തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്ന് ബസുടമകൾ സമരം പിൻവലിച്ചു. ആവശ്യങ്ങൾ വിശദമായി കേട്ട മുഖ്യമന്ത്രി സാധ്യമാകും വേഗം പരിഗണിക്കാമെന്നും പരിഹാരമുണ്ടാക്കാമെന്നും നൽകിയ ഉറപ്പാണ് നാലുദിവസം പിന്നിട്ട സമരം അവസാനിപ്പിക്കുന്നതിന് വഴി തുറന്നത്. 30ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥി യാത്രാനിരക്ക് ആറ് രൂപയാക്കുക, വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ടുവെച്ചത്. മിനിമം ചാർജ് വർധന തത്ത്വത്തിൽ അംഗീകരിച്ചതാണ്. മറ്റ് വിഷയങ്ങളിലാണ് തർക്കമുള്ളതെന്നും ഇക്കാര്യങ്ങളിലും അനുകൂല തീരുമാനമുണ്ടാകുമെന്നും ചർച്ചക്ക് ശേഷം ബസുടമകൾ പറഞ്ഞു.
മിനിമം ചാർജ് 10 രൂപ വർധിപ്പിക്കാനാണ് നേരേത്തയുള്ള ധാരണ. ഇക്കാര്യത്തിൽ മാറ്റത്തിന് സാധ്യതയില്ലെന്നാണ് സൂചന. വിദ്യാർഥി യാത്രനിരക്ക് മിനിമം ചാർജിന്‍റെ 50 ശതമാനം വേണമെന്ന് ബസുടമകൾ ശാഠ്യം പിടിക്കുന്നുണ്ടെങ്കിലും അത്രയും കിട്ടാൻ സാധ്യതയില്ല. മൂന്ന് രൂപ ആയേക്കുമെന്നാണ് വിവരം.
വിദ്യാർഥികളടക്കം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പോലെ ബസുടമകൾക്കും പ്രയാസങ്ങളുണ്ടെന്നും ബസ് വ്യവസായം നേരിടുന്ന കെടുതികൾ സർക്കാറിന് നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന് ചില പരിമിതികളുണ്ട്. ഈ പരിമിതിക്കുള്ളിൽ നിന്ന് സഹായിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണ്. ഈ വാക്ക് മുഖവിലക്കെടുത്ത് വേണമെങ്കിൽ സമരം അവസാനിപ്പിക്കാം, അല്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആന്‍റണി രാജുവും ചർച്ചയിൽ പങ്കെടുത്തു. പിന്നാലെ ബസുടമകൾ യോഗം ചേർന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസം രേഖപ്പെടുത്തി സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.