തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവിൽ പിണറായി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നാല് രൂപക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതൽ 14 രൂപ നിരക്കിലാണ് ഇപ്പോൾ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളിൽനിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും പറഞ്ഞ അദ്ദേഹം റെഗുലേറ്ററി കമീഷനും സർക്കാറും ചേർന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു. കുറഞ്ഞ നിരക്കില്‍ ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയുടെ ദീര്‍ഘകാല കരാര്‍ റദ്ദാക്കി പകരം അതിന്റെ ഇരട്ടിയിലേറെ തുകക്ക് വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും വില വർധനക്കും കാരണം. വൈദ്യുത ഉൽപാദക കമ്പനികളുമായി ചേര്‍ന്നുള്ള കള്ളക്കളികളാണ് ഇതിന് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.
‘25 വര്‍ഷത്തേക്കുള്ള കരാറായിരുന്നു 2016ല്‍ ആര്യാടന്‍ മുഹമ്മദ് ഒപ്പിട്ടത്. 465 മെഗാവാട്ടിന്റെ നാലു കരാറുകള്‍ സര്‍ക്കാര്‍ 2023ല്‍ റദ്ദാക്കി. നിസ്സാരകാര്യം പറഞ്ഞാണ് റെഗുലേറ്ററി കമീഷന്‍ കരാര്‍ റദ്ദാക്കിയത്. വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറി വിത്സണ്‍, സി.പി.എമ്മിന്റെ ഓഫിസേഴ്‌സ് സംഘടനയുടെ ജനറല്‍ സെക്രട്ടറി പ്രദീപ് എന്നിവരാണ് റെഗുലേറ്ററി കമ്മിറ്റിയിലെ അംഗങ്ങള്‍. ഈ റെഗുലേറ്ററി കമ്മിറ്റിയാണ് തീരുമാനം എടുത്തത്’ -ചെന്നിത്തല പറഞ്ഞു.
അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വൈദ്യുതി നിരക്ക് വർധന വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനത്തിന് കനത്ത ആഘാതമാകും. യൂനിറ്റിന് 16 പൈസയാണ് കൂട്ടിയത്. വർധന വ്യാഴാഴ്ചമുതൽ പ്രാബല്യത്തിലായി. അടുത്ത വർഷം ഏപ്രിലിൽ യൂനിറ്റിന് 12 പൈസയുടെ വർധനവും റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചു. ഫിക്സഡ് നിരക്കും കൂട്ടി. 2019ന് ശേഷം അഞ്ചാംതവണയാണ് നിരക്ക് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.