തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്യദ്രോഹ കുറ്റത്തിന് നേതൃത്വം നൽകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു മുഖ്യമന്ത്രിയുടെ ഓഫിസും രാജ്യദ്രോഹ കുറ്റത്തിന് നേതൃത്വം നൽകുന്നതായി അറിവില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിെൻറയും ധൂർത്തിെൻറയും കൊള്ളയുടെയും ഉറവിടമായി സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയുടെ ഓഫിസും മാറിക്കഴിഞ്ഞു.
കഴിഞ്ഞ നാല് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ അഴിമതി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ ആദ്യം പുച്ഛിച്ച് തള്ളിയെങ്കിലും പിന്നീടത് തിരുത്തേണ്ടി വരുന്ന അവസ്ഥയാണ് സർക്കാറിേൻറത്.
ഇ.പി. ജയരാജെൻറ ബന്ധുനിയമനം, ബ്രൂവറി ഡിസ്റ്റ്ലറി, മാർക്ക്ദാനം, ട്രാൻസ്ഗ്രിഡ് പദ്ധതി, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, പമ്പയിലെ മണൽക്കടത്ത്, ഇ-മൊബിലിറ്റി തുടങ്ങിയ പദ്ധതികളിലെല്ലാം അഴിമതിയുടെ കറപുരണ്ടിരിക്കുന്നു. ഇതിൽ മിക്കതും മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണ്. ഐ.ടി വകുപ്പിലാണ് ഏറ്റവും കൂടുതൽ അഴിമതികൾ നടന്നത്. നിരവധി പിൻവാതിൽ നിയമനങ്ങളും ഈ വകുപ്പിലുണ്ടായി. ഇത് പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുന്നവരോടുള്ള വെല്ലുവിളിയാണ്. പി.എസ്.സി ലിസ്റ്റുകൾ പെട്ടെന്ന് അവസാനിപ്പിക്കാനാണ് സർക്കാറിന് താൽപ്പര്യം.
കോവിഡിന് മറവിലും ധാരാളം അഴിമതികളാണുണ്ടായത്. ബെവ്കോ ആപ്പ് കാരണം ബിവറേജസ് കോർപറേഷൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. കോർപറേഷൻ അടച്ചുപൂട്ടേണ്ട വക്കിലെത്തി.
കൺസൾട്ടൻസി രാജാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് യു.ഡി.എഫ് നിയമിച്ച അത്രയൊന്നും കൺസൾട്ടൻസികൾ കൊടുത്തിട്ടില്ലെന്നാണ്. എന്നാൽ, രണ്ട് സർക്കാറുകളും തമ്മിൽ താരതമ്യ പഠനം നടത്താൻ ചെന്നിത്തല വെല്ലുവിളിച്ചു. യു.ഡി.എഫ് നൽകിയതിെൻറ ഇരട്ടി കൺസൾട്ടൻസിയാണ് എൽ.ഡി.എഫ് നൽകിയത്. ഇതിൽ പലതും വഴിവിട്ട നിലയിലാണ്. ആവശ്യമുള്ളതിന് മാത്രം കൺസൾട്ടൻസി നൽകിയാൽ മതിയെന്നാണ് യു.ഡി.എഫ് നിലപാട്. അതിനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണം.
എൽ.ഡി.എഫ് സർക്കാറിെൻറ കാലത്താണ് ഏറ്റവും കൂടുതൽ കൺസൾട്ടൻസികളെ നിയമിച്ചത്. അതിന് മറവിൽ നിരവധി അഴിമതിയും അനധികൃത നിയമനങ്ങളുമാണ് നടന്നത്.
2017 മുതൽ സർക്കാർ ശബരിമല വിമാനത്താവളം സംബന്ധിച്ച ആലോചനയിലാണ്. സ്ഥലം പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷെ, അതിന് മുേമ്പ അമേരിക്കൻ കമ്പനിയായ ലൂയിസ് ബെർഗറിന് കൺസൾട്ടൻസി നൽകിക്കഴിഞ്ഞു. 4.6 കോടി രൂപയാണ് ഇതിന് നിശ്ചയിച്ചത്. സ്ഥലം തീരുമാനിക്കാതെ എങ്ങനെയാണ് കൺസൾട്ടൻസിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ധാരാളം അഴിമതിക്കേസിൽ ഉൾപ്പെട്ട കമ്പനിയാണിത്. ഇവർക്കെതിരെ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്.
പൊതുമരാമത്ത് റോഡുകളുടെ വിശദപദ്ധതി രേഖ തയാറാക്കാൻ പോലും അമേരിക്കൻ കമ്പനിയെയാണ് കൺസൾട്ടൻസി ഏൽപ്പിച്ചിരിക്കുന്നത്. ഇത്തരം നടപടി കേരളത്തിലെ ഉദ്യോഗസ്ഥരുടെ മനോനില തകർക്കും. കേരളത്തിലെ മിടുക്കരായ ഉദ്യോഗസ്ഥരെ അവഗണിക്കുകയാണ് സർക്കാർ. എന്തിനും കൺസൾട്ടൻസിയെന്ന നിലപാട് ദൂരൂഹമാണ്.
മുഖ്യമന്ത്രിയുടെ ഓഫിസും അദ്ദേഹത്തിെൻറ വകുപ്പുകളുമായും ബന്ധപ്പെട്ട് ദിവസവും നിരവധി അഴിമതികളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് സി.ബി.ഐ അന്വേഷണത്തിന് തയാറാകണം. സർക്കാറിനെതിരെ സമരം ശക്തിപ്പെടുത്താനാണ് യു.ഡി.എഫ് തീരുമാനം. ആഗസ്റ്റ് മൂന്നിനും പത്തിനും സ്പീക്ക്അപ് കേരള എന്ന പേരിൽ ജനപ്രതിനിധികളും നേതാക്കളും സത്യഗ്രഹമിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.