തിരുവനന്തപുരം: രാജമല ഉരുൾപൊട്ടൽ സ്ഥലത്തെ ദൗത്യം വിജയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി കേരള പൊലീസ് എട്ടു നായ്ക്കളെ കൂടി വാങ്ങുന്നു. പ്രത്യേക പരിശീലനം നൽകിയ ശേഷം ഇവയെ എട്ടു ജില്ലകളിൽ വിവിധ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി മുൻകൈയെടുത്ത് അടുത്തിടെ വിദേശ ബ്രീഡ് നായ്ക്കളെ ശ്വാനസേനയിൽ എത്തിച്ചിരുന്നു. ഇവയുടെ ഭക്ഷണം ഉൾപ്പെടെ കാര്യങ്ങളിൽ വിവാദങ്ങളും ഉയർന്നു. ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപെട്ട 10 മാസം മാത്രം പ്രായമുള്ള മായയെന്നും ലില്ലിയെന്നും വിളിപ്പേരുള്ള നായ് ആണ് രാജമലയിൽ മണ്ണിനടിയിൽനിന്ന് അഞ്ചിലധികം മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. തൃശൂർ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാകുന്നതിനുമുമ്പാണ് ലില്ലിയെയും മറ്റൊരു നായ് ആയ ഡോണയെയും പ്രത്യേക ദൗത്യത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുൻകൈയെടുത്ത് മൂന്നാറിലേക്കയച്ചത്. രണ്ടു ബാച്ചിലായി 35 നായ്ക്കളാണ് അക്കാദമിയിൽ പരിശീലനം നേടുന്നത്.
ലില്ലി ഉൾപ്പെടെ രണ്ടു നായ്ക്കൾക്കാണ് മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നൽകുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ജി. സുരേഷിെൻറ േനതൃത്വത്തിൽ പരിശീലനം നേടുന്ന ഇവളുടെ ഹാൻഡ്ലർ പി. പ്രഭാത് ആണ്. ഡോണ മണ്ണിനടിയിൽ മനുഷ്യർ ജീവനോടെയുണ്ടെങ്കിൽ കണ്ടുപിടിക്കാൻ വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്. വർക്കിങ് ലാബ്രഡോർ വിഭാഗത്തിൽപെട്ട ഡോണയുടെ പരിശീലകൻ കെ.എസ്. ജോർജ് മാനുവൽ ആണ്.
കാടിനുള്ളിലെ തിരച്ചിലിനും സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനും വിദഗ്ധരാണ് ബാച്ചിലെ മറ്റ് നായ്ക്കൾ. പഞ്ചാബ് പൊലീസിെൻറ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവയെ വാങ്ങിയത്. എട്ടു നായ്ക്കൾക്ക് മയക്കുമരുന്ന് കണ്ടെത്താൻ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. 150 നായ്ക്കളാണ് ഇപ്പോൾ പൊലീസിലുള്ളത്. തൃശൂർ പൊലീസ് അക്കാദമിയിലെ 'വിശ്രാന്തി'യിൽ 19 നായ്ക്കൾ വിശ്രമജീവിതം നയിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.