തിരുവനന്തപുരം: വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പിണറായി വിജയന്റെ പൊലീസെന്ന് രമേശ് ചെന്നിത്തല. എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷാ തട്ടിപ്പും വെട്ടിപ്പും പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ അതേ പാതയിലൂടെയാണ് പിണറായി വിജയൻ സർക്കാരും സഞ്ചരിക്കുന്നത്. ഇത്രത്തോളം ആഭ്യന്തര വകുപ്പ് തരം താഴരുത്. പരീക്ഷ എഴുതാതെ പാസായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഗുതുതരമായ തെറ്റിനെതിരെ നടപടിയെടുക്കാതെ തട്ടിപ്പും കണ്ടു പിടിച്ച് പൊതു സമൂഹത്തെയറിയിച്ച മാധ്യമ പ്രവർത്തകയുടെ പേരിൽ കേസെടുത്ത നടപടി അംഗീകരിക്കാൻ കഴിയില്ല. പൊലീസ്, സർക്കാരിൻ്റെയും എസ്.എഫ്.ഐ യുടെയും ചട്ടുകമായി മാറരുത്
അഴിമതിക്കാരെയും കൊള്ള നടത്തുന്നവരെയും ന്യായീകരിക്കാൻ വേണ്ടിമാത്രം വാ തുറക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് പതിവു തെറ്റിക്കാതെ പരീക്ഷാ തട്ടിപ്പുകാരെയും ന്യായീകരിക്കാനെത്തിയത് എത്ര മാത്രം തരംതാണ നടപടിയാണ്. മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തതിനെ ന്യായീകരിക്കുന്ന ഗോവിന്ദന്റെ ശൈലി സംഘ പരിവാർ ശൈലിയോട് ചേർന്നു നിൽക്കുന്നതാണ്.
തെറ്റുകൾ തിരുത്തി പോകുന്നതിനു പകരം തെറ്റിനെ മറികടക്കുവാൻ ഗുരുതരമായ തെറ്റുകളിലേക്ക് സർക്കാരും സി. പി.എം നീങ്ങുകയാണ്. മാധ്യമ പ്രവർത്തകർക്കെതിരെ കേസ്സെടുത്ത നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്. വാർത്ത പൊതു സമൂഹത്തിൽ കൊണ്ട് വന്ന മാധ്യമ പ്രവർത്തകക്കെതിരെ കേസ് എടുത്ത സംഭവം സേനക്ക് തന്നെ അപമാനകരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.