രഞ്ജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികളെ കോടതിയിൽ ഹാജരാക്കി

മാവേലിക്കര: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ മുനിസിപ്പൽ ഓഫിസ് വാർഡിൽ കുന്നുംപുറത്ത് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ (41) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 15 പ്രതികളെ വിചാരണ നടക്കുന്ന മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കി.

എറണാകുളം ജില്ല ജയിലിലും എറണാകുളം, ആലുവ സബ്ജയിലുകളിലുമായി കഴിയുന്ന പ്രതികളെ കുറ്റപത്രം നേരിട്ടു വായിച്ചുകേൾപ്പിക്കാൻ ജഡ്ജി വി.ജി. ശ്രീദേവി ജയിൽ സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് തിരിച്ചടി ഉണ്ടാകുമ്പോൾ കൊല ചെയ്യപ്പെടേണ്ടവരുടെ പട്ടിക ഉണ്ടാക്കിയ സംഘം രഞ്ജിത് ശ്രീനിവാസനെ ക്രൂരമായ കൊലപ്പെടുത്തിയെന്നാണ് കേസ്.

2021 ഡിസംബർ 18ന് രാത്രിയിൽ മണ്ണഞ്ചേരി, ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം എന്നിടങ്ങളിലായി പോപുലർ ഫ്രണ്ടുകാരായ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും രജ്ഞിത്ത് ശ്രീനിവാസ് വീട്ടിൽ ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മൂന്നാം പ്രതി അനൂപിന്‍റെ നേതൃത്വത്തിൽ വീടിന് മുന്നിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ ആലപ്പുഴ നഗരത്തിലെ ഓഫിസിലും മണ്ണഞ്ചേരിയിലെ പ്രതികൾ വാടകക്കെട്ടിടത്തിലും ഒത്തുകൂടി അവസാന മുന്നൊരുക്കം നടത്തി.

ശേഷം ആറു വാഹനത്തിലായി മഴു, ഹാമർ, കൊടുവാൾ, വാൾ, കമ്പിവടി തുടങ്ങിയ ആയുധങ്ങളുമായി 12 പ്രതികൾ രജ്ഞിത്തിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ഹാമർകൊണ്ട് അടിച്ചും വാളുകൾ കൊണ്ടും മഴുകൊണ്ടും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നും തടയാനെത്തിയ ഭാര്യ ലിഷയെയും മാതാവ് വിനോദിനിയെയും ഉപദ്രവിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.

2021 ഡിസംബർ 19ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരായി. അഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ. ശിൽപ ശിവന്‍, അഡ്വ. ഹരീഷ് കാട്ടൂർ എന്നിവരും പ്രോസിക്യൂഷൻ പട്ടികയിലുണ്ട്.

Tags:    
News Summary - Ranjith Srinivasan murder: 15 accused produced in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.