ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കോൺഗ്രസ് നേതൃത്വവും എതിർത്തേക്കും. നേരത്തെ, മുസ്ലിം ലീഗ്, സി.പി.ഐ, സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളും നീക്കത്തിൽ ദുരൂഹത ആരോപിച്ചു രംഗത്തുവന്നിരുന്നു. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ പാർട്ടി എതിർത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
വിഷയത്തിൽ ഹൈകമാൻഡ് വിശദമായ ചർച്ച നടത്തിയേക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരോടും മഹിള കോൺഗ്രസ് നേതാക്കളോടും അഭിപ്രായം ചോദിച്ചിട്ടുണ്ട്. തുടർന്നായിരിക്കും പാർട്ടിയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുക.
നിലവിൽ എടുത്തു ചാടി അഭിപ്രായം പറയേണ്ടെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടെന്നുമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്ന നിലപാട്. വിവാഹപ്രായം ഉയർത്തുന്നതിൽ കേന്ദ്ര സർക്കാറിന് വേറെ അജണ്ടയെന്ന് മുതിർന്ന നേതാവ് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ബിൽ കൊണ്ടുവരുന്ന കാര്യം സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഇതാണ് പാർട്ടിയുടെ നിലപാട് വൈകിപ്പിക്കുന്നതും. കേന്ദ്ര നീക്കത്തിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശനിയാഴ്ച രാവിലെ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18ൽ നിന്ന് 21 വയസാക്കി ഉയർത്താനാണ് കേന്ദ്ര നീക്കം. പാർലമെൻറ് സമ്മേളനത്തിന് മുമ്പ് ചേർന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയത്. വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.