സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച കെ.വി. തോമസിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കിട്ടാവുന്ന പദവികൾ എല്ലാം ലഭിച്ച വ്യക്തിയാണ് കെ.വി. തോമസെന്നും ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിനോട് കാണിച്ചത് നന്ദികേടാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
എന്താണ് കെ.വി. തോമസ് ഇനി ആഗ്രഹിക്കുന്നതെന്ന് അറിയില്ല. സി.പി.എമ്മിന്‍റെ ചതിക്കുഴിയിലാണ് തോമസ് വീണത്. ഇതിന് വലിയ വില നൽകേണ്ടി വരും. കോൺഗ്രസ് പ്രവർത്തകരെ റോഡിലിട്ട് തല്ലുന്ന പാർട്ടിയുടെ സമ്മേളനത്തിൽ എങ്ങനെയാണ് കെ.വി. തോമസ് പങ്കെടുക്കുക. കെ.വി. തോമസിന്‍റെ ശരീരം കോൺഗ്രസിലും മനസ് സി.പി.എമ്മിലുമാണ് -ഉണ്ണിത്താൻ പറഞ്ഞു.
സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന് ഇന്ന് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് പ്രഫ. കെ.വി. തോമസ് വ്യക്തമാക്കിയത്. മുമ്പ് ചെന്നൈയിൽ നടന്ന പാർട്ടി കോൺഗ്രസിൽ രാഹുൽ ഗാന്ധി പങ്കെടുത്തിട്ടുണ്ട്. നിരവധി കോൺഗ്രസ് നേതാക്കൾ ഇത്തരം സെമിനാറിൽ സഹകരിച്ചിട്ടുണ്ട്. ഇപ്പോൾ എന്തിനാണ് വിലക്കുന്നതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഈ സെമിനാർ ദേശീയ പ്രാധാന്യമുള്ള വിഷയമാണ്. താൻ കോൺഗ്രസുകാരൻ തന്നെയാണ്. പാർട്ടിയിൽ നിന്ന് പുറത്തുപോകില്ല. തന്നെ പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണ്. പാർട്ടിയിലേക്കല്ല, സെമിനാറിലേക്കാണ് പോകുന്നതെന്നും കെ.വി. തോമസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.