കൊച്ചി: ഇരട്ടവോട്ട് തടയാനുള്ള നാലു നിർദേശങ്ങൾ ഹൈകോടതിയിൽ സമർപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നിലധികം വോട്ടുള്ളവർ വോട്ട് ചെയ്യുന്നത് എവിടെയെന്ന് വ്യക്തമാക്കണം, ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ് ലോഡ് ചെയ്യണം, സോഫ്റ്റ് വെയർ സഹായത്തോടെ ഫോട്ടകൾ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നൽകണം എന്നീ നിർദേശങ്ങളാണ് സത്യവാങ്മൂലത്തിൽ കോടതി മുമ്പാകെ സമർപ്പിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിൽ ഇരട്ട വോട്ടുണ്ടെങ്കിലും ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിരുന്നു. ഒന്നിലേറെ പട്ടികയിൽ പേരുള്ളവരെ ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ. സമാധാനപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ പോളിങ് ബൂത്തുകളിൽ മതിയായ സംസ്ഥാന, കേന്ദ്ര സേനകളുടെ സേവനം ഉറപ്പുവരുത്തണം.
യുദ്ധകാലാടിസ്ഥാനത്തിൽ ഇതിന് നടപടികൾ സ്വീകരിക്കണമെന്നും പരാതിക്കിടയില്ലാത്ത വിധം നടപ്പാക്കണമെന്നും നിർദേശിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, കമീഷനോട് കൂടുതൽ വിശദീകരണവും തേടിയിരുന്നു. സംസ്ഥാനത്തെ വോട്ടർപട്ടികയിൽ വ്യാജമായി പേരുകൾ ചേർത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.