നെടുങ്കണ്ടം: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്് അറസ്റ്റിലായ രാജ്കുമാർ പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ സി.ബി.ഐ കുറ്റപത്രം ഉടൻ സമർപ്പിക്കും. ഇതുസംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലാണ്.
രാജ്കുമാർ കസ്റ്റഡിയിൽ മരിച്ച സമയത്ത് ജില്ലയുടെ ചുമതലയുണ്ടായിരുന്ന പൊലീസ് മേധാവിയെ തിരുവനന്തപുരം സി.ബി.ഐ ഓഫിസിൽ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. രാജ്കുമാറിനെ അന്യായമായി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച 2019 ജൂൺ 12 മുതൽ 16 വരെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
ഹരിത ഫിനാൻസിൽ പണം നിക്ഷേപിച്ചവരുടെയും രാജ്കുമാർ പണം നിക്ഷേപിച്ചെന്ന് പറഞ്ഞ ബാങ്കിൽ ഒപ്പം പോയവരുടെയും മൊഴി നേരത്തേ ശേഖരിച്ചിരുന്നു. വണ്ടൻമേട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.ജി. ജോർജുകുട്ടിയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലും പരിശോധിച്ചു.
നെടുങ്കണ്ടം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കട്ടിലിലെ കിടക്കയും പുതപ്പും കൈലിയും തോർത്തും മറ്റും രാജ്കുമാറിന് തെൻറ അനുവാദമില്ലാതെ ഉപയോഗിക്കാൻ നൽകിയെന്നും അവ സ്റ്റേഷനിലെ ചില പൊലീസുകാർ കത്തിച്ച് തെളിവ് നശിപ്പിച്ചെന്നുമായിരുന്നു ജോർജുകുട്ടിയുടെ വെളിപ്പെടുത്തൽ. 2020 ജനുവരി 24ന് കേസ് ഏറ്റെടുത്ത സി.ബി.ഐ 29നാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും പീരുമേട് സബ് ജയിലിലുമെത്തി അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.