പാലക്കാട്: ലോക‍്‍സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക‍്‍സഭ മണ്ഡലത്തിൽ പരാജയപ്പെട്ട എം.ബി. രാജേഷിനെ പാർട്ടി ഏൽപിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർഥിത്വം. പാലക്കാട്ടെ എ.കെ. ബാലന്‍, എന്‍.എന്‍. കൃഷ്ണദാസ്, പി.കെ. ശശി എന്നീ നേതാക്കളെ ഒഴിവാക്കിയ തെരഞ്ഞെടുപ്പില്‍ എല്ലാ കണ്ണുകളും തൃത്താലയിലേക്കായിരുന്നു. ആ ദൗത്യം ഭംഗിയായി വിജയിച്ചു. മൂവായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്‍റ് രാജേഷ് തൃത്താല പിടിച്ചെടുത്തത്. അതും കോണ്‍ഗ്രസിലെ യുവതുര്‍ക്കി വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തി.
മികച്ച പാര്‍ലമെന്‍റേറിയനായ രാജേഷിനെ പിണറായി പ്രധാന വകുപ്പുകള്‍ ഏല്‍പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നറുക്കുവീണത് സ്പീക്കര്‍ സ്ഥാനം. 10 വര്‍ഷം പാര്‍ലമെന്‍റ് അംഗമായ അനുഭവ സമ്പത്തുമായാണ് കേരള നിയമസഭയുടെ 23ാമത്തെ സ്പീക്കറായത്. നിയമസഭയിലേക്ക് ആദ്യമായി എത്തുമ്പോള്‍തന്നെ ഒരാള്‍ സ്പീക്കറാകുന്നത് നടാടെ. നിലപാടുകൾകൊണ്ട് പാർട്ടിയിൽതന്നെ രാജേഷിന് വെല്ലുവിളികളുണ്ടായിരുന്നു. മന്ത്രിസഭയിൽ ഉൾപ്പെടാതിരുന്നതോടെ ചർച്ച സജീവമായി. അഭിപ്രായങ്ങൾ മുഖംനോക്കാതെ പറയുന്ന പഴയ രാജേഷിൽനിന്ന് കരുതലോടെ പ്രതികരിക്കുന്ന രാഷ്ട്രീയക്കാരനിലേക്കുള്ള വളർച്ചയായിരുന്നു പിന്നീട് കണ്ടത്. ഗവർണർ വിവാദത്തിൽ ഉൾപ്പെടെ രാജേഷിന്‍റെ പ്രതികരണം കൃത്യതയുള്ളതായിരുന്നു. അതാണ് മന്ത്രിപദവിയിലേക്ക് തുണ. സ്പീക്കർ പദവിയിൽ, പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിനുവരെ സ്വീകാര്യനായി. കെ.കെ. രമക്ക് എതിരായ എം.എം. മണിയുടെ പരാമർശത്തിലെ ഇടപെടൽ ഇതിൽ ഒന്നു മാത്രം.
ലോക്‌സഭയിലേക്കുള്ള ആദ്യ പോരാട്ടത്തില്‍ കഷ്ടിച്ച് കടന്നുകൂടിയ രാജേഷ് 2014ല്‍ ലക്ഷത്തോളം വോട്ടുകള്‍ക്കാണ് എം.പി. വീരേന്ദ്രകുമാറിനെ തറപറ്റിച്ചത്. എന്നാല്‍, 2019ല്‍ വി.കെ. ശ്രീകണ്‌ഠനോട് പരാജയപ്പെട്ടു. വിദേശകാര്യം, ശാസ്ത്ര- സാങ്കേതികം, പെട്രോളിയം, ഊർജകാര്യം, കൃഷി എന്നീ പാര്‍ലമെന്‍ററി സമിതികളില്‍ പ്രവര്‍ത്തിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. പാലക്കാട് ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ. രമണിയുടെയും മകനാണ്. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും ലോ അക്കാദമിയിൽനിന്ന് നിയമ ബിരുദവും നേടി. കാലടി സംസ്കൃത സർവകലാശാലയില്‍ അസി. പ്രഫസറായ നിനിത കണിച്ചേരിയാണ് ഭാര്യ. നിരഞ്ജനയും പ്രിയദത്തയുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.