ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. കൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിെൻറ മണ്ണഞ്ചേരിയിലെ വീടിന് സമീപപ്രദേശത്തുള്ളവരും പ്രവർത്തകരും മറ്റുമാണ് പിടിയിലായത്. സംഭവത്തിൽ നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്നാണ് അറിയുന്നത്. 10 പേർ വേറെയും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. കൊലപാതകത്തിന് ഇവർ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ബൈക്കുകളിൽ നാലെണ്ണം പൊലീസ് കണ്ടെടുത്തു. ഒരു ബൈക്കില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിൽ 12 പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതനുസരിച്ചാണ് അന്വേഷണം. എസ്.ഡി.പി.ഐയുടെ ജില്ലയിലെ ജനപ്രതിനിധികളടക്കമാണ് കസ്റ്റഡിയിലുള്ളത്. ആലപ്പുഴയിൽ സർവകക്ഷി യോഗത്തിനെത്തിയ എസ്.ഡി.പി.ഐ മണ്ണഞ്ചേരി പഞ്ചായത്ത് അംഗം നവാസ് നൈനയെയും കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്തശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.
ഷാനെ സ്കൂട്ടറിൽ പോകുേമ്പാൾ കാറിടിച്ച് വീഴ്ത്തി ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഞായറാഴ്ച പുലർച്ച രഞ്ജിത് ശ്രീനിവാസനെ ആറ് ബൈക്കിൽ എത്തിയവർ കൊലപ്പെടുത്തിയത്.
പൊന്നാട് പള്ളിമുക്ക് പോസ്റ്റ് ഓഫിസിനുസമീപം ഒരു വീടിന് മുന്നിലെ പറമ്പിൽ ഉപേക്ഷിച്ചനിലയിലാണ് ഒരു ബൈക്ക് കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണം അകലെയല്ലാതെയും കണ്ടു. ഷാനിെൻറ വീട്ടിൽനിന്ന് കേവലം 200 മീറ്റർ സമീപമാണിത്. ഒരു ബൈക്ക് ആലപ്പുഴ ടൗൺ പ്രദേശത്തുനിന്നാണ് കിട്ടിയത്. തിങ്കളാഴ്ച രാത്രിയാണ് ബൈക്കുകൾ ശ്രദ്ധയിൽപെട്ടത്. രാത്രിതന്നെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇവ പരിശോധിച്ചു. തുടർന്ന് വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. ബൈക്കുകൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മണ്ണഞ്ചേരി കണ്ടത്തിൽ സുറുമി സുധീറിെൻറ ഉടമസ്ഥതയിലുള്ളതാണ് ഒരു ബൈക്ക്. ഇയാളിൽനിന്ന് ഒരു സുഹൃത്ത് ഇത് കൊണ്ടുപോയതായാണ് മൊഴി.
ഷാനിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ ഉൾപ്പെട്ടതായാണ് െപാലീസ് നിഗമനം. ഇവരിൽ രണ്ട് പ്രതികളെ ആലപ്പുഴയിലെ ആർ.എസ്.എസ് കാര്യാലയത്തിൽനിന്ന് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ശേഷിച്ച പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.