തിരുവനന്തപുരം: ലൈംഗിക വിവാദത്തില്‍ കുടുങ്ങി എ.കെ.ശശീന്ദ്രന്‍ മന്ത്രിസഭയില്‍ നിന്ന് രാജി വച്ചത് കൊണ്ട് മാത്രം മന്ത്രിസഭയുടെ നാണക്കേട് മാറുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ് പത്ത് മാസത്തിനിടയില്‍ രണ്ട് മന്ത്രിമാര്‍ക്കാണ് രാജിവെക്കേക്കേണ്ടി വന്നത്. ബന്ധു നിയമന അഴിമതിയില്‍ മുങ്ങിയാണ് വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന് ആദ്യം രാജി വെക്കേണ്ടി വന്നത്. ലൈംഗിക അപവാദത്തില്‍ കുരുങ്ങി ഗതാഗത മന്ത്രി ശശീന്ദ്രനും ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. അടിക്കടി മോശം അവസ്ഥയില്‍ മന്ത്രിമാര്‍ക്ക് ഇങ്ങനെ രാജിവെക്കേണ്ടി വരുന്നത് ഈ സര്‍ക്കാരിന്റെ പൊതു സ്വഭാവത്തെയാണ് കാണിക്കുന്നത്.
ഇടതു സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലെന്ന് ഒന്നു കൂടി തെളിഞ്ഞിരിക്കുകയാണ്. സ്ത്രീ സുരക്ഷയെപ്പറ്റി മുതലക്കണ്ണീരൊഴുക്കി അധികാരത്തിലേറിയവരുടെ ഭരണത്തിന്‍ കീഴിലാണ് ഇതൊക്കെ നടക്കുന്നത്. ഒരു വശത്ത് സ്ത്രീപീഡനക്കേസുകള്‍ പൊലീസ് തുടര്‍ച്ചയായി അട്ടിമറിക്കുന്നു. മറുവശത്ത് മന്ത്രി തന്നെ ലൈഗികാപവാദത്തില്‍ പെടുന്നു. മന്ത്രി എന്നല്ല ആരും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ശശീന്ദ്രന്‍ ചെയ്തതായി ആരോപിക്കപ്പെടുന്നത്. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആരോപണം ഉയര്‍ന്ന ഉടന്‍ ശരിയായ അന്വേഷണം നടത്തി ശശീന്ദ്രന്‍ കുറ്റക്കാരനാണെങ്കില്‍ രാജി ആവശ്യപ്പെടണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീസംരക്ഷണത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് പൂര്‍ണ്ണ പരാജയമുണ്ടാക്കിയത് മന്ത്രിസഭക്ക് നേരത്തെ തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷ നേരെ ചൊവ്വേ നടത്താന്‍ കഴിയാതെ വിദ്യാഭ്യാസ മന്ത്രിയും നാണക്കേടുണ്ടാക്കിവച്ചു. ഇപ്പോള്‍ ലൈംഗികാപവാദം കൂടിയായപ്പോള്‍ നാണക്കേട് പൂര്‍ണ്ണമായിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.