ന്യൂഡൽഹി: ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിപക്ഷവുമായി സമവായത്തിലെത്താൻ കേന്ദ്ര സർക്കാർ ശ്രമം. പ്രതിപക്ഷ നേതാക്കളുമായി ഇക്കാര്യം ചർച്ചചെയ്യുന്നതിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവിനെയും ചുമതലപ്പെടുത്തി.
ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എസ്.പി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, തൃണമൂൽ അധ്യക്ഷ മമത ബാനർജി എന്നിവരുമായി ചർച്ചനടത്തുമെന്നാണ് വിവരം. ഇതേസമയം, എൻ.ഡി.എ മുന്നണിക്കുള്ളിലും ടി.ഡി.പിയുമായും ജെ.ഡി.യുവുമായും ചർച്ച നടക്കുകയാണ്.
ലോക്സഭ സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശം സമർപ്പിക്കേണ്ട സമയപരിധി ഇന്ന് ഉച്ചക്ക് 12 മണിവരെയാണ്. ഒന്നിലേറെ പേർ മത്സരത്തിനെത്തിയാൽ നാളെ തെരഞ്ഞെടുപ്പ് നടക്കും.
17ാം ലോക്സഭയിലെ സ്പീക്കറായിരുന്ന ഓം ബിർളയെ തന്നെ ബി.ജെ.പി ഇക്കുറിയും സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, ടി.ഡി.പിയും ജെ.ഡി.യുവും സ്പീക്കർ സ്ഥാനത്തിന് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും കേന്ദ്ര മന്ത്രി പദവികൾ നൽകി സമവായത്തിലാക്കുകയായിരുന്നു. സ്പീക്കർ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നത് സംബന്ധിച്ച് ബി.ജെ.പി നേതാക്കൾ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ഭർതൃഹരി മഹ്താബ്, രാധാ മോഹൻ സിംഗ്, ഡി. പുരന്ദേശ്വരി എന്നീ പേരുകളും ചർച്ചയിലുണ്ട്.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ആരുവരുമെന്നതും ആകാംക്ഷയുണർത്തുന്ന കാര്യമാണ്. സാധാരണരീതിയിൽ, പ്രതിപക്ഷത്തിനാണ് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാറ്. എന്നാൽ, 2014ൽ ഒന്നാം മോദി സർക്കാർ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ എം. തമ്പിദുരൈക്കായിരുന്നു ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയത്. 2019മുതൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
എട്ട് തവണ എം.പിയായ കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കണമെന്ന ആവശ്യത്തിൽ ഇന്‍ഡ്യ സഖ്യം ഉറച്ചുനിൽക്കുകയാണ്. അല്ലാത്തപക്ഷം പ്രതിപക്ഷത്തിന്‍റെ സ്പീക്കർ സ്ഥാനാർഥിയായി കൊടിക്കുന്നിൽ മത്സരിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.