വയനാട്ടിൽ 48 പേരെ ഇപ്പോഴും കണ്ടെത്താനായില്ല, ഷിരൂരിൽ അർജുനായി കർണാടക കോടികൾ ചെലവഴിച്ചു -രാജ്മോഹൻ ഉണ്ണിത്താൻ

കൽപറ്റ: വയനാട് ഉരുൾ ദുരന്തത്തിൽ കാണാതായവരിൽ 48 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നും ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനായി കർണാടക സർക്കാർ കോടികളാണ് ചെലവഴിച്ചതെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കൽപറ്റയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

48 പേരുടെ മൃതദേഹം ഇപ്പോഴും കിട്ടാനുണ്ട്. തിരച്ചിൽ നിർത്തി. ഷിരൂരിൽ അർജുന്‍റെ മൃതദേഹം കണ്ടെത്താൻ കർണാടക കോടികൾ ചെലവഴിച്ചു. ഒരു മനുഷ്യന്‍റെ ജീവന് ഞങ്ങൾ കൊടുക്കുന്ന വിലയാണ് കർണാടകയിലെ ഷിരൂരിൽ നിങ്ങൾ കണ്ടത്. അവസാനം ലോറിയും അർജുന്‍റെ മൃതദേഹവും കണ്ടെത്തി. ഇവിടെ 48ഓളം പേരെ കാണുന്നില്ല. ഒരു ഡെത്ത് സർട്ടിഫിക്കറ്റെങ്കിലും അവർക്ക് നൽകണ്ടേ? കൊടുക്കാമെന്ന് പറഞ്ഞ 10,000 രൂപയും 6000 രൂപയും 300 രൂപയുമൊന്നും കിട്ടാത്തവരുണ്ട്. പുരനധിവസിപ്പിക്കാൻ ഭൂമി വേണം, സർക്കാർ പറയുന്ന പ്ലാന്‍റേഷൻ ഭൂമി കോടതി വ്യവഹാരത്തർക്കത്തിലിരിക്കുന്നതാണ് -രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

പഴകിയ ഭക്ഷ്യക്കിറ്റ്: മുഴുവൻ ഉത്തരവാദിത്തവും സർക്കാറിനും ജില്ല ഭരണകൂടത്തിനും -ടി. സിദ്ദീഖ്

കൽപറ്റ: വയനാട് ഉരുൾ ദുരന്ത ബാധിതർക്ക് പഴകിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാറിനും ജില്ല ഭരണകൂടത്തിനുമാണെന്ന് ടി. സിദ്ദീഖ് എം.എൽ.എ. വിതരണം ചെയ്യുമ്പോൾ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. മേപ്പാടി പഞ്ചായത്തിനോട് ദുരന്തത്തിനുശേഷം സർക്കാർ സ്വീകരിച്ച എല്ലാ സമീപനവും വളരെ മോശമായതാണ്. പുത്തുമല ദുരന്തമുണ്ടായപ്പോൾ എല്ലാം പഞ്ചായത്ത് മുഖേനെയാണ് നടത്തിയത്. എന്തേ മേപ്പാടി പഞ്ചായത്തിനെ മാറ്റി നിർത്തുന്നതെന്ന് ടി. സിദ്ദീഖ് ചോദിച്ചു.

Tags:    
News Summary - rajmohan unnithan about wayanad landslide victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.