രാമായണം ചെറുപ്പം മുതലേ അമ്മ പതിവായി വായിക്കുന്നത് കേട്ടുകൊണ്ടായിരുന്നു വളർന്നത്. എെൻറ ഏട്ടൻ പ്രശസ്ത പത്രപ്രവർത്തകൻ സി.പി. രാമചന്ദ്രൻ രണ്ടാം ലോക മഹായുദ്ധത്തിൽ പട്ടാളത്തിൽ ചേർന്ന ഒരു വിവരങ്ങളുമറിയാതെ അമ്മ രാമായണത്തിലെ ‘‘ദുർഗേ ഭഗവതി ദുഃഖവിനാശിനി സർഗ സ്ഥിതിലയ മാരിണി ചണ്ഡികെ എൻമകനാശു നടക്കുന്ന നേരത്തും തന്മതി കേട്ടുറങ്ങുന്ന നേരത്തും സമ്മോദമാർന്ന് രക്ഷിച്ചീടുവിൻ നിങ്ങൾ’’ എന്ന് പ്രാർഥനാമുറിയിൽ കണ്ണുകളടച്ച് നാമം ജപിക്കാറുണ്ടായിരുന്നു. അത്യന്തം പരിചിതമായ ഒരു ഗ്രന്ഥമാണ് എനിക്കത്.
സീത, രാമൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, കൈകേയി, മന്ഥര, ശൂർപ്പണഖ, മാരീചൻ, ജഡായു, രാവണൻ, സുഗ്രീവൻ, ഹനുമാൻ, ശബരി, ഗുഹൻ, വിഭീഷണൻ, അഹല്യ എന്നിവരെല്ലാം എെൻറ ഒാർമ ജീവിതത്തിെൻറ അഭേദ്യ ഭാഗങ്ങളാണ്. അഹല്യാസ്തുതി എത്ര വായിച്ചാലും മതിവരില്ല. ഇംഗ്ലീഷ് സാഹിത്യത്തിൽ ബൈബിൾ ചെലുത്തിയ സ്വാധീനം എത്രമേൽ സ്വാഭാവികമാണോ അത്രയും സ്വാഭാവികതയോടെ രാമകഥ ഇന്ത്യൻ സാഹിത്യത്തിലും സ്വാധീനം ചെലുത്തി. സഹൃദയർക്ക് പ്രിയങ്കരമായ ഒരു വിശ്വസാഹിത്യരൂപം രാമായണത്തിനുണ്ടെന്നതാണ് ഞാൻ രാമായണത്തെ സ്നേഹിക്കാൻ കാരണം. മതപരമോ ആധ്യാത്മികമോ ആയ മൂല്യത്തേക്കാൾ സാഹിത്യപരവും ഭാഷാപരവുമായ മൂല്യമാണ് രാമായണത്തിന് ഞാൻ കൽപിക്കുന്നത്. ഭാഷാപരവും സാഹിത്യപരവുമായ പരിഗണനകളെ ഒഴിവാക്കി രാമായണത്തെ പൂജിക്കുന്നതും നിന്ദിക്കുന്നതും ഒരുപോലെ തെറ്റാണ്. ഭാര്യക്ക് കൊടുത്ത വാക്കു പാലിക്കാൻ മകനെ കാട്ടിലേക്ക് അയച്ച് നെഞ്ചുപൊരിയുന്ന അച്ഛനായ ദശരഥനിലും ഗർഭിണിയായ ഭാര്യയെ നാട്ടുകാരുടെ വാക്കുകൾ കേട്ട് കാട്ടിൽ തള്ളി ആദർശപരിവേഷത്തിെൻറ പുറംപകിട്ടിൽ കുറ്റബോധത്തിെൻറ പട്ടടയുമായി കഴിയേണ്ടിവന്ന ശ്രീരാമനിലും ജീവിത സംഘർഷങ്ങളുടെ പെരുങ്കളിയാട്ടം തന്നെയുണ്ട്. ഇൗ പെരുങ്കളിയാട്ട പ്രഭാവം തന്നെയാണ് രാമായണത്തെ വിശ്വസാഹിത്യത്തിലെ അനശ്വരസംഭവമാക്കി നിലനിർത്തുന്നത്.
രാമായണത്തെ ഒരു വിശ്വസാഹിത്യ സംഭവമായി കാണാനാകാത്തവർ അതിനെ അമ്പലങ്ങളിൽ പാരായണം ചെയ്യേണ്ട ഒരു മതഗ്രന്ഥമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. അതിനെ മറികടക്കാൻ രാമായണത്തിെൻറ സാഹിത്യപ്രഭാവം പരിഗണിച്ചുകൊണ്ടുള്ള സംവാദങ്ങൾ ജനങ്ങളിൽ പ്രസരിപ്പിക്കുകയാണ് വേണ്ടത്. ഇൗ എഴുത്തും അതിലേക്കുള്ള സംഭാവനയാണ്. രാമനെ സ്നേഹിക്കാൻ രാമനെ ദൈവമായി കാണണമെന്നില്ല. സാഹിത്യത്തെ സ്നേഹിക്കുന്ന സഹൃദയത്വം ഉണ്ടായാൽ മതി. നമ്മൾക്ക് സമുദായത്വവും വർഗീയത്വവും അല്ലാതെ സഹൃദയത്വം ഇല്ലാതായിരിക്കുന്നു. അതുകൊണ്ടാണ് രാമശബ്ദം ഭീകരശബ്ദമായി അനുഭവപ്പെടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്. ഇതിനു മാറ്റം വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.