കാസർകോട്: ഹൈമാസ്റ്റ് ലൈറ്റിനു ചോട്ടിൽ എന്റെ പടം വെളിച്ചത്തിൽ തെളിയിക്കുക എന്ന ആശയത്തിനു പ്രചോദനം മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം മുഖ്യമന്ത്രിയായശേഷം സംസ്ഥാന സർക്കാർ പദ്ധതികളുടെ പുറത്ത് അദ്ദേഹത്തിന്റെ പടം വെക്കുകയെന്ന തന്ത്രം സ്വീകരിച്ചിട്ടുണ്ട്. അതിലെ ആവേശം ഉൾക്കൊണ്ടാണ് എം.പി ഫണ്ട് മുഖേനയുള്ള പദ്ധതികളിൽ പ്രത്യേകിച്ച് ഹൈമാസ്റ്റ് ലൈറ്റുകളിലും ബസുകളിലും എന്റെ പടം വെക്കുന്നത്. അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്
ഞാൻ 1965ൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ആളാണ്. കോൺഗ്രസിന്റെ പല ഘടകങ്ങളിലും പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കാസർകോട് വന്നിട്ടുണ്ട്. എന്നാൽ ഇത്രയേറെ വിശ്വസിക്കാൻ കൊള്ളുന്ന ജനത കേരളത്തിൽ വേറെയൊരിടത്തുമില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം അവർ നൽകുന്ന സ്നേഹം മറക്കാനാവില്ല. എം.പിയാകാനുള്ള സൗഭാഗ്യം തന്നത് അവരാണ്. ഹൃദയത്തിൽ മായ്ക്കാനാകാത്ത സ്ഥാനമാണ് കാസർകോട്ടുകാർക്ക്.
തെയ്യം, ഉറൂസ്, പള്ളിപ്പെരുന്നാൾ എന്നിവയുടെ നാടാണ്. എല്ലാ വിഭാഗം ജനങ്ങളും എല്ലാ ഉത്സവങ്ങളിലും കാണും. ഒരമ്മപെറ്റ മക്കളെപോലെ കഴിയുന്നു. ചേരിതിരിവില്ല. പരസ്പരം ആചാരങ്ങളിൽ പങ്കെടുക്കുന്നു. ഇങ്ങനെയൊരവസ്ഥ വേറെയൊരിടത്തും കാണില്ല. ഈ നാട് ഏറെ ഇഷ്ടപ്പെട്ടുപോയി. എന്നെ അവർ കുടുംബാംഗമായി മാറ്റി. ഉണ്ണീച്ചയെന്നാണ് വിളിക്കുക.
ഒരു പാർലമെൻറ് മണ്ഡലത്തിൽ ഒരു എം.പി.ക്ക് വർഷം അഞ്ചു കോടി രൂപയാണ് ലഭിക്കുക. ഇതിൽ 75 ലക്ഷം പട്ടിക ജാതിവിഭാഗത്തിന്. 37 ലക്ഷം പട്ടികവർഗ വിഭാഗത്തിന്, ഭിന്നശേഷി വിഭാഗത്തിന് എന്നിങ്ങനെ പലതായി വിഭജിക്കണം. ഏഴ് അസംബ്ലി മണ്ഡലങ്ങളിലായി വിഭജിക്കുമ്പോൾ ഒരു മണ്ഡലത്തിൽ 50 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാൻ കഴിയൂ.
കോവിഡ് കാലത്ത് എം.പിയുടെ 25 കോടിയിൽനിന്ന് എട്ട് കോടി കുറച്ചു. ഫണ്ട് 17 കോടി രൂപ മാത്രമായി. മുൻ എം.പി പി. കരുണാകരൻ എം.പിയായിരിക്കെ അദ്ദേഹം ചെലവഴിക്കാതെ വെച്ച രണ്ടര കോടി ഞാൻ കണ്ടെത്തി. അത് ലഭ്യമാക്കാൻ കേന്ദ്രത്തിന് എഴുതി. അതും ചെലവഴിച്ചു.
ആരോഗ്യമേഖലയിൽ അഞ്ച് വെൻറിലേറ്റർ, കോവിഡ് കാലത്ത് 60 ലക്ഷം രൂപയുടെ മൾട്ടിപാര മോണിറ്റർ, മംഗൽപാടി ആശുപത്രി, ജനറൽ ആശുപത്രി, മാട്ടൂൽ ആശുപത്രി എന്നിവക്ക് ആംബുലൻസ് അനുവദിച്ചു. ഭിന്നശേഷിക്കാർക്ക് 54 ലക്ഷം രൂപയുടെ പദ്ധതി നൽകി. ലൈബ്രറികൾക്ക് 12 ലക്ഷം രൂപയുടെ പുസ്തകങ്ങൾ, സ്കൂളുകൾക്ക് ലാപ്ടോപ്പുകൾ, 250 ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ എന്നിവ അനുവദിച്ചു.
കുടിവെള്ളം, സ്പോർട്സ് എന്നിവക്കും തുക നൽകി. പട്ടികജാതി-പട്ടികവർഗ മേഖലയിൽ കമ്യൂണിറ്റി ഹാളുകൾ, നിരവധി റോഡുകൾ എന്നിവ അനുവദിച്ചു. കിനാനൂർ കരിന്തളം ആയുഷ് യൂനിറ്റിന് 90 കോടി രൂപയാണ് കേന്ദ്ര സർക്കാറിൽനിന്ന് ലഭ്യമാക്കിയത്.
ഏഴും അതിലേറെയും ഭാഷകളുള്ള നാടാണ് കാസർകോട്. കന്നടയിൽ ഞാൻ പ്രസംഗിക്കുമ്പോൾ നമസ്കാര, നാനു നിമ്മ എം.പി. എന്ന് പറഞ്ഞാണ് തുടങ്ങുക. അത് അവർക്ക് വലിയ കാര്യമാണ്. തുളുവിനെ എട്ടാം ഷെഡ്യൂളിൽപെടുത്താൻ പ്രമേയം കൊണ്ടുവന്നു. കർണാടകയിൽ എം.പിമാരുണ്ടായിരുന്നിട്ടും അതിന് കാസർകോട് എം.പി വേണ്ടിവന്നു. ദ്രാവിഡ ഭാഷകൾക്ക് വേണ്ടിയും പ്രവർത്തിച്ചു.
ഇടതുപക്ഷത്തിന് വേരുള്ള ജില്ലയാണ് കാസർകോട്. 35 വർഷം അവർ ജയിച്ചു. എന്നെ ജയിപ്പിച്ചത് അവർ പറയുന്ന കാരണങ്ങളാലല്ല. 20ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനുകളിലൂടെയും മിനി സ്ക്രീനുകളിലൂടെയും ചാനൽ ചർച്ചകളിലും അവർക്ക് എന്നെ അറിയാമായിരുന്നു. അവരുടെ വീടകങ്ങളിൽ ഞാനുണ്ടായിരുന്നു. എന്നാൽ സ്ഥാനാർഥിയായി വന്നപ്പോൾ അവർ നേരിട്ട് കണ്ടു.
എന്നെ പരാജയപ്പെടുത്തിയവരുടെ എം.പികൂടിയായി ഞാൻ മാറി. ചീമേനി പേടിപ്പെടുത്തുന്ന സ്ഥലമാണ്. എന്നാൽ, ദുരിതാശ്വസ പ്രവർത്തനകാലത്ത് ചീമേനിയിലെ മാർക്സിസ്റ്റുകാരാണ് എനിക്ക് കഞ്ഞി തന്നത്. ബി.ജെ.പിക്കാർ മരിച്ചാലും സി.പി.എമ്മുകാരൻ മരിച്ചാലും ഞാൻ അവിടെ ചെല്ലും.
എന്നെ സമീപിക്കാൻ ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത് വേണ്ട. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും എന്നെ സമീപിക്കാം. ഞാൻ രാഷ്ട്രീയം മറന്നിരിക്കുകയാണ്. ഞാൻ എല്ലാവരുടെയും സഹോദരനാണ്. ഏതു മതക്കാരനും ഞാൻ സഹോദരനാണ്. കാസർകോട് ആദ്യമായാണ് ജനമധ്യത്തിൽ ഒരു എം.പി. നീതി നിഷേധിക്കുന്നിടത്ത് ഞാനുണ്ടാകും. പൗരത്വ നിയമത്തിനെതിരെ പോരാടി സസ്പെൻഷൻ വാങ്ങിയ ആളാണ്. കർഷകസമരത്തിന് അനുകൂലമായും പാർലമെൻറിൽ പോരാടി.
ബാലകൃഷ്ണൻ മാസ്റ്റർ നിസ്സാരനല്ല. ഒരുലക്ഷത്തിനു മുകളിൽ ഭൂരിപക്ഷമുണ്ടായിരുന്ന കാലമുണ്ടായിരുനു അവർക്ക്. അത് ബാലകൃഷ്ണൻ മാസ്റ്ററുടെയല്ല. മുന്നണിയുടെയാണ്. വിജയത്തിന്റെ ഘടകം രാഷ്ട്രീയത്തിന്റെ അടത്തറയല്ല. ജീവിക്കുന്ന ജനങ്ങളോടുള്ള സമീപനമാണ്. എന്റെ സമീപനം ജനങ്ങൾക്കറിയാം. എന്നെ വേണമെങ്കിൽ അവർക്ക് സ്വീകരിക്കാം. അല്ലെങ്കിൽ മറ്റൊരാളെ സ്വീകരിച്ചാലും സന്തോഷം.
കോൺഗ്രസ് ശരീരംകൊണ്ടും മനസ്സ് കൊണ്ടും ഒറ്റക്കെട്ടാണ്. സമരാഗ്നിയുടെ ഉദ്ഘാടന ചടങ്ങിന്റെ ചെയർമാൻ ഞാനായിരുന്നു. ജില്ല കണ്ടതിൽവെച്ച് ഏറ്റവും വലിയ മുന്നേറ്റമാണ് അത്. കോൺഗ്രസിന്റെ സംഘടനശേഷി കരുത്താർജിച്ചതിന്റെ തെളിവാണ്. മുസ്ലിം ലീഗ് ഉൾപ്പടെയുള്ള ഘടകകക്ഷികളുടെ കൂടി സംഘടനശേഷി കണക്കിലെടുക്കുമ്പോൾ യു.ഡി.എഫ് വലിയ മുന്നേറ്റത്തിലാണ്. കൂട്ടായ്മയുടെ വിജയമായിരുന്നു സമരാഗ്നി യാത്ര.
നിരവധി തീവണ്ടികൾക്ക് മണ്ഡലത്തിൽ സ്റ്റോപ്പ് അനുവദിച്ചു. പരശുറാമിന് ചെറുവത്തൂർ സ്റ്റോപ്പ് അനുവദിച്ചു. ഇന്റർസിറ്റിക്കും ലോക്മാന്യ തിലകിനും നിലേശ്വരത്ത്. ഏറനാടിന് ഏഴിലോട്, മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് പഴയങ്ങാടി, ദാദർ എക്സ്പ്രസിന് കാസർകോട് എന്നിങ്ങനെ നിരവധി സ്റ്റോപ്പുകളാണ് അനുവദിച്ചത്. രണ്ട് വന്ദേഭാരത് വണ്ടികൾ കാസർകോട്ടേക്ക് ലഭിച്ചു.
ഗോവ-മംഗളൂരു വണ്ടി കാസർകോട്ടേക്ക് നീട്ടുന്നതിനുള്ള ശ്രമമുണ്ട്. കുമ്പളയിൽ ടെർമിനലിനുള്ള ശ്രമം ആരംഭിച്ചു. രണ്ട് അമൃത് സ്റ്റേഷനുകൾ ലഭിച്ചു. കാണിയൂർ കാഞ്ഞങ്ങാട് പാതക്കുള്ള ശ്രമം വീണ്ടും ആരംഭിച്ചു.
പെരിയ ഇരട്ടക്കൊല കേസിലും ടി.പി. ചന്ദ്രശേഖരൻ വധക്കേസിലേതുപോലെ ഗൂഢാലോചനയുണ്ട്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ പരിശ്രമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.