സ്വര്‍ണക്കടത്ത്​ കേസിലെ പ്രതികളുടെ തെളിവെടുപ്പിനു ശേഷം രാമനാട്ടുകരയിലെ അപകടസ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

രാമനാട്ടുകര സ്വര്‍ണക്കടത്ത്: പ്രതികളുമായി തെളിവെടുപ്പ് നടത്തി

കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്​റ്റഡിയിൽ വാങ്ങിയ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ്​ നടത്തി. കരിപ്പൂർ വിമാനത്താവള ടെർമിനൽ, സ്വർണക്കടത്ത് സംഘം തമ്പടിച്ചിരുന്ന വിമാനത്താവള കവാട പരിസരം, സംഘങ്ങൾ തമ്മിൽ സംഘർഷം നടന്ന ന്യൂമാൻ ജങ്ഷന് സമീപത്തെ പുളിക്കൽ ടവർ, അപകടം നടന്ന രാമനാട്ടുകര പുളിഞ്ചോട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.

മഴ കാരണം മുഴുവൻ പ്രതികളെയും പുറത്തിറക്കാതെ കസ്​റ്റഡിയിലുള്ളവരിൽ പ്രധാനികളിലൊരാളായ വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസനെ പുറത്തിറക്കിയാണ് തെളിവെടുപ്പ് നടത്തിയത്. എന്നാൽ, വിമാനത്താവള ടെർമിനലിൽ മുഴുവൻ പ്രതികളുടെയും തെളിവെടുപ്പ് നടത്തി.

പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ (24), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പിൽ ഷാനിദ് (32), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസൻ (35), മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം (28), മുളയങ്കാവ് തൃത്താല നടക്കൽ മുബഷിർ (27) എന്നിവരെയാണ് കൂടുതൽ അന്വേഷണത്തിനായി കസ്​റ്റഡിയിൽ വാങ്ങിയത്. ഇവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കും വിധേയരാക്കി.

അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി കെ. അഷ്റഫി‍െൻറ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സംഘത്തിലെ രണ്ടുപേരെ പിടികൂടാനായിട്ടില്ല.

സ്വര്‍ണക്കടത്ത്​: അന്വേഷണ വിവരങ്ങൾ കസ്​റ്റംസ് ശേഖരിച്ചു

കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി കെ. അഷ്റഫിൽനിന്ന്​ കസ്​റ്റംസ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. കൊച്ചി കസ്​റ്റംസ് പ്രിവൻറിവ് സൂപ്രണ്ട് വിവേക് ഡിവൈ.എസ്.പി ഓഫിസിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. പൊലീസ് കസ്​റ്റഡിയിൽ വാങ്ങിയ അഞ്ച്​ പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന്​ പൊലീസിന് ലഭിച്ച വിവരങ്ങളാണിവ. ഇവരെ കസ്​റ്റംസും ചോദ്യം ചെയ്യും. വിദേശത്തടക്കം വലിയ സംഘം തന്നെ സ്വർണക്കടത്തിൽ പ്രവർത്തിച്ചുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്താണ് കസ്​റ്റംസ് അന്വേഷിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.