കൊച്ചി: കരിപ്പൂർ സ്വർണക്കടത്തിലെ അന്വേഷണം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിലേക്ക്. സ്വർണക്കടത്തിന് പിന്നിൽ ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും ഷാഫിയുമുണ്ടെന്ന മൊഴിയുടെ അന്വേഷണത്തിൽ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തു. ഈ മാസം ഏഴിന് കൊച്ചിയിലെ കസ്റ്റംസ് പ്രിവൻറിവ് ഓഫിസിൽ ഹാജരാകാനാണ് ഷാഫിക്ക് നോട്ടീസ് നൽകിയത്. കൊടി സുനിക്ക് വിയ്യൂർ ജയിലിലെത്തി സമൻസ് നൽകും. ഇയാളുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി.ഷാഫിയുടെ വീട്ടിൽനിന്ന് ലാപ്ടോപ്, പൊലീസ് യൂണിഫോമിലെ നക്ഷത്രങ്ങൾ, രേഖകൾ തുടങ്ങിയവ കണ്ടെടുത്തു.
കൊടി സുനിയും ഷാഫിയും കരിപ്പൂർ സ്വർണക്കടത്തിന് പിന്നിലുണ്ടെന്ന മുഖ്യസൂത്രധാരൻ അർജുൻ ആയങ്കി, കാരിയർ മുഹമ്മദ് ഷഫീഖ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിർണായകനീക്കങ്ങൾ. തടവിലുള്ള കൊടി സുനിക്കും പരോളിലുള്ള ഷാഫിക്കും സ്വർണക്കടത്തിെല ബന്ധവും വിമാനത്താവളങ്ങളിലെ ഇവരുടെ ഇടപെടലും പരിശോധിക്കുകയാണ് കസ്റ്റംസ്.
സ്വർണം തട്ടുന്നതിലെ ഒരുവിഹിതം സുനിക്കും ഷാഫിക്കും നൽകിയിരുന്നതായാണ് അർജുൻ വെളിപ്പെടുത്തിയത്. ചൊക്ലിയിൽ ഒളിവിൽ കഴിയാൻ ടി.പി വധക്കേസ് പ്രതികളാണ് സഹായിച്ചതെന്നും ഷാഫിയുടെ നിർദേശാനുസരണമാണ് സ്വർണം തട്ടിയെടുക്കാൻ പോയിരുന്നതെന്നും മൊഴിയുണ്ട്. ടി.പി വധക്കേസ് പ്രതികൾ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും അർജുൻ പറഞ്ഞതായാണ് വിവരം. ഇവരുടെ പങ്കിനെക്കുറിച്ച് അർജുൻ തന്നോട് പറെഞ്ഞന്ന് ഷഫീഖും മൊഴി നൽകി. സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതിലെ ആശങ്ക പങ്കുവെച്ചപ്പോഴാണ് ടി.പി വധക്കേസ് പ്രതികൾ പിന്നിലുണ്ടെന്ന് അർജുൻ വെളിപ്പെടുത്തിയത്. സ്വര്‍ണം പിടിച്ചാലും സുനിയും ഷാഫിയും രക്ഷിക്കുമെന്ന് പറഞ്ഞ് ആത്മവിശ്വാസം നല്കി. ഒത്തുതീര്‍പ്പിന് കൊടുവള്ളി സംഘവുമായി സംസാരിക്കുന്നത് അവരായിരിക്കുമെന്നും മൊഴി നൽകിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.