സഭ്യത വിട്ട് പെരുമാറിയിട്ടില്ല; മുരളീധരൻ യു.ഡി.എഫിനെ അപമാനിച്ചതിനാലാണ് പ്രതികരിച്ചത് -ഉണ്ണിത്താൻ

തിരുവനന്തപുരം: കെ. മുരളീധരനെതിരെ രൂക്ഷഭാഷയിൽ വിമർശിച്ച് കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ. കെ മുരളീധരനെതിരെ താൻ സഭ്യത വിട്ട് പെരുമാറിയിട്ടില്ലെന്നും കോൺഗ്രസുകാരനെന്ന വികാരത്തിലാണ് പ്രതികരിച്ചതെന്നും ഉണ്ണിത്താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സോണിയ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ചതിന് ശേഷം പോയി കാലുപിടിച്ച ആളാണ് മുരളീധരൻ. കോൺഗ്രസിന് താനൊരു അപമാനവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുരളീധരൻ യു.ഡി.എഫിനെ അപമാനിച്ചതിനാലാണ് പ്രതികരിച്ചത്. മുമ്പും പാർട്ടിയെ അപമാനിച്ചവർക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. കോൺഗ്രസ് വക്താവിന്‍റെ ജോലിയാണ് താൻ ചെയ്യുന്നത്. എന്നാൽ പാർട്ടിയിൽ നിന്ന് പലതവണ പീഡനം ഏറ്റുവാങ്ങി. കെ കരുണാകരൻ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാതെ കോൺഗ്രസിന്‍റെ വിമത സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മുരളീധരൻ പോയതെന്നും അദ്ദേഹം തുറന്നടിച്ചു.

മുരളീധരൻ മുമ്പും പാർട്ടിക്കെതിരെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. സോളാർ ആരോപണമുണ്ടായ സമയത്ത് ചാനൽ ചർച്ചകളിൽ പങ്കെടുത്ത് പാർട്ടിയെ സംരക്ഷിച്ചയാളാണ് താൻ. കേസിൽ കേരളത്തിലെ പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കിയവരുടെ കൂടെ താനില്ലായിരുന്നു. കോണ്‍ഗ്രസിനെ പ്രതിരോധിക്കാൻ മറ്റാരും ചാനലുകളിൽ പോയില്ല. താനാണ് കോൺഗ്രസിനെ രക്ഷിച്ചത്. അന്നുതന്നെ ദൈവദൂതനെപ്പോലെ അവർ കണ്ടു. കേരളത്തിലെ കോൺഗ്രസുകാർക്ക് മാനവും മര്യാദയുമായി നടക്കാൻ അവസരമൊക്കുകയായിരുന്നു. കോൺഗ്രസ് വക്താവായി നടന്ന് കോൺഗ്രസിനെ രക്ഷിക്കുകയാണ് താൻ ചെയ്തത്. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. 48 വർഷത്തിനിടക്ക് ഏതെങ്കിലും കോൺഗ്രസുകാരൻ തന്നെക്കുറിച്ച് എന്തെങ്കിലും മോശം പറഞ്ഞാൽ അന്നു പൊതു ജീവിതം അവസാനിപ്പിക്കാമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.

 

Tags:    
News Summary - rajmohan unnithan on muraleedharan remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.