ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ചത് താൽക്കാലിക ക്രമീകരണമാണെന്ന സൂചന നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. സി.പി.എം പ്രതിനിധി സംഘം വെള്ളിയാഴ്ച കമീഷനിലെത്തി നേരിട്ട് നിവേദനം നൽകിയപ്പോഴാണിത്. കഴിഞ്ഞ ദിവസം സി.പി.എം സംഘത്തിന് കൂടിക്കാഴ്ച അനുവദിച്ചിരുന്നില്ല.
പോളിറ്റ് ബ്യൂറോ അംഗം നീലോൽപൽ ബസുവിെൻറ നേതൃത്വത്തിലാണ് ആസ്ഥാനത്ത് എത്തിയത്. സ്ഥലത്തില്ലാതിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ ഒഴികെ മറ്റു രണ്ടു കമീഷണർമാരെയും സംഘം കണ്ടു. കഴിഞ്ഞ ദിവസം കമീഷൻ ഇറക്കിയ വാർത്തകുറിപ്പ്, തെരഞ്ഞെടുപ്പു നടപടി മരവിപ്പിച്ചതിെൻറ വിശദീകരണമായി കാണരുതെന്ന് കമീഷൻ അംഗങ്ങൾ വിശദീകരിച്ചു. നിയമ മന്ത്രാലയത്തിെൻറ റഫറൻസിനെക്കുറിച്ച് വിശദീകരിക്കുകയാണ് അതിൽ ചെയ്തത്. സർക്കാറും തെരഞ്ഞെടുപ്പ് കമീഷനുമായുള്ള ഉഭയകക്ഷി വിഷയം മാത്രമാണത്.
എന്നാൽ, കമീഷെൻറ പ്രവർത്തനത്തിൽ സർക്കാർ ഇടപെടുന്നുവെന്ന പ്രതീതിയാണ് അതുവഴി ഉണ്ടായതെന്ന് നീലോൽപൽ ബസു ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു നടപടികളുടെ തുടർച്ചയെക്കുറിച്ച സംശയത്തിനും അത് ഇടയാക്കി. തെരഞ്ഞെടുപ്പ് നടപടികൾ പൂർണമായും മരവിപ്പിച്ചിട്ടില്ലെങ്കിൽ, കമീഷെൻറ നിലപാട് പൊതുജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന് നീലോൽപൽ ബസു പറഞ്ഞു. സർക്കാറിെൻറ റഫറൻസ് എന്താണെന്ന് വെളിപ്പെടുത്തുകയും വേണം. ഉചിതമായത് ചെയ്യുമെന്ന് കമീഷൻ അറിയിച്ചതായും നീലോൽപൽ ബസു പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മരവിപ്പിക്കൽ: ഹൈകോടതി വിശദീകരണം തേടി
കൊച്ചി: സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം മരവിപ്പിച്ച നടപടി ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ വിശദീകരണം തേടി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം അതില്‍ ഹൈകോടതിയോ സുപ്രീം കോടതിയോപോലും ഇടപെടാറില്ലെന്നിരിക്കേ നിയമമമന്ത്രാലയം സംശയമുന്നയിച്ചെന്ന പേരിൽ തെരഞ്ഞെടുപ്പ് നടപടികൾ തടഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള നിയമസഭ സെക്രട്ടറിയും എസ്. ശർമ എം.എൽ.എയും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. ആശ വിശദീകരണം തേടിയത്.
ഏപ്രിൽ 21ന് കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് ഉണ്ടാകുന്ന മൂന്ന് ഒഴിവിലേക്ക് ഏപ്രിൽ 12ന് തെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം മാർച്ച് 17നാണ് പുറപ്പെടുവിച്ചത്. വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൽ വഹാബ് എന്നിവരുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് വിജ്ഞാപനം മറ്റൊരു ഉത്തരവുണ്ടാകും വരെ മരവിപ്പിച്ച് മാർച്ച് 24ന് കമീഷൻ ഉത്തരവിറക്കി.
2016 മേയ് 20ന് നിലവിൽ വന്ന 14ാം നിയമസഭയുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്നിരിക്കെ നിയമ മന്ത്രാലയത്തിെൻറ സംശയത്തിെൻറ പേരിൽ നടപടികൾ മരവിപ്പിച്ച നടപടി നിലനിൽക്കില്ല. ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമീഷന് ലഭ്യമായ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുന്നതാണ് ഈ നടപടി. നിലവിലെ നിയമസഭയിലെ അംഗങ്ങള്‍ക്ക് രാജ്യസഭയിലേക്ക് മൂന്ന് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതും ന്യായമല്ല. ഇൗ സാഹചര്യത്തിൽ മരവിപ്പിക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമീഷന് സെക്രട്ടറി ഇറക്കിയ പത്രക്കുറിപ്പും തെരഞ്ഞെടുപ്പ് കമീഷന് കേരള ചീഫ് ഇലക്ഷന് ഓഫിസര്‍ക്ക് നല്കിയ കത്തും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ആദ്യ വിജ്ഞാപനപ്രകാരം തെരഞ്ഞെടുപ്പുനടപടികള്‍ തുടരാന്‍ കമീഷനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.