ചാൻസലറെ മാറ്റൽ ബില്ലിന് 'തടവറ'യൊരുക്കാൻ രാജ്ഭവൻ

തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്ന സർവകലാശാല ബില്ലിന് രാജ്ഭവൻ 'തടവറ' വിധിച്ചേക്കും. ബില്ലിൽ ഉടൻ തീരുമാനമെടുക്കാതെയോ രാഷ്ട്രപതിക്ക് റഫർ ചെയ്തോ നിയമം പ്രാബല്യത്തിൽ വരുന്നത് തടയാനുള്ള വഴിയാണ് രാജ്ഭവൻ തേടുന്നത്.

13ന് നിയമസഭ പാസാക്കിയ ബില്ലിൽ നിയമ സെക്രട്ടറി ഒപ്പിടുകയും ബന്ധപ്പെട്ട ഭരണവകുപ്പുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ്, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ഐ.ടി വകുപ്പുകളുടെ പരിധിയിലുള്ള സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നാണ് ഗവർണറെ മാറ്റുന്നത്.

മുഖ്യമന്ത്രി കൂടി കണ്ടശേഷം ബിൽ ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയക്കും. ഏതാനും ദിവസങ്ങൾക്കകം ഈ നടപടികൾ പൂർത്തിയാവും. ബിൽ ലഭിക്കുന്ന മുറക്ക് തുടർനടപടികൾ രാജ്ഭവൻ സ്വീകരിക്കും.

ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കാനുള്ള ബില്ലായതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടില്ലെന്ന് ഏറക്കുറെ ഉറപ്പാണ്. ബില്ലിന്‍റെ നിയമസാധുത സംബന്ധിച്ച് രാജ്ഭവൻ നിയമോപദേശം തേടാനാണ് സാധ്യത.

നിയമപ്രശ്നങ്ങളുണ്ടെങ്കിൽ രാഷ്ട്രപതിക്ക് വിടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതിനായി ഫയൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനായിരിക്കും രാജ്ഭവനിൽനിന്ന് അയക്കുക. നിയമ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ കൂടി അഭിപ്രായം തേടിയശേഷമാവും ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് വിടുക.

ബിൽ രാഷ്ട്രപതിക്ക് വിട്ടാൽ തീരുമാനം അനന്തമായി വൈകുമെന്ന് ഉറപ്പാണ്. ബില്ലിൽ ഗവർണർ തീരുമാനമെടുക്കാതെ വൈകിപ്പിച്ചാൽ സർക്കാർ നിയമവഴി തേടിയേക്കും. എന്നാൽ, ബില്ലിൽ തീരുമാനമെടുക്കുന്നതിൽ ഗവർണർക്ക് മേൽ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് ഏതാനും ദിവസം മുമ്പ് ഹൈകോടതി വിധിന്യായത്തിൽ അഭിപ്രായപ്പെട്ടത് നടപടി വൈകിപ്പിക്കാൻ രാജ്ഭവന് സഹായകരമാകും.   

Tags:    
News Summary - Raj Bhavan might be withhold the new bill on chancellors or refer it to the President of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.