പലതവണ പലരുമായി പങ്കുവെച്ച അനുഭവമാണ്. എങ്കിലും ഓരോ നോമ്പ് കാലം വന്നണയുമ്പോഴും മൂന്നുപതിറ്റാണ്ട് മുമ്പത്തെ അനുഭവം ഓർമയിലേക്ക് ഓടിയെത്തും. അലീഗർ യൂനിവേഴ്സിറ്റിയിലെ പഠനം പൂർത്തിയാക്കി ഭാവിപരിപാടിയെ കുറിച്ച് ആലോചിച്ച് നടന്ന കാലം. മലയാളി യുവാക്കളുടെ സ്വപ്നങ്ങൾക്ക് അന്ന് നിറം പകർന്നിരുന്നത് പെേട്രാഡോളർ ആയിരുന്നത് കൊണ്ട് ഗൾഫിൽ മെച്ചപ്പെട്ട ഒരു ജോലി എന്ന ആശയം തലയിൽ തങ്ങി നിൽപുണ്ടായിരുന്നു. ബിരുദാനന്തര ബിരുദത്തോടൊപ്പം ഗൾഫ് രാജ്യങ്ങളെ കുറിച്ചുള്ള ഡിപ്ലോമ കോഴ്സ് (DWAS-Diploma in West Asian Studies) എടുത്തത് തന്നെ ദുബൈയിൽ ജോലി അന്വേഷിച്ചിറങ്ങുന്ന നേരത്ത് പ്രയോജനപ്പെട്ടേക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു. അലീഗറിനോട് വിട പറയാനിരിക്കെയാണ് ഡൽഹിയിലെ തുഗ്ലക്കാബാദിൽ പ്രവർത്തിക്കുന്ന ഹംദർദ് സ്ഥാനപത്തിൽ (പിന്നീട് അത് ഹംദർദ് യൂനിവേഴ്സിറ്റിയായി ഉയർന്നു) ഗൾഫ് രാജ്യങ്ങളിൽ പെട്ടെന്ന് ജോലി കിട്ടാൻ സഹായകമാവുന്ന ചില കോഴ്സുകൾ ഉണ്ടെന്ന് അറിയാനിടയായത്. അറബി ഭാഷയും ഷോർട്ട് ഹാൻഡും ടൈപ്പ് റൈറ്റിങ്ങുമൊക്കെ പഠിപ്പിക്കുന്ന പ്രഫഷനൽ കോഴ്സാണെന്ന് വരെ പ്രലോഭനങ്ങളുണ്ടായി.
അങ്ങനെയാണ് ഒരു റമദാൻ പുലരിയിൽ അലീഗറിൽനിന്ന് ഡൽഹിയിലേക്ക് വണ്ടി കയറുന്നത്. പുരാതന ദില്ലിയിൽ െട്രയിനിറങ്ങുമ്പോൾ സമയം ഉച്ചക്ക്12മണി. ജൂൺ മാസത്തെ കൊടുംചൂട് അന്തരീക്ഷം ചുട്ടുപഴുപ്പിക്കുന്നുണ്ട്. അവിടെനിന്ന് തുഗ്ലക്കാബാദിലേക്ക് വഴി ചോദിച്ചപ്പോഴാണറിയുന്നത് രണ്ടുമൂന്ന് ബസുകൾ കയറിയിറങ്ങണമെന്ന്. കുത്തബ്മിനാർ കാണാൻ ഒരിക്കൽ ആ വഴി പോയ പരിചയമേയുള്ളൂ . തുഗ്ലക്കാബാദിനെ കുറിച്ച് ചരിത്രത്തിലൂടെ വായിച്ചെടുത്ത അറിവും. തുഗ്ലക്ക് സുൽത്താന്മാരുടെ ആസ്ഥാനമായിരുന്നു ആ പുരാതനനഗരം. ഇന്ന് കേവലം ചരിത്രാവശിഷ്ടങ്ങളേ അവിടെ കാണാൻ കഴിയുകയുള്ളൂവെന്ന് മനസ്സിലാക്കിയിട്ടുണ്ട്. തുഗ്ലക്ക് ഭരണകുലം ഇട്ടേച്ചുപോയ പ്രതാപൈശ്വര്യങ്ങളുടെ തിരുശേഷിപ്പുകളെ കുറിച്ച് പ്രഫ. ഖാലിഖ് അഹമ്മദ് നിസാമി ചരിത്ര ക്ലാസിൽ വിവരിക്കാറ് വല്ലാത്തൊരു നഷ്ടബോധത്തോടെയാണ്.
കശ്മീർ ഗേറ്റിൽനിന്ന് തുഗ്ലക്കാബാദിലേക്കുള്ള മിനിബസിൽ കയറി ഇരുന്നപ്പോൾ കണ്ടക്ടറോട് എനിക്കറിയുന്ന ഹിന്ദിയിൽ ഒരു കാര്യമുണർത്തി: ‘സ്ഥലം അറിയില്ല, അതുകൊണ്ട് എത്തിയാൽ അറിയിക്കണം’. ഇന്ദ്രപ്രസ്ഥത്തിലെ വാഹനക്കുരുക്കുകളിലൂടെ പഴയ ശകടം മെല്ലെ മെല്ലെയാണ് മുന്നോട്ട് നീങ്ങിയത്. ഒരു മണിക്കുർ യാത്ര ചെയ്തിട്ടും നഗരക്കുരുക്കിൽനിന്ന് രക്ഷപ്പെട്ടില്ല. ഇടയ്ക്കിടെ കണ്ടക്ടറുടെ മുഖത്ത് നോക്കിക്കൊണ്ടിരുന്നു. ‘‘സുഹൃത്തേ ക്ഷമിക്ക്. ധൃതി കാണിച്ചിട്ട് ഫലമില്ല. ഇനിയും കുറെ ഓടാനുണ്ട്. എത്തിയാൽ പറയും.’’. കൊടുംചൂടിൽ റമദാെൻറ ക്ഷീണം നന്നായി ശരീരത്തെ പിടികൂടിയിട്ടുണ്ട്. നല്ല ദാഹവും വിശപ്പും. ക്ഷീണം മൂത്തപ്പോൾ മയക്കത്തിലേക്ക് താനേ വഴുതിവീണുപോയി.
‘ആഗയാ ഭായീ’ (ചങ്ങാതീ എത്തിയിരിക്കുന്നു) - ഉച്ചത്തിലുള്ള ആ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. ഉറക്കത്തിൽനിന്ന് പിടഞ്ഞെഴുന്നേറ്റ് ഡോറിനടുത്തേക്ക് ഓടി. ‘ഇവിടെ ഇറങ്ങണോ? ’ ക്ലീനരുടെ ചോദ്യത്തിന് തലയാട്ടി മറുപടി നൽകി. വണ്ടി നിർത്തി. വാനിൽനിന്ന് ആരൊക്കെയോ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. ബഹളത്തിനിടയിൽ ഞാൻ റോഡിലേക്ക് ചാടിയിറങ്ങി. സംഭ്രാന്തിയിൽ ചുറ്റും നോക്കിയപ്പോൾ ഒരു കാര്യം പിടികിട്ടി. വണ്ടിയിറങ്ങിയിരിക്കുന്നത് ലക്ഷ്യസ്ഥാനത്തല്ല. വിജനമാണ് ആ പ്രദേശം. ഒരു മനുഷ്യനെ പോലും കാണാനില്ല. റോഡിെൻറ ഇരുഭാഗങ്ങളിലും ഇടതൂർന്ന മരങ്ങൾ. നാലുഭാഗങ്ങളിലേക്കും കണ്ണോടിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.
രണ്ടും കൽപിച്ച് മുന്നോട്ടേക്ക് നടക്കാൻ തുടങ്ങി. കുറച്ചുദൂരം താണ്ടിയപ്പോഴേക്കും കാലുകൾ തളർന്നു. ദാഹം മൂത്ത് തൊണ്ട വരണ്ടുപൊട്ടുന്നത് പോലെ. ഈ വിധം മുന്നോട്ടുപോവില്ല എന്ന ബോധ്യത്തിൽ റോഡരികിൽ കണ്ട ഒരു പാറയുടെമേൽ കയറിയിരുന്നു. കൈയിൽ കരുതിയ ‘സൺഡേ’ വീക്ക്ലി വീശി ചൂടകറ്റാൻ ശ്രമിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്. മരച്ചില്ലകൾ കൂട്ടത്തോടെ പൊട്ടിവീഴുന്ന ഒരു ശബ്ദം. പേടിപ്പെടുത്തുന്ന ഒച്ചയുമായി എെൻറ പിൻഭാഗത്തൂടെ ഒരു വാനരപ്പട മുന്നിലേക്ക് ചാടിവീണു. എല്ലാ അർഥത്തിലും ഒരു പട തന്നെ. അമ്പതോ അറുപതോ കുരങ്ങന്മാർ കാണും. പല കോലത്തിലും വലുപ്പത്തിലും. വായ പിളർന്ന് പരമാവധി ശബ്ദത്തിൽ കോലാഹലമുണ്ടാക്കി ഒരു യുദ്ധ രംഗത്തിലെന്ന പോലെ അവ അഭ്യാസങ്ങളിലേർപ്പെടുകയാണ്. അതും നടുറോഡിൽ. എന്നാൽ, അധികം വൈകാതെ നാലഞ്ചെണ്ണത്തിെൻറ ശ്രദ്ധ എന്നിലേക്ക് പതിഞ്ഞു.
അവ ഓടിവന്നു എെൻറ മുന്നിൽ നിന്നു. പിന്നാലെ മറ്റു യോദ്ധാക്കളും. എന്താണ് സംഭവിക്കാൻ പോവുന്നതെന്നറിയാതെ ഞാൻ പേടിച്ചരണ്ടു. വിയർക്കാൻ തുടങ്ങി. ഏതോ ഗ്രഹത്തിൽനിന്ന് വന്നുവീണ വിചിത്ര ജീവിയാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാവണം ഒരു കൂറ്റൻ കുരങ്ങ് എന്നെ വലയം വെച്ച് കൊണ്ട് അട്ടഹസിക്കാൻ തുടങ്ങി. അനുയായികൾ അത് പിന്തുടരുന്നു. എല്ലാം ഒരുമിച്ച് വായ പിളർക്കുമ്പോൾ വല്ലാത്തൊരു ദുർഗന്ധം അവിടെ പരക്കുന്നുണ്ട്. എെൻറ അന്ത്യം കുരങ്ങന്മാരുടെ കൈകൊണ്ടാവണമെന്നായിരിക്കും തലവിധിയെന്ന് മനസ് മന്ത്രിച്ചു. ഏത് സമയവും തളർന്നുവീഴുമെന്ന അവസ്ഥ. തൊണ്ട വിണ്ടുകീറുന്നത് പോലെ. തല കനക്കുന്നു. ഏക സമാധാനം ഒരു കുരങ്ങനും ശരീരം തൊട്ട് കളിക്കുന്നില്ല എന്നത് മാത്രം.
അത്തരമൊരു ആശ്വാസവും അധികനേരം നീണ്ടുനിന്നില്ല. ഒരു കുട്ടിക്കുരങ്ങൻ എവിടെന്നോ ചാടി വീണു എെൻറ കൈയിൽനിന്ന് സൺഡേ വാരിക തട്ടിപ്പറിച്ചെടുത്ത് അടുത്തുള്ള മരച്ചില്ലയിലേക്ക് ഒരു ചാട്ടം. നാലഞ്ചണ്ണം അതിനെ പിന്തുടർന്നു അക്രമിച്ചുവീഴ്ത്തി. വാരിക തട്ടിയെടുത്തത് ശരിയായില്ല എന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണെന്ന് തോന്നി. അതിനു വേണ്ടിയുള്ള പിടിവലിയായി പിന്നീട്. അതിനിടയിൽ അതിെൻറ പേജുകൾ നാലുഭാഗത്തും ചിതറി വീണു. അത് എന്തിപ്പിടിക്കാനുള്ള മൽസരം ഒരു യുദ്ധരംഗം സൃഷ്ടിച്ചു.
എൻെറ സങ്കടം തീർക്കാനാണെന്ന് തോന്നുന്നു ഒരു കിളവൻ കുരങ്ങ് വന്നു പുറത്ത് തട്ടി. അതുകണ്ട് മറ്റുള്ളവരും തട്ടാൻ തുടങ്ങി. ‘സ്നേഹസ്പർശം’ ശരീരത്തിെൻറ എല്ലാ ഭാഗങ്ങളിലേക്കും നീണ്ടപ്പോൾ. ഇവിടെ ഇതേ ഇരുപ്പ് ഇരിക്കുന്നത് അത്യന്തം അപകടകരമാണെന്ന് ബോധമുദിച്ചു. ഒരു അട്ടഹാസത്തോടെ രണ്ടും കൽപിച്ച് അവിടെ നിന്നെഴുന്നേറ്റു. പക്ഷേ, വാനരപ്പട ഒരടി മുന്നോട്ടുവെക്കാൻ അനുവദിച്ചില്ല. എല്ലാവരും ചേർന്ന് ഇടതു കാല് മുറുകെ പിടിക്കുകയാണ്. നഖങ്ങൾ ശരീരത്തിൽ ആഴത്തിൽ പതിക്കുന്നുണ്ട്. അടുത്ത പരിപാടി എല്ലാവരും കൂടി എന്നെ കടിച്ചുതിന്നലായിരിക്കുമെന്ന വിചാരം പൊട്ടിക്കരയിച്ചു. അതിഥിയോടുള്ള ഐക്യദാർഢ്യമെന്നോണം വാനരപ്പടയും കൂടെ കരയാൻ തുടങ്ങി; വിചിത്രമായൊരു ശബ്ദത്തിൽ.
മോചനപ്രതീക്ഷ കൈവിട്ട് അവിടെ മുഖം കുത്തി വീഴുകയേ നിർവാഹമുള്ളൂ എന്ന് തോന്നിയ നിമിഷം. പടച്ചതമ്പുരാൻ അപ്പോഴാണ് ഒരു രക്ഷകനെ അയച്ചുതന്നത്. അതും ഒരു വാനിെൻറ രൂപത്തിൽ. ചീറിപ്പാഞ്ഞുവന്ന ശകടത്തിെൻറ ശബ്ദം കേട്ട് കുരങ്ങന്മാർ നാലുഭാഗത്തേക്കും ചിതറി ഓടി. ആ തക്കം നോക്കി ഞാൻ റോഡിലേക്ക് കുതിച്ചു. പരമാവധി ഈർജം സംഭരിച്ച് ഓടാൻ ശ്രമിച്ചു.വാനരപ്പട കണ്ണിൽനിന്ന് മാഞ്ഞുവെന്ന് ഉറപ്പായതോടെ മെല്ലെ മെല്ലെ മുന്നോട്ടേക്ക് നടന്നു. നഖശിഖാന്തം നീറിപ്പുകയുകയാണ്. കൈകാലുകൾ വല്ലാതെ വേദനിക്കുന്നുണ്ട്. ചുണ്ടുനനക്കാൻ ഒരിത്തിരി വെള്ളം കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷം.
പത്തുമിനിറ്റുനേരം വേച്ചുവേച്ചു നടന്നുകാണും. റോഡിെൻ മറുവശത്തെ താഴ്ച്ചയിൽ ഒരു പുൽക്കുടിൽ കണ്ണിൽ പെട്ടു. അതുലക്ഷ്യം വെച്ചായി പിന്നീടുള്ള നടത്തം. കുടിലിനു പുറത്ത് ആരേയും കണ്ടില്ല. ചാണകം മിനുക്കിയ വരാന്തയിൽ കയറിയിരുന്നു. ഒന്നുകിടക്കണമെന്ന് ആഗ്രഹത്തിൽ ചാക്കോ പായയോ പരതിയെങ്കിലും ഒന്നും കണ്ണിൽ തടഞ്ഞില്ല. തീർത്തും അവശനായി ആ തറയിലേക്ക് വീണു. അർധബോധാവസ്ഥയിൽ ഒരു സ്ത്രീ ശബ്ദം കേൾക്കുന്നുണ്ട്. ‘പാനി പാനി’ -വെള്ളം വെള്ളം എന്ന് സ്ത്രീ ആവർത്തിക്കുകയാണ്. അർധമയക്കത്തിൽ എെൻറ ശബ്ദമുയർന്നില്ല. എനിക്കു നോമ്പുണ്ടെന്ന് ആംഗ്യം കാണിക്കാൻ ശ്രമിച്ചു. പിന്നീട് ഒന്നും ഓർമയില്ല. ബോധത്തിലാണോ അബോധത്തിലാണോ എന്നറിയില്ല, ഗാഢനിദ്രയിലേക്ക് വഴുതിവീണു.
‘ഉഠോ ഭായി’ -ഘനഗാംഭീര്യമുള്ള ശബ്ദം കേട്ടാണ് പിന്നീട് ഉണർന്നത്. തറയിൽനിന്ന് പ്രയാസപ്പെട്ട് എഴുന്നേറ്റ് കണ്ണ് തുറന്നപ്പോൾ അമ്പരന്നു. ചുറ്റും വലിയൊരു ആൾക്കൂട്ടം. സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളും. എന്നെ തൊട്ടുരുമ്മി ഇരിക്കുന്നത് ഒരു കൂറ്റൻ പട്ടി. കുരങ്ങന്മാരുടെ വലയിൽനിന്ന് രക്ഷപ്പെട്ട എനിക്ക് പട്ടിയുടെ കാവൽ. ചുറ്റുംകൂടിനിന്നവർ അതീവ കൗതുകത്തോടെ തുറിച്ചുനോക്കുകയാണെന്നെ. തലമുടിയും താടിരോമങ്ങളും നീട്ടി,കുപ്പായമിടാത്ത ഒരു മധ്യവയസ്കൻ എെൻറ അടുത്ത വന്നു ചോദിച്ചു; എവിടെയാണ് നാട്. കേരളം എന്ന് കേട്ടപ്പോൾ അവിടെ കൂടിയിരുന്നവർക്ക് ഉച്ചത്തിൽ അയാൾ പരാവർത്തനം ചെയ്തുകൊടുത്തു. ‘-മദിരാശിവാലാ...’ ഞാൻ അകപ്പെട്ട ദുരന്തം ഏതാനും വാക്കുകളിൽ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു. നോമ്പുകാരനാണെന്ന് ഓർമിപ്പിച്ചു.
കുടുതൽ ചോദിക്കാൻ അയാൾ നിന്നില്ല. ചുറ്റും കൂടിനിന്നവരോട് മാറിപ്പോകാൻ ആജ്ഞാപിച്ചു. അപ്പോഴേക്കും കുടിൽ മുറ്റത്ത് ഒരു ചാർപോളിൻെറ (ചൂടിക്കട്ടിൽ) മേൽ ‘ഇഫ്താർ ’ വിഭവങ്ങൾ നിരന്നു തുടങ്ങിയിരുന്നു. പച്ചവെള്ളം, പാൽ, പഴം, കക്കിരി പോലെയുള്ള മറ്റു ചില കായ്കനികളും.
ഒരു മുരുട നിറയെ തണുത്ത വെള്ളം കൊണ്ടുതന്ന് ആതിഥേയൻ പറഞ്ഞു ; ബാങ്ക് വിളിക്കാൻ സമയമായി ; വുളു എടുത്തോളൂ. അംഗശുദ്ധി വരുത്തുന്നത് അവർ സസൂക്ഷ്മം നോക്കിനിന്നു. അങ്ങകലെ ചക്രവാളസീമയിലേക്ക് അയാൾ വിരൽ ചൂണ്ടി. അതിപുരാതനമായ ഒരു പള്ളിയുടെ മിനാരത്തിെൻറ നിഴൽ കണ്ണിൽ പതിഞ്ഞു. അവിടെനിന്നുയരുന്ന ബാങ്ക് ഇവിടെ കേൾക്കില്ലെന്നും അയാൾ പറഞ്ഞു. എല്ലാവരും ഭയഭക്തിയോടെ ചൂടിക്കട്ടിലിനു ചുറ്റും എനിക്ക് കാവൽനിന്നു. എല്ലാവർക്കും കാവലായി പട്ടിയും.
അസ്തമയസൂര്യൻ ചക്രവാളസീമയിൽ ചുകപ്പ് വിതറി മാഞ്ഞുകൊണ്ടിരിക്കയാണ്. അങ്ങകലെനിന്ന് ബാങ്കൊലിയുടെ നേർത്ത വീചികൾ എെൻറ കാതുകളിൽ വന്നലച്ചതു പോലെ.. ചുറ്റും കൂടിയവരുടെ മുഖം തെളിഞ്ഞു. കുടിലിെൻറ മറ്റൊരു ഭാഗത്തുനിന്ന് അപ്പോളതാ ശംഖ്നാദം ഉയരുകയാണ്. കുടുംബനാഥൻ പിച്ചള പാത്രം നിറയെ വെള്ളമെടുത്ത് കൈയിൽ തന്നു. ആർത്തിയോടെ അത് മുഴവനും കുടിച്ചു. പാലും പഴവും കൊണ്ട് ആദ്യമായി ഒരു ഇഫ്താർ. ശരീരത്തോടൊപ്പം മനസ്സും ഈർജസ്വലമായി. ഗൃഹനായിക കൊണ്ടുതന്ന പുൽപായ മുറ്റത്ത് വിരിച്ചു നമസ്കരിച്ചു. എല്ലാവർക്കും വിസ്മയകരമായ കാഴ്ച. (മൊബൈൽ ഇല്ലാത്ത കാലമായത് കൊണ്ട് ആരും ചിത്രമെടുക്കാൻ മൽസരിച്ചില്ല).
നമസ്കാരശേഷം ആലുപൊറോട്ടയും സമൂസയും ചെനയും (കടല) ചായയുമാണ് വിളമ്പിയത്. അടുത്തകാലത്തൊന്നും ഇത്രക്കും സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് ആളിക്കത്തിയ വയറ്റിൽ എല്ലാം നിമിഷാർധം കൊണ്ട് ദഹിച്ചത് പോലെ. മനസ്സും ശരീരവും തണുത്തപ്പോൾ സ്വാമിയോട് ഞാൻ പറഞ്ഞു എനിക്ക് മടങ്ങണമെന്ന്. വളരെ ക്ഷീണിതനാണെന്നും കിടന്നുറങ്ങാൻ മുറ്റത്ത് സൗകര്യമൊരുക്കാമെന്നും അയാൾ ആവർത്തിച്ചെങ്കിലും മടങ്ങണമെന്ന് ഞാൻ ശഠിച്ചു.
അങ്ങനെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു ഇഫ്താറിനു ശേഷം ഞാൻ യാത്ര തിരിക്കുകയാണ്; ഡൽഹി മഹാനഗരത്തിലേക്ക്. കുടിൽമുറ്റത്ത് സന്ധിച്ചവർ മുഴുവൻ എന്നേടൊപ്പം റോഡ് വരെ നടന്നു. വഴി കാട്ടിയായി സ്വാമിയും ഒപ്പം ആ വലിയ പട്ടിയും. എന്നെ യാത്രയയക്കാനുള്ള ആവേശം ആ ഗ്രാമീണരുടെ മുഖങ്ങളിൽ വല്ലാത്തൊരു ആഹ്ലാദം പരത്തി. ഇരുണ്ടവഴിയിലൂടെ കടന്നുവന്ന മിനി ബസിനു മുമ്പിൽ എല്ലാവരും ഒരുമിച്ച് കൈകാട്ടി.
ബസിൽ കയറി പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ കൈകളും എനിക്കു മംഗളം നേരുകയാണ്! മനുഷ്യത്വത്തിെൻറ അമരസ്പർശം മതിയാവോളം ആസ്വദിച്ച ജീവിതനിമിഷം. ജാതിമത ചിന്തകൾ ഒഴിഞ്ഞുമാറി ദൈവസന്നിധിയിൽ സംഗമിച്ച മനുഷ്യമനസ്സുകളുടെ ഉൽസവമേളയായി ഇന്നും ആ ഓർമകൾ ഹൃദയതീരങ്ങളെ സ്നേഹതരിളിതമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.