ഒമ്പത്​ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; രാജമലയിൽ ആകെ മരണം 26

മൂന്നാർ: വെള്ളിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ രാജമലയിൽ ഒമ്പത്​ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 26 ആയി. ബാക്കിയുള്ളവർക്കായി തെരച്ചിൽ ഉൗർജിതമാക്കിയതായി കലക്ടർ അറിയിച്ചു.

പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 45 ഒാളം പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്​കാരം നടത്തി. മൂന്നു കിലോമീറ്റർ അകലെ മലയുടെ താഴ്‌വാരത്ത് വലിയ കുഴിയെടുത്ത് ഒരുമിച്ച് തന്നെ അന്ത്യവിശ്രമമൊരുക്കുകയയിരുന്നു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച അർധരാത്രിയോടെ തെരച്ചിൽ നിർത്തിവെച്ചിരുന്നു. പ്രദേശത്ത് കനത്ത മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ട് കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചിൽ നിർത്തിവെച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 11 പേരിൽ ഒരാളുടെ നില ഗുരുതരമാണ്.

​വ്യാഴാഴ്​ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 80 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. 12 പേര്‍ രക്ഷപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.