എത്ര റമദാനുകൾ കണ്ട മിനാരമാണിത്. ഏഴു നൂറ്റാണ്ടുകൾക്കപ്പുറം പണികഴിപ്പിച്ച കുറ്റിച്ചിറയിലെ മിശ്കാൽ പള്ളിയുടെ മിനാരങ്ങളിൽ റമദാനിെൻറ ചന്ദ്രപ്പിറവി ദർശിച്ചാൽ വിളക്കു തെളിയുന്ന പാരമ്പര്യത്തിന് ഇന്നുമില്ല ഒരു മാറ്റവും. വിളക്ക് തെളിയുന്നതോടൊപ്പം താഴെ പള്ളിവളപ്പിൽ തേമ്പർ മുഴങ്ങും. അതോടെ മാസപ്പിറവിയുടെ പ്രഖ്യാപനം നാടാകെ പടരുമായിരുന്നു.
ഇന്ന് വിവരങ്ങൾ പ്രകാശവേഗത്തിൽ പരക്കുന്ന കാലമായിട്ടും ഇൗ പൈതൃകഭൂവിൽ പാരമ്പര്യത്തിെൻറ പെരുമ്പറ മുഴക്കി തേമ്പറ് മുട്ടലും ഗോപുരവിളക്ക് തെളിയിക്കലും മുറപോലെ നടക്കുന്നു. ഖാദിമാർ മാസപ്പിറവി അറിയിച്ചാൽ അത് കോഴിക്കോട് നഗരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ഈ ആചാരത്തോടെയായിരുന്നു.
തേമ്പറിെൻറ മുഴക്കം കേൾക്കുന്ന ഭാഗത്തുള്ളവർ അടുത്ത പ്രദേശത്തുള്ളവരെ അറിയിക്കും. അവർ മറ്റു പ്രദേശങ്ങളിലേക്ക് വിവരം കൈമാറും. അതായിരുന്നു രീതി. മാസപ്പിറവിയെ കുറിച്ച് അറിയാനുള്ള വിശ്വാസികളുടെ ആകാംക്ഷക്ക് അന്നുമിന്നുമില്ല ഒരു മാറ്റവും.
മണ്ണെണ്ണ വിളക്കും റാന്തലുമൊക്കെയായിരുന്നു പുരാതനകാലങ്ങളിൽ ഈ മിനാരത്തിൽ തെളിഞ്ഞത്. പിന്നീട് വൈദ്യുതി വിളക്കുകൾ വന്നു. 15 വർഷത്തോളമായി മെർക്കുറി വിളക്കാണ് മിനാരത്തിൽ തെളിയുന്നത്. ആ വിളക്ക് ഒരു കേടുപാടുമില്ലാതെ പ്രവർത്തിക്കുന്നു.
കോഴിക്കോട്ടെ പരമ്പരാഗത ഖാദിമാരുടെ കാലത്ത് തുടങ്ങിയ ഈ ആചാരം തിങ്കളാഴ്ച മഗ്രീബ് സമയത്ത് ഖാദി ഇമ്പിച്ചഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നടന്നു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണത്തിൽ പള്ളികൾ അടഞ്ഞുകിടന്നതിനാൽ ഇവിടെ തേമ്പറു മുഴങ്ങിയില്ല. മിനാരവിളക്ക് തെളിയിച്ചതുമില്ല.
കൂറ്റൻ ചെമ്പ് ഡ്രമ്മിൽ ഉണക്കിയ ബലിമൃഗത്തോൽ വലിച്ചുകെട്ടി നിർമിച്ചതാണ് തേമ്പറ്. തെങ്ങിൻകഷണം കൊണ്ടുണ്ടാക്കിയ വടിയുപയോഗിച്ചാണ് ഇതിൽ മുട്ടുക. 14ാം നൂറ്റാണ്ടിൽ അറബ് വ്യാപാരിയായ നഖൂദ മിശ്കാൽ ആണ് പള്ളി പണി കഴിപ്പിച്ചത്. കോഴിക്കോടിെൻറ മുസ്ലിം പാരമ്പര്യത്തിെൻറയും മതസൗഹാർദത്തിെൻറയും ചരിത്രം ഈ പൈതൃകപ്പള്ളിയുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.