മഴക്കെടുതി: എട്ട്​ ജില്ലകളിൽ ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചു

തിരുവനന്തപുരം: ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്​) ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചുകഴിഞ്ഞു. ഇതുകൂടാതെ നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിൽ വിന്യസിച്ചു. സംസ്ഥാനത്ത് നിലവിൽ വിവിധ ജില്ലകളിലായി 11 എൻ.ഡി.ആർ.എഫ്​ ടീമിനെ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സിന്‍റെ ടീമുകൾ ഒരെണ്ണം കോഴിക്കോടും വയനാടും വിന്യസിച്ചു. എയർഫോഴ്്സിന്‍റെ രണ്ടു ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ ഐ.എൻ.എസ്​ ഗരുഡ എന്നിവിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. നേവിയുടെ ഒരു ചോപ്പറും കൊച്ചിയിൽ അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിരിക്കുകയാണ്.

സന്നദ്ധ സേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്. എൻജിനിയർ ടാസ്ക് ഫോഴസ് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്ന ആൾക്കാരെ പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.

നേവിയുടെ ഹെലികോപ്റ്റർ എറണാകുളത്തുനിന്നും 100 ഭക്ഷണപ്പൊതികൾ കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ എത്തിച്ചു. ഡാമുകളിലും ആർമിയുടെ പ്രതിനിധികളെ വിന്യസിച്ചിട്ടുണ്ട്​. 

Tags:    
News Summary - Rainfall: National Disaster Response Force deployed in eight districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.