'ലീഡർ' തർക്കം: തൃക്കാക്കര വിജയത്തിന്‍റെ മഹിമ കളയാൻ ആരും മുന്നോട്ടുവരാൻ പാടില്ല -ചെന്നിത്തല

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വൻ വിജയത്തിനുശേഷം വി.ഡി. സതീശന് 'ലീഡർ' എന്ന് വിശേഷണം നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫും കോൺഗ്രസും ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യു.ഡി.എഫും കോൺഗ്രസും ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണ്. ആ വിജയത്തിന്‍റെ മഹിമ കളയാൻ ആരും മുന്നോട്ടുവരാൻ പാടില്ല -അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് പ്രവർത്തകർ സ്ഥാപിച്ച ഫ്ലക്സ്​ ബോർഡുകളിൽ 'ലീഡർ' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതോടെ വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തി. തുടർന്ന്, 'ഞാന്‍ ലീഡറല്ല. കേരളത്തില്‍ കോൺഗ്രസിന്​ ഒരേയൊരു ലീഡറേയുള്ളൂ, അത് കെ. കരുണാകരനാണ്. മറ്റുള്ളതൊക്കെ പ്രവര്‍ത്തകര്‍ അവരുടെ ആവേശത്തില്‍ ചെയ്യുന്നതാണ്​' എന്ന് പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ​ പ്രതികരിച്ചിരുന്നു.

ക്യാപ്റ്റന്‍ വിളിയും ലീഡര്‍ വിളിയും കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ലെന്നും അതിനുള്ള തിരിച്ചറിവ് തനിക്കുണ്ടെന്നും, തന്‍റെ ചിത്രം മാത്രം ഉൾപ്പെടുത്തി എവിടെയെങ്കിലും ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഉടൻ നീക്കാൻ ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞിരുന്നു.

Tags:    
News Summary - ramesh chennithala comment about leader controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.