എന്താണ് നന്മ എന്ന ചോദ്യത്തിന് പ്രവാചകൻ പറഞ്ഞ മറുപടി ശ്രദ്ധേയം: ‘‘നീ ദൈവത്തെ വഴിപ്പെ ടുക, അവനെ കണ്ടുകൊണ്ടിരിക്കുന്ന പോലെ.നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന് നുണ്ടല്ലോ.’’
നന്മ എന്ന പദം തന്നെ സുന്ദരമാണ്. കേൾക്കാൻ ഇമ്പമുള്ളതും. നന്മ ഒരു ഗുണമാ ണ്. അത് ഇന്ദ്രിയങ്ങൾക്ക് അഗോചരമാണ്. എങ്കിലോ, അനുഭവവേദ്യവും. അത് ആശയപരമായ ഗുണമാ ണ്. കർമങ്ങളിലൂടെയാണ് അത് പ്രകടമാവുക. കർമങ്ങൾ നന്മ നിറഞ്ഞതാവുമ്പോൾ കർത്താവ് ക ൃതാർഥനാവുന്നു. നന്മയുടെ പിതൃത്വം ഏൽക്കാൻ ഏവരും ഒരുക്കം.എന്നാൽ, തിന്മയെ താങ്ങുന്നവരും തുണക്കുന്നവരും തങ്ങളുടെ പങ്ക് തുറന്നംഗീകരിക്കുകയില്ല.
നന്മ എന്നും നന്മ തന്നെ. തിന്മ തിന്മയും. അത് കാല, ദേശ, വർഗ, വർണ ഭേദങ്ങൾക്കതീതമാണ്. മറിച്ചായാൽ മനുഷ്യരാശിക്ക് മൂല്യബോധമില്ലാതാകും. ദിശാസൂചി നിശ്ചലമാകും. നന്മ-തിന്മ വിവേചനം വ്യർഥമാകും. അത് അനന്തരമായി നൽകുന്നതോ അരാജകത്വവും.
തിന്മയുടെ അഭാവമാണ് നന്മ എന്ന ധാരണ തീർത്തും തെറ്റാണ്. അത് നിഷേധാത്മക സമീപനമാണ്. നന്മ രചനാത്മകമാണ്. സൃഷ്ട്യുന്മുഖവും. നന്മയെന്നത് ഏതെങ്കിലും കാര്യങ്ങളിൽ പരിമിതമല്ല. എല്ലാ കർമങ്ങളിലും സന്നിവേശിപ്പിക്കാവുന്ന ആശയപരമായ ഗുണമാണത്.
നന്മ ദൈവ നിശ്ചിതമാണ്. തിന്മയും തഥൈവ. മനുഷ്യൻ അവ നിശ്ചയിക്കുമ്പോൾ സ്വാർഥതാൽപര്യങ്ങൾ അതിൽ നിർണായക സ്വാധീനം ചെലുത്തുന്നു. അത് ആത്യന്തികമായി നന്മയുടെ നിരാകരണത്തിലേക്കാണ് നയിക്കുക.
മനുഷ്യരൊക്കെയും ജന്മനാ നല്ലവരാണ്. ദുഷ്ടരോ പാപികളോ അല്ല. പിറന്നു വീഴുന്ന പിഞ്ചു പൈതൽ എത്ര പരിശുദ്ധൻ! നിഷ്കളങ്കനും. വളർന്നുവരുമ്പോൾ ശൈശവ വിശുദ്ധി നഷ്ടമാകാതിരിക്കുകയാണ് വേണ്ടത്. ദൈവസ്മരണ വളർത്തി ആരാധനകൾ അതാണ് സാധിതമാക്കുന്നത്.
താൻ ദൈവത്തെ കാണുന്നു. ദൈവം തന്നെയും. ഈ വിശ്വാസമുള്ളവർക്ക് നന്മ-തിന്മകൾ വിവേചിച്ചറിയാൻ ഒട്ടും വിഷമിക്കേണ്ടി വരില്ല. വിശ്വാസത്തിെൻറ ദൃഢതയും സജീവതയുമനുസരിച്ച് മനുഷ്യൻ തിന്മയിൽ നിന്നകലുന്നു. നന്മയിൽ വ്യാപൃതനാകുന്നു. അഥവാ ദിവ്യ സാന്നിധ്യത്തെ സംബന്ധിച്ച സജീവബോധം ജീവിതത്തെ വിശുദ്ധമാക്കുന്നു. നന്മനിറഞ്ഞതാക്കുന്നു. റമദാനിലെ വ്രതാനുഷ്ഠാനം സാധ്യമാക്കുന്നതും സാധ്യമാക്കേണ്ടതും ഇതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.