മലപ്പുറം: രാജ്യസഭ സീറ്റിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കാൻ മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാൻ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. രാഷ്ട്രീയ ഉപദേശകസമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ആര് മത്സരിക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനം പറയുക.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിനെ മത്സരിപ്പിക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാമിന്റെ പേരും സജീവ ചർച്ചയിലുണ്ടായിരുന്നു. എൻ.ഡി.എ സർക്കാറാണ് അധികാരത്തിൽ വരുകയെങ്കിൽ അഡ്വ. ഹാരിസ് ബീരാന് രാജ്യസഭയിലേക്ക് അവസരം നൽകുമെന്ന് പാർട്ടി നേരത്തേ സൂചന നൽകിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. ലീഗിന്റേതുൾപ്പെടെ പല സുപ്രധാന കേസുകളും കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. നിയമജ്ഞനായ എം.പിക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന വിലയിരുത്തലാണ് ഹാരിസ് ബീരാന് അവസരം നൽകുന്നതിലേക്ക് എത്തിച്ചതെന്നാണ് സൂചന.
അതേസമയം, പാർട്ടി നേതാക്കൾക്ക് അവസരം കിട്ടാത്തതിൽ യൂത്ത് ലീഗിലും ലീഗിലും മുറുമുറുപ്പുണ്ട്. ഉന്നത വ്യവസായ പ്രമുഖന്റെ ഇടപെടലും ശിപാർശയും ഹാരിസ് ബീരാന് വേണ്ടിയുണ്ടായെന്ന് യൂത്ത് ലീഗിൽ ആക്ഷേപമുയരുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലും യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, സിറ്റിങ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറിനെയും അബ്ദുസ്സമദ് സമദാനിയെയും തന്നെ പ്രഖ്യാപിക്കുകയായിരുന്നു. പൊന്നാനി മണ്ഡലം വേണമെന്ന് യൂത്ത് ലീഗ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. പുതുമുഖങ്ങളെ പരീക്ഷിക്കേണ്ട രാഷ്ട്രീയ സാഹചര്യമല്ല ദേശീയതലത്തിലുള്ളത് എന്നായിരുന്നു ലീഗ് വിലയിരുത്തിയത്. അതേസമയം, രാജ്യസഭയിലേക്ക് ഒഴിവ് വരുമ്പോൾ യുവാക്കൾക്ക് പരിഗണന നൽകുമെന്ന് സൂചന നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹാരിസ് ബീരാന് സീറ്റ് നൽകിയാൽ പാർട്ടിക്കുള്ളിൽ കലഹസാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.