ബി ഡാമായ കേരള ഷോളയാറിലേക്ക് ഒഴുക്കി. ഷട്ടറുകൾ തമിഴ്‌നാട് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് അടച്ചു. കേരള ഷോളയാറിലെ ജലനിരപ്പ് രാവിലെ 10 മണിക്ക് 2640.80 അടി. ഫുൾ റിസർവോയർ ലെവൽ 2663 അടി. ബ്ലൂ അലേർട്ട് 2658 അടി.
ഇറിഗേഷൻ ഡാമുകളുടെ നിലവിലെ ജലനിരപ്പ്: പീച്ചി 73.08 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 79.25 മീറ്റർ). ചിമ്മിനി 68.51 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 76.40 മീറ്റർ), വാഴാനി: 53.85 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 62.48 മീറ്റർ), പൂമല ഡാം: 27.8 അടി (ഫുൾ റിസർവോയർ ലെവൽ 29 അടി). പത്താഴക്കുണ്ട് 9.77 മീറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.